ആവനാഴിയിൽ എഴുത്തും അഭിഭാഷക വൃത്തിയും: രാഷ്‌ട്രീയത്തിൽ സസ്പെൻസ്

ന്യൂഡൽഹി: നാലു വർഷം കൊണ്ട് രാജ്‌ഭവനെ ഗോവക്കാരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റിയ ശേഷമാണ് ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പടിയിറങ്ങുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ 2019ൽ മിസോറാമിലും 2021ൽ ഗോവയിലും ഗവർണർ പദവിയിൽ നിയമിതനായ അദ്ദേഹം തിരിച്ചെത്തുന്നത് രാഷ്‌ട്രീയ ചർച്ചകളും സജീവമാക്കുന്നു.

രാജഭവനിൽ ഒതുങ്ങിക്കൂടുന്ന പതിവുകൾ വിട്ട് പ്രത്യേക ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ ‘ഗോവ സമ്പൂർണ യാത്ര’ ശ്രീധരൻ പിള്ളയെന്ന ഗവർണറെ വ്യത്യസ്‌തനാക്കി. ഗ്രാമങ്ങളും ചരിത്രമുറങ്ങുന്ന സ്ഥലങ്ങളും മതസ്ഥാപനങ്ങളുമൊക്കെ ചുറ്റിക്കണ്ട് സംസ്ഥാനത്തെ അടുത്തറിഞ്ഞു. യാത്രകളിൽ ജനങ്ങളോട് നേരിട്ട് സംവദിച്ചു. എച്ച്.ഐ.വി വൈറസ് ബാധിതരായ കുട്ടികളുടെ പരിപാടികൾക്ക് അടക്കം രാജ്ഭവൻ വേദിയായി. രാജ്ഭവൻ ലോക്‌ഭവനാക്കുകയായിരുന്നു ലക്ഷ്യമെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

ഗവർണർ പദവിയിലെ തിരക്കുകൾ അദ്ദേഹത്തിലെ എഴുത്തുകാരനെ തളർത്തിയില്ല. പുറത്തിറങ്ങിയത് 200ലേറെ പുസ്‌തകങ്ങൾ. കന്നഡ, തെലുങ്ക്, ആസാമീസ്, ഹിന്ദി, കൊങ്കണി, മറാത്തി, ഒഡിയ ഭാഷകളിൽ പരിഭാഷകളും. ഏറ്റവും ഒടുവിലിറങ്ങിയ അടിയന്തരാവസ്ഥയുടെ പിന്നാമ്പുറങ്ങൾ വിവരിക്കുന്ന രണ്ടു പുസ്‌തകങ്ങളുടെ റോയൽറ്റി ഉപയോഗിച്ച് ഗോവയിൽ അന്നദാന പദ്ധതി നടപ്പാക്കി. ഗോവയിൽ നിന്ന് തിരികെ വരുമ്പോൾ എഴുത്തിനൊപ്പം തന്നിലെ അഭിഭാഷകനും ശക്തനാകുമെന്ന് ശ്രീധരൻ പിള്ള സൂചിപ്പിക്കുന്നു. അഭിഭാഷകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ അദ്ദേഹം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്. ബി.ജെ.പിക്കാരനെങ്കിലും നിർണായക കേസുകളിൽ സ്‌പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായി അദ്ദേഹത്തിലെ അഭിഭാഷകനെ ഉപയോഗപ്പെടുത്താൻ എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ മടി കാണിച്ചില്ല.

ആലപ്പുഴ വെൺമണി സ്വദേശിയായ ശ്രീധരൻ പിള്ള എ.ബി.വി.പിയിലൂടെയാണ് രാഷ്‌ട്രീയത്തിലേക്ക് വന്നത്. പിന്നീട് കോഴിക്കോട് കേന്ദ്രമാക്കി ബി.ജെ.പി രാഷ്‌ട്രീയത്തിൽ സജീവം. 2003-2006 കാലത്ത് സംസ്ഥാന അദ്ധ്യക്ഷ പദവിയിൽ. 2018ൽ രണ്ടാമൂഴം. 2019ൽ മിസോറാമിന്റെ ഗവർണറായി ചുമതലയേറ്റ ശ്രീധരൻ പിള്ള രണ്ടു വർഷങ്ങൾക്കു ശേഷം ഗോവയിലെത്തി. അവിടെ നാലു വർഷത്തെ മികച്ച പ്രവർത്തനത്തിന് ശേഷം പടിയിറക്കം

