ന്യൂഡൽഹി/കൊച്ചി: ഇന്ന് നടപ്പാക്കാനിരുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ മാറ്റിവച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരുടെയും, വിദേശകാര്യ മന്ത്രാലയം, ഗവർണർ വി.ആർ. ആർലേക്കർ, സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ എന്നിവയുടെ ഇടപെടലിനെ തുടർന്നാണ് നടപടി. ആക്ഷൻ കൗൺസിലാണ് വധശിക്ഷ മാറ്റിവച്ചവിവരം ഇന്നലെ ഉച്ചകഴിഞ്ഞറിയിച്ചത്. വിദേശകാര്യ മന്ത്രാലയവും കാന്തപുരം എ.പി. അബൂബക്കർ മുസ്ളിയാരും ഇത് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള ചർച്ച ഇന്നലെ രാവിലെ പുനഃരാരംഭിച്ചു. യെമനിലെ സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിനോട് വിഷയത്തിൽ ഇടപെടാൻ കാന്തപുരം അഭ്യർത്ഥിച്ചിരുന്നു. ശൈഖിന്റെ നിർദ്ദേശപ്രകാരം തലാലിന്റെ ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമൻ ശൂറാ കൗൺസിൽ അംഗവുമായ വ്യക്തി തലാലിന്റെ നാടായ ദമാറിലെത്തി. തുടർന്നുള്ള കൂടിക്കാഴ്ചയിൽ വധശിക്ഷ മാറ്റിവയ്ക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യം കുടുംബം അംഗീകരിച്ചു. ശിക്ഷ വിധിച്ച യമന്റെ അറ്റോണി ജനറലും തലാലിന്റെ കുടുംബവുമായി ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സനയിലെ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും നിരന്തരം ആശയവിനിമയം നടത്തി.
ഇടപെട്ടത് മനുഷ്യനെന്ന നിലയിൽ
മനുഷ്യനെന്ന നിലയ്ക്ക് തനിക്ക് കഴിയുന്നതു മാത്രമാണ് ചെയ്തതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. വധശിക്ഷ നീട്ടിവച്ചതിൽ സന്തോഷമുണ്ട്. മനുഷ്യനുവേണ്ടി ഇടപെടണമെന്നാണ് അവിടുത്തെ മതപണ്ഡിതരോട് ആവശ്യപ്പെട്ടത്. വിഷയത്തിൽ തുടർന്നും ഇടപെടും. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചിട്ടുണ്ട്. യെമൻ ജനതയ്ക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപെട്ടത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം.എൽ.എ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചിരുന്നു. ദയാധനത്തിന്റെ സമാഹരണവും ചാണ്ടിയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്നും കാന്തപുരം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കാന്തപുരത്തെ അഭിനന്ദിച്ച് സന്ദേശമയച്ചിട്ടുണ്ട്.
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കൽ: നിർണായക ഇടപെടലുമായി കേന്ദ്രവും കാന്തപുരവും
ന്യൂഡൽഹി / കോഴിക്കോട്: മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചതിനു പിന്നിൽ കേന്ദ്ര സർക്കാരിന്റെയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരിന്റെയും ഇടപെടൽ നിർണായകമായി. കഴിഞ്ഞദിവസം സുപ്രീംകോടതിയിലെ കേസിനു ശേഷവും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സനയിലെ ജയിൽ അധികൃതരുമായും പ്രോസിക്യൂട്ടറുടെ ഓഫീസുമായും ആശയവിനിമയം നടത്തിയിരുന്നു. നിമിഷയുടെ കുടുംബത്തിന്, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയുടെ കുടുംബവുമായി ചർച്ചയ്ക്ക് സമയം അനുവദിക്കണമെന്ന് നിരന്തരം അഭ്യർത്ഥിച്ചു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലെ ജയിലിലായതിനാൽ നയതന്ത്ര തലത്തിലെ ഇടപെടലിന് കേന്ദ്രത്തിന് പരിമിതികളുണ്ടായിരുന്നു. സാദ്ധ്യമായതെല്ലാം ചെയ്യുന്നതിനിടെയാണ് ആശ്വാസ തീരുമാനമെത്തിയത്. വധശിക്ഷ നീട്ടിവച്ച് ഉത്തരവിറങ്ങിയ വിവരം യെമൻ അധികൃതർ ഇന്ത്യയെ അറിയിക്കുകയും ചെയ്തു. ഹൂതികളുമായി മികച്ച ബന്ധം പുലർത്തുന്ന ഇറാന്റെ ഇടപെടലും ഒരുഘട്ടത്തിൽ ഇന്ത്യ തേടിയെന്നാണ് അനൗദ്യോഗിക വിവരം. സുപ്രീംകോടതി വെള്ളിയാഴ്ച വിഷയം പരിഗണിക്കുമ്പോൾ വധശിക്ഷ നീട്ടിവച്ച കാര്യം അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി അറിയിക്കും.
എത്ര പണം വേണമെങ്കിലും നൽകാമെന്ന് യൂസഫലി
ചാണ്ടി ഉമ്മൻ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്ന് ഗവർണർ വി.ആർ. ആർലേക്കർ വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. പ്രവാസി വ്യവസായി എം.എ. യൂസഫലിയുമായും ഗവർണർ സംസാരിച്ചു. ദയാദനത്തിന് എത്ര പണം വേണമെങ്കിലും നൽകാമെന്ന് യൂസഫലി ഗവർണറെ അറിയിച്ചെന്നാണ് സൂചന. തലാലിന്റെ കുടുംബം നിശ്ചയിക്കുന്ന തുക നൽകിയാൽ വധശിക്ഷ ഒഴിവാക്കാം. മുഴുവൻ കുടുംബാംഗങ്ങളും സമ്മതിക്കാത്തതാണ് തീരുമാനം