കണ്ണൂരിന്റെ മലയോര ഭംഗി ആവോളം നുകരാം മൺസൂൺ പാക്കേജ് ഒരുക്കി കെ.എസ്.ആർ.ടി.സി

കണ്ണൂർ:ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി വെള്ളച്ചാട്ടവും മലോയോരക്കാഴ്ചകളും ആസ്വദിക്കാൻ പ്രത്യേക പാക്കേജ് ഒരുക്കി കെ.എസ്.ആർ.ടി.സി. മൺസൂൺ പാക്കേജ്. രാവിലെ 6.30ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് രാത്രി 9ന് യാത്ര സമാപിക്കും. ഒരാൾക്ക് 950 രൂപയാണ് യാത്രാനിരക്ക്.

ഏഴരക്കുണ്ട്, പാലക്കയം തട്ട്, പൈതൽ മല എന്നിവ കേന്ദ്രീകരിച്ചാണ് ഈ പാക്കേജ് . പയ്യാമ്പലം ബീച്ച്, ബേബി ബീച്ച്, പയ്യാമ്പലം പ്ലാനറ്റേറിയം, വാച്ച് ടവർ, കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ട, അറക്കൽ മ്യൂസിയം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം തുരുത്ത്, ചൂട്ടാട് ബീച്ച്, മാട്ടൂൽ പെറ്റ് സ്റ്റേഷൻ, വയലപ്ര ഫ്ലോട്ടിംഗ് ബ്രിജ്, വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക്, പഴശ്ശി ഡാം എന്നിവ ഉൾക്കൊള്ളിച്ച ടൂറിസം സർക്യൂട്ടിനു പിന്നാലെയാണ് മലയോരക്കാഴ്ചകളും വെള്ളച്ചാട്ടവും ബഡജ്റ്റ് ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലേക്ക് വൺ ഡേ, ടൂ ‍ഡേ ടൂർ പാക്കേജുകളാണുള്ളത്. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുന്ന വിപുലമായ ടൂർ പാക്കേജാണ് ജില്ലയിൽ അധികൃതർ ഒരുക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പാക്കേജ് സംസ്ഥാനത്തെ എല്ലാ ഡിപ്പോ അധികൃതർക്കും കൈമാറിയിട്ടുണ്ട്.

ഏഴുമാസം 45 ട്രിപ്പുകൾ

ഏഴ് മാസം പിന്നിട്ടപ്പോൾ ജില്ലയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിൽ ഇതുവരെ നടത്തിയത് 45 ട്രിപ്പുകളാണ്.ഏകദേശം 2500 ഓളം സഞ്ചാരികൾ ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി. ആദ്യമായി മലപ്പുറം– നിലമ്പൂർ ഡിപ്പോകളിൽ നിന്ന് എത്തിയ ബഡ്ജറ്റ് ടൂറിസം സർവീസിന്റെ ചുവട് പിടിച്ചാണ് കൂടുതൽ സർവീസ് ആരംഭിച്ചത്. തുടർന്ന് കൊല്ലം, കോഴിക്കോട്, വയനാട്, തൃശൂർ എന്നീ ജില്ലകളിൽ നിന്നും സഞ്ചാരികളുമായി കെ.എസ്.ആർ.ടി.സി ബസുകളെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത്. വനിതാ സഞ്ചാരികൾ ഉൾപ്പെടെയുള്ള സംഘങ്ങൾ ധാരാളമായി കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം പാക്കേജ് തിരഞ്ഞെടുത്തിട്ടുണ്ട്.

നാലമ്പല തീർത്ഥാടന 17ന്

നാലമ്പല തീർത്ഥാടന യാത്ര 17ന് തുടങ്ങും .നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ ഭരത സ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ സ്വാമി ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി തീർത്ഥയാത്ര ഒരുക്കിയിട്ടുള്ളത്. 17,19, 26 തീയതികളിലാണ് യാത്ര. കണ്ണൂർ ഡിപ്പോയിൽ നിന്ന് രാവിലെ ആറരക്ക് പുറപ്പെട്ട് വൈകിട്ട് 4ന് തിരിച്ചെത്തും. നിരക്ക് ആളൊന്നിന് 490 രൂപ. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ തീർഥാടന കേന്ദ്രങ്ങളും ഉൾക്കൊള്ളിച്ചുള്ള പാക്കേജും ഒരുക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top