സ്കൂൾ സമയമാറ്റത്തിൽ പുനരാലോചനയില്ല : മന്ത്രി വി.ശിവൻകുട്ടി

ചർച്ച ആശയക്കുഴപ്പം ഒഴിവാക്കാൻ

തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റത്തിൽ പുനരാലോചനയില്ലെന്ന് ആവർത്തിച്ച് മന്ത്രി വി.ശിവൻകുട്ടി. ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനാണ് ചർച്ച നടത്തുന്നത്. സമസ്തയുമായി മാത്രമല്ല, സംശയമുള്ള എല്ലാവരേയും ചർച്ചയ്ക്ക് വിളിച്ച് നിയമ പ്രശ്നങ്ങൾ വ്യക്തമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതു വിദ്യാഭ്യാസവകുപ്പ് രാജ്യത്ത് രണ്ടാം സ്ഥാനത്തെത്തിയതിൽ സമസ്തയുടെയും പിന്തുണയുണ്ടെന്ന് അഭിനന്ദിച്ച മന്ത്രി, അതിനിയും ആവശ്യമാണെന്നും പറഞ്ഞു.
മുഖ്യമന്ത്രി മടങ്ങിവന്ന ശേഷം ചർച്ച ആലോചിക്കും. ഹൈക്കോടതി വിധിക്കു പുറമെ, വിദ്യാഭ്യാസ അവകാശ നിയമവും അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ കലണ്ടർ. വിദ്യാഭ്യാസ നിയമങ്ങൾ മാറ്റണമെങ്കിൽ നിയമസഭയിൽ ഭേദഗതി വരുത്തണം. കോടതിവിധിയിലും വിദ്യാഭ്യാസ നിയമങ്ങളിലും ചർച്ചയില്ല.

.ഹൈസ്‌കൂൾ ക്ലാസുകളിലാണ് സമയമാറ്റമുള്ളത്. എൽ.പിക്ക് അധിക പ്രവൃത്തി ദിനമില്ല. യു.പിക്ക് രണ്ട് ശനിയാഴ്ചകൾ മാത്രമാണ് അധിക പ്രവൃത്തിദിനം. ഹൈസ്‌കൂളിന് 38 വെള്ളിയാഴ്ചകൾ ഒഴിവാക്കിയാണ് അര മണിക്കൂർ വീതം വർദ്ധിപ്പിച്ചതും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയതും.. സർക്കാർ എന്തു കാര്യം പറഞ്ഞാലും ദുഷ്ടലാക്കോടെ കാണുന്നത് ശരിയല്ല. കാര്യങ്ങൾ മനസിലാക്കാതെ സമരം പ്രഖ്യാപിക്കുന്നത് അംഗീകരിക്കാനാവില്ല. താൻ ആരെയും വെല്ലുവിളിച്ചിട്ടില്ല. കഴിഞ്ഞ വർഷം ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ കലണ്ടറിനെതിരേ കോടതിയിൽ പോയത് കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും അദ്ധ്യാപക സംഘടനകളായിരുന്നു. യുഡിഎഫ് ഭരണകാലത്ത് ലബ്ബ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാവിലെയും വൈകിട്ടും അര മണിക്കൂർ വീതം സമയം കൂട്ടിയപ്പോൾ ഒരു വിവാദവുമുണ്ടായില്ല. ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കു പിന്നിലെ ലക്ഷ്യം സംശയാസ്പദമാണെന്നും മന്ത്രി പറഞ്ഞു.

പി.എം ശ്രീ”ക്ക് ബദൽ നീളുന്നു

ശമ്പളമില്ലാതെ എസ്.എസ്.കെ ജീവനക്കാർ

ആലപ്പുഴ: നയപരമായ പ്രശ്നങ്ങളിൽ ‘പി.എം ശ്രീ സ്കൂൾ പദ്ധതി” മുടങ്ങി നിൽക്കവേ സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഉൾപ്പെടെയുള്ള വിദ്യാഭ്യാസ പദ്ധതികൾക്കുള്ള സാമ്പത്തിക സഹായത്തിന് ബദൽ മാർഗമില്ലാതെ കേരളം. ദേശീയ വിദ്യാഭ്യാസ നയത്തെ എതിർക്കുന്നതിനാൽ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാൻ തയ്യാറാകാത്തതാണ് തിരിച്ചടിയായത്.

എസ്.എസ്.കെ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രവും 40ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. അദ്ധ്യാപകരുൾപ്പെടെയുള്ളവർക്ക് കഴിഞ്ഞ ഏപ്രിൽ മുതലുള്ള ശമ്പളം കുടിശികയാണ്. കേന്ദ്രത്തിൽ നിന്ന് ഈ വർഷം 513 കോടി ലഭിക്കേണ്ടതിനൊപ്പം കഴിഞ്ഞ വർഷത്തെ 153 കോടിയും കുടിശികയുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാർ,അദ്ധ്യാപകർ, ക്ലസ്റ്റർ കോ ഓർഡിനേറ്റർ തുടങ്ങി നാലായിരത്തോളം പേർ എസ്.എസ്.കെയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഡെപ്യൂട്ടേഷനിലെത്തിയ രണ്ടായിരത്തോളം അദ്ധ്യാപകർക്കും ശമ്പളം കിട്ടിയിട്ടില്ല. പി.എം ശ്രീ നടപ്പാക്കാത്തതിനാൽ തുക തരാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. ലോകബാങ്കിൽ നിന്നുള്ള വിദ്യാഭ്യാസ സഹായ പദ്ധതികളുടെ ചില ഫണ്ടുകൾ കൂടി ഉപയോഗപ്പെടുത്തിയായിരുന്നു ജീവനക്കാരുടെ ശമ്പളമുൾപ്പെടെ മാ‌ർച്ചു വരെ മുന്നോട്ട് കൊണ്ടുപോയത്. ഈ മാസവും ശമ്പളം ലഭിച്ചില്ലെങ്കിൽ ബി.ആർ.സികൾ കേന്ദ്രീകരിച്ച് സമരം ആരംഭിക്കാനാണ് എസ്.എസ്.കെ ജീവനക്കാരുടെ നീക്കം.

സുപ്രീംകോടതിയെ

സമീപിച്ചേക്കും

 പദ്ധതിയെ എതിർക്കുന്ന തമിഴ്നാടിന്റെ 4306 കോടി രൂപയും കേന്ദ്രം തടഞ്ഞിട്ടുണ്ട്

 കേന്ദ്ര നിലപാടിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തമിഴ്നാട് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം

 തമിഴ്നാടുമായി ചേർന്ന് ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനാണ് കേരളവും ആലോചിക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top