തിരുവനന്തപുരം: എം.ടി. രമേശ്, ശോഭ സുരേന്ദ്രൻ എന്നിവരെ ജനറൽ സെക്രട്ടറിമാരാക്കിയും ഷോൺ ജോർജ്, മുൻ ഡി.ജി.പി ആർ. ശ്രീലേഖ എന്നിവരെ വൈസ് പ്രസിഡന്റുമാരാക്കിയും ബി.ജെ.പി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എസ്. സുരേഷ് (തിരുവനന്തപുരം), അനൂപ് ആന്റണി ജോസഫ് (പത്തനംതിട്ട) എന്നിവരാണ് മറ്റു ജനറൽ സെക്രട്ടറിമാർ.
രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായ ശേഷമുള്ള ആദ്യ പുനഃസംഘടനയാണിത്. കേരള സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ രാത്രി എത്തിയതിന് മണിക്കൂറുകൾ മുമ്പാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പത്ത് വൈസ് പ്രസിഡന്റുമാർ, നാല് ജനറൽ സെക്രട്ടറിമാർ, പത്ത് സെക്രട്ടറിമാർ, നാല് വക്താക്കൾ, ഒരു ട്രഷറർ എന്നിങ്ങനെയാണ് പട്ടികയിൽ. അഞ്ച് മേഖല അദ്ധ്യക്ഷൻമാരെയും നിയമിച്ചു. അതേസമയം, മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോട് ആഭിമുഖ്യമുള്ള പല നേതാക്കളെയും പരിഗണിച്ചില്ലെന്ന് ആക്ഷേപമുയർന്നു.
എം.ടി. രമേശിനെ ജനറൽ സെക്രട്ടറിയായി നിലനിറുത്തുകയായിരുന്നു. വൈസ് പ്രസിഡന്റായിരുന്നു ശോഭ സുരേന്ദ്രൻ. ജനറൽ സെക്രട്ടറിമാരായിരുന്ന സി. കൃഷ്ണകുമാറിനെയും പി. സുധീറിനെയും വൈസ് പ്രസിഡന്റുമാരാക്കി. ഇ. കൃഷ്ണദാസ് ട്രഷറർ സ്ഥാനത്ത് തുടരും. അനൂപ് ആന്റണി ജോസഫ്, ഷോൺ ജോർജ്, ജിജി ജോസഫ് (സെക്രട്ടറി) അടക്കം ക്രൈസ്തവ വിഭാഗത്തിനും പരിഗണന നൽകി.
പ്രമുഖനേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, നാരായണൻനമ്പൂതിരി, സി. രഘുനാഥ്, ജെ.ആർ. പത്മകുമാർ, പി.ആർ. ശിവശങ്കരൻ, കെ.വി.എസ്. ഹരിദാസ് തുടങ്ങിയവർ ഒഴിവാക്കപ്പെട്ടു. സോഷ്യൽ മീഡിയ കൺവീനറായി അഭിജിത് ആർ. നായരെയും മുഖ്യവക്താവായി ടി.പി. ജയചന്ദ്രനേയും മീഡിയ കൺവീനറായി സന്ദീപ് സോമനാഥിനേയും നിയമിച്ചു. സെൽ കോ-ഓർഡിനേറ്രർ വി.കെ.സജീവൻ. ജയരാജ് കൈമളാണ് ഓഫീസ് സെക്രട്ടറി.
ബി.ജെ.പിയ്‌ക്ക് 10 വൈസ് പ്രസിഡന്റുമാർ
തിരുവനന്തപുരം: പുനഃസംഘടനയിൽ 10 വൈസ് പ്രസിഡന്റുമാരെയും 10 സെക്രട്ടറിമാരെയും ബി.ജെ.പി പ്രഖ്യാപിച്ചു.
വൈസ് പ്രസിഡന്റുമാർ
ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം), സി.സദാനന്ദൻ (കണ്ണൂർ),അഡ്വ.പി.സുധീർ(തിരു.),സി.കൃഷ്ണകുമാർ (പാലക്കാട്), ബി.ഗോപാലകൃഷ്ണൻ(തൃശൂർ),ഡോ.അബ്ദുൾസലാം(തിരു.),ആർ.ശ്രീലേഖ(തിരു.),കെ.സോമൻ(ആലപ്പുഴ),കെ.കെ.അനീഷ്കുമാർ(തൃശൂർ), ഷോൺ ജോർജ്(കോട്ടയം).
സെക്രട്ടറിമാർ
അശോകൻ കുളനട(പത്തനംതിട്ട),കെ.രഞ്ജിത്ത്(കണ്ണൂർ),രേണു സുരേഷ്(എറണാകുളം),അഡ്വ.വി.വി.രാജേഷ്(തിരു.), അഡ്വ. പന്തളം പ്രതാപൻ (ആലപ്പുഴ), ജിജി ജോസഫ്(എറണാകുളം),എം.വി. ഗോപകുമാർ (ആലപ്പുഴ),പൂന്തുറ ശ്രീകുമാർ (തിരു.), പി. ശ്യാംരാജ് (ഇടുക്കി), എം.പി.അഞ്ജന രഞ്ജിത്ത്(തിരു.).
മേഖല അദ്ധ്യക്ഷൻമാർ
കെ.ശ്രീകാന്ത്-കോഴിക്കോട്, വി.ഉണ്ണിക്കൃഷ്ണൻ-പാലക്കാട്, എ.നാഗേഷ്-എറണാകുളം,എൻ.ഹരി-ആലപ്പുഴ,
ബി.ബി.ഗോപകുമാർ-തിരുവനന്തപുരം.
ബി.ജെ.പി.സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവ്വഹിക്കും. ഓഫീസിലെത്തി പതാക ഉയർത്തുന്ന അമിത് ഷാ, ഓഫീസിന് മുന്നിൽ വൃക്ഷത്തൈ നടും. തുടർന്ന് നാട മുറിച്ച് കെട്ടിടത്തിൽ പ്രവേശിച്ച് വിളക്കു കൊളുത്തി ഓഫീസ് ഉദ്ഘാടനം നിർവഹിക്കും. ഓഫീസിന്റെ നടുത്തളത്തിൽ സ്ഥാപിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ.ജി മാരാരുടെ അർദ്ധകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യും.
പതിനൊന്നരയ്ക്ക് പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന വാർഡുതല നേതൃസംഗമം അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അയ്യായിരം വാർഡ് സമിതികളിലെ 25,000 പേരാണ് നേതൃസംഗമത്തിലെത്തുന്നത്. മറ്റു പത്ത് റവന്യൂ ജില്ലകളിലെ അഞ്ചംഗ വാർഡ് സമിതി അംഗങ്ങളും പഞ്ചായത്ത് മുതൽ ജില്ലാ തലം വരെയുള്ള നേതാക്കളും ഉൾപ്പെടെ ഒന്നര ലക്ഷത്തോളം പേർ അതാതു പഞ്ചായത്ത്, ഏരിയാ തലങ്ങളിൽ വെർച്വലായി പങ്കെടുക്കും.. ഉച്ചയ്ക്ക് ശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അമിത് ഷാ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യും. നാലു മണിയോടെ കണ്ണൂരിലേക്ക് തിരിക്കുന്ന ആഭ്യന്തരമന്ത്രി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഡൽഹിക്ക് മടങ്ങും.
