രാമായണത്തിന്റെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം എത്തുകയാണ്. ദശരഥ പുത്രന്മാരായ ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെ ക്ഷേത്രങ്ങൾ ഒരേ ദിവസം സന്ദർശിക്കുന്നത് പുണ്യമായി കണക്കാക്കുന്ന നാലമ്പല തീർത്ഥാടനത്തിനായി ദാശരഥീ ക്ഷേത്രങ്ങൾ ഒരുങ്ങി. കർക്കടകം ഒന്നായ 17 മുതൽ ഓഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണവും നാലമ്പല തീർത്ഥാടനവും. കൊല്ലവർഷം 1200-ാമത്തെ കർക്കടകമാസമാണിതെന്ന പ്രത്യേകതയുമുണ്ട്.
പ്രധാന നാലമ്പല തീർത്ഥാടന കേന്ദ്രങ്ങൾ
തൃശ്ശൂർ-എറണാകുളം ജില്ലകൾ: പ്രമുഖമായ നാലമ്പല തീർത്ഥാടനം തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ നിന്നാണ് ആരംഭിക്കുന്നത്. തുടർന്ന് ഇരിങ്ങാലക്കുട കൂടൽമാണിക്യം ഭരതക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് തൃപ്രയാറിൽ തന്നെ അവസാനിക്കുന്നു. ഇതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കുറുമശേരിയിലെ മൂഴിക്കുളം ക്ഷേത്രം മാത്രമാണ് എറണാകുളം ജില്ലയിലുള്ളത്. മറ്റ് മൂന്ന് ക്ഷേത്രങ്ങളും തൃശൂർ ജില്ലയിലാണ്.
രാമമംഗലം നാലമ്പലങ്ങൾ: എറണാകുളം ജില്ലയിൽ പിറവത്തിനടുത്തുള്ള രാമമംഗലത്താണ് നാല് ദാശരഥീ ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ലക്ഷ്മണ സ്വാമി ക്ഷേത്രം, മാമ്മലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണിവ. 17ന് വൈകിട്ട് 6ന് മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രാങ്കണത്തിൽ വച്ച് പുണർതം തിരുനാൾ നാരായണ വർമ്മ തീർത്ഥാടനം ഉദ്ഘാടനം ചെയ്യും. മുൻ ഡി.ജി.പി. ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
രാമപുരം നാലമ്പലങ്ങൾ: കൂത്താട്ടുകുളത്തിന് സമീപമുള്ള രാമപുരത്ത് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നാല് ക്ഷേത്രങ്ങളുമുള്ളത്. രാമപുരത്തെ ശ്രീരാമസ്വാമിക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമിക്ഷേത്രം, മേതിരി ശത്രുഘ്ന സ്വാമിക്ഷേത്രം എന്നിവയാണ് നാലമ്പലങ്ങൾ. അമനകര ഭരതക്ഷേത്രത്തിൽ ദിവസവും അന്നദാനമുണ്ട്. നാല് ക്ഷേത്രങ്ങളിലും രാവിലെ 5 മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 5 മുതൽ 7:30 വരെയുമാണ് ദർശന സമയം.
തീർത്ഥാടകർക്കായി സൗകര്യങ്ങൾ
ക്ഷേത്രങ്ങളിൽ ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്.
പ്രത്യേക ഷെഡുകൾ, വരിയിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യം, കലാപരിപാടികൾ
ആരോഗ്യ, സന്നദ്ധ പ്രവർത്തകരും പൊലീസും സഹായങ്ങളുമായുണ്ടാകും. തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക സർവീസുകളും നടത്തും.
നാലമ്പല തീർത്ഥാടനത്തിനായി ഭക്തരെ വരവേൽക്കാൻ തൃപ്രയാർ, ഇരിങ്ങാലക്കുട, തിരുമൂഴിക്കുളം, പായമ്മൽ ക്ഷേത്രങ്ങൾ ഒരുങ്ങി. 17 ന് രാമായണമാസാരംഭത്തിൽ നാലമ്പല യാത്ര തുടങ്ങും. വിപുലമായ സൗകര്യങ്ങളാണ് ഇക്കുറി ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം: ചേറ്റുവ മണപ്പുറത്തിന്റെ മദ്ധ്യഭാഗത്തായി തീവ്രാനദീ തീരത്താണ് ക്ഷേത്രം. ശ്രീരാമ നാമധേയത്തിൽ ചതുർബാഹുവായ വിഷ്ണുവാണ് പ്രതിഷ്ഠ. ശംഖ്, ചക്ര, കേദണ്ഡ നാമങ്ങളോടെയുള്ള മൂന്ന് കൈകകളും അക്ഷമാല സഹിതം അഭയമുദ്രയോടെയുള്ള മറ്റൊരു കൈയുമാണ് വിഗ്രഹത്തിനുള്ളത്. ഇരുവശത്തും മഹാലക്ഷ്മിയും ഭൂമീദേവിയും. പ്രതിഷ്ഠയ്ക്ക് സമീപം ദക്ഷിണാമൂർത്തി. അൽപ്പം തെക്ക് മാറി ഗണപതിയും മുഖമണ്ഡപത്തിൽ ആജ്ഞനേയ സങ്കൽപ്പവും. മതിൽക്കെട്ടിനകത്ത് തെക്കുഭാഗത്ത് ശാസ്താവും വടക്കുഭാഗത്ത് ഗോശാല കൃഷ്ണനും. വെടിവഴിപാട്, മീനൂട്ട് എന്നിവയാണ് പ്രധാന വഴിപാടുകൾ. പുലർച്ചെ 3.30ന് നട തുറക്കും.