അശോക് ഗജപതി രാജു ഗോവയിൽ ശ്രീധരൻപിള്ളയുടെ പിൻഗാമി

ന്യൂഡൽഹി: കാലാവധി പൂർത്തിയാക്കിയ പി.എസ്.ശ്രീധരൻ പിള്ളയുടെ പിൻഗാമിയായി ഗോവയിൽ ആന്ധ്രാ സ്വദേശിയും ടി.ഡി.പി നേതാവുമായ പുസപതി അശോക് ഗജപതി രാജു ഗവർണർ. ഹരിയാന ഗവർണറായി പ്രൊഫ. ആഷിം കുമാർ ഘോഷിനെയും ലഡാക് ലെഫ്റ്റനന്റ് ഗവർണറായി കവിന്ദർ ഗുപ്തയെയും നിയമിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി.

ശ്രീധരൻ പിള്ള ഗോവയിൽ നാലു വർഷം പൂർത്തിയാക്കിയ ദിവസമാണ് പിൻഗാമിയെ പ്രഖ്യാപിച്ചത്. 2021 ജൂലായിലാണ് ചുമതലയേറ്റത്. ബി.​ജെ.​പി​ ​കേ​ര​ള​ ​ഘ​ട​കം​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കെ 2019​ ​ഒ​ക്ടോ​ബ​റി​ൽ​ ​മി​സോ​റം​ ​ഗ​വ​ർ​ണ​റാ​യി​. അവിടെ രണ്ടു കൊല്ലം പ്രവർത്തിച്ചശേഷമാണ് ഗോവയിലെത്തിയത്.

പുതിയ ഗോവ ഗവർണർ അശോക് ഗജപതി രാജു ഒന്നാം മോദി സർക്കാരിൽ സിവിൽ വ്യോമയാന മന്ത്രിയായിരുന്നു. ആന്ധ്രയിലെ വിഴിയനഗരം പുസപതി രാജകുടുംബാംഗമാണ്. എൻ.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പിക്കുള്ള അംഗീകാരമായാണ് നിയമനം.

പശ്‌ചിമ ബംഗാൾ ബി.ജെ.പി മുൻ അദ്ധ്യക്ഷനാണ് ഹരിയാന ഗവർണർ പ്രൊഫ. ആഷിം കുമാർ ഘോഷ്. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചു. കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ മൂന്നാമത്തെ ലെഫ്. ഗവർണർ ആയി നിയമിതനായ കവിന്ദർ ഗുപ്‌ത ജമ്മു കശ്മീരിൽ നിന്നുള്ള ആർ.എസ്.എസ് പശ്‌ചാത്തലമുള്ള മുതിർന്ന ബി.ജെ.പി നേതാവാണ്. 2014ൽ ജമ്മുകാശ്‌മീരിലെ ബി.ജെ.പി-പി.ഡി.പി സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്നു. മൂന്നു തവണ ജമ്മു മേയർ ആയും പ്രവർത്തിച്ചു. നിലവിലെ ലെഫ്. ഗവർണർ ബി.ഡി. മിശ്രയുടെ രാജി രാഷ്‌ട്രപതി സ്വീകരിച്ചു.

സംതൃപ്‌തൻ:

ശ്രീധരൻ പിള്ള

ഗവർണർ പദവിയിൽ സമ്പൂർണ തൃപ്‌തനാണെന്ന് ശ്രീധരൻ പിള്ള കേരളകൗമുദിയോട് പറഞ്ഞു. ദേശീയ താത്‌പര്യം മുൻനിർത്തിയാണ് എന്നും താൻ പ്രവർത്തിച്ചിട്ടുള്ളത്. ഒരു ഘട്ടത്തിലും പാർട്ടിയിലെയോ, മറ്റെതെങ്കിലുമോ ഔദ്യോഗിക പദവികൾ ആവശ്യപ്പെട്ടിട്ടില്ല. പാർട്ടി തന്നത് എന്നും സ്വീകരിച്ചിട്ടേയുള്ളൂ. അതിലും തൃപ്‌‌തിയുണ്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top