ഇരിങ്ങാലക്കുട കൂടൽമാണിക്യം: തൃപ്രയാറിൽ നിന്ന് 12 കിലോമീറ്റർ പിന്നിട്ടാൽ മൂന്നുപീടിക. അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം. ചതുർബാഹുവായ രൂപത്തിൽ ഭരതനാണ് പ്രതിഷ്ഠ. മറ്റ് പ്രതിഷ്ഠകളില്ല. താമരമാല പ്രധാന വഴിപാടാണ്. പുലർച്ചെ 3.30ന് നട തുറക്കും. എതൃത്ത് പൂജ, ഉച്ചപൂജ സമയത്ത് ദർശനമുണ്ടാവില്ല.
മൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം: എറണാകുളം ജില്ലയിലെ പാറക്കടവിലാണ് ക്ഷേത്രം. ഇരിങ്ങാലക്കുട നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ മൂഴിക്കുളത്തെത്താം. ചെമ്പോല പൊതിഞ്ഞ രണ്ട് നിലവട്ട ശ്രീകോവിൽ, കിഴക്കോട്ട് ദർശനമായ ലക്ഷ്മണ പ്രതിഷ്ഠ, തെക്കോട്ട് ദർശനമായി ശിവനും ഗണപതിയും. നാലമ്പലത്തിന്റെ തെക്ക് പടിഞ്ഞാറായി ഭഗവതിയും ശാസ്താവും വടക്ക് ഭാഗത്ത് ഗോശാല കൃഷ്ണനുമുണ്ട്. കദളിപ്പഴവും പാൽപ്പായസവുമാണ് പ്രധാന വഴിപാട്. പുലർച്ചെ അഞ്ച് മുതൽ ഒന്ന് വരെയും വൈകീട്ട് അഞ്ച് മുതൽ എട്ട് വരെയുമാണ് ദർശനം.
പായമ്മൽ ശത്രുഘ്ന ക്ഷേത്രം: കൊടുങ്ങല്ലൂർ റൂട്ടിൽ വെള്ളാങ്കല്ലൂരിനും മതിലകത്തിനും ഇടയ്ക്ക് അരീപ്പാലത്ത് നിന്നും തിരിഞ്ഞ് രണ്ട് കിലോമീറ്റർ ഉള്ളിലാണ് ക്ഷേത്രം. ശത്രുഘ്ന സ്വാമിയാണ് പ്രതിഷ്ഠ. തെക്കുപടിഞ്ഞാറ് ദക്ഷിണ അഭിമുഖമായി ഗണപതി ഭഗവാനും മുഖമണ്ഡപത്തിൽ ആഞ്ജനേയ സാന്നിദ്ധ്യവുമുണ്ട്. പുലർച്ചെ അഞ്ച് മുതൽ 1.30 വരെയും വൈകീട്ട് 4.30 മുതൽ ഒമ്പത് വരെയുമാണ് ദർശനം. സുദർശന ചക്രം നടക്കുവയ്ക്കൽ, സുദർശന പുഷ്പാഞ്ജലി, ശംഖാഭിഷേകം, നാണയ തുലാഭാരം എന്നിവയാണ് പ്രധാന വഴിപാടുകൾ.
ഐതിഹ്യം: ദ്വാപരയുഗത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ പൂജിച്ച് ആരാധിച്ചിരുന്ന നാല് വിഗ്രഹങ്ങളാണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മൽ ശത്രുഘ്ന ക്ഷേത്രം എന്നിവിടങ്ങളിൽ പ്രതിഷ്ഠിച്ചതെന്നാണ് ഐതിഹ്യം. ദ്വാരക കടലെടുത്ത് അനേക വർഷത്തെ ജലാധിവാസത്തിന് ശേഷം മുക്കുവന്മാർ കണ്ടെടുത്ത് രാജപ്രമുഖനായ വാകയിൽ കൈമൾക്ക് വിവരം കൊടുക്കുകയും തുടർന്ന് ജ്യോതിഷ വിധി പ്രകാരം നാല് കരകളിൽ പ്രതിഷ്ഠിച്ചു.
കണ്ണൂർ നാലമ്പല തീർത്ഥാടന
നാലമ്പല തീർത്ഥാടന യാത്ര 17ന് തുടങ്ങും .നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ ഭരത സ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ സ്വാമി ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് കെ.എസ്.ആർ.ടി.സി തീർത്ഥയാത്ര ഒരുക്കിയിട്ടുള്ളത്. 17,19, 26 തീയതികളിലാണ് യാത്ര. കണ്ണൂർ ഡിപ്പോയിൽ നിന്ന് രാവിലെ ആറരക്ക് പുറപ്പെട്ട് വൈകിട്ട് 4ന് തിരിച്ചെത്തും. നിരക്ക് ആളൊന്നിന് 490 രൂപ. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ തീർഥാടന കേന്ദ്രങ്ങളും ഉൾക്കൊള്ളിച്ചുള്ള പാക്കേജും ഒരുക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.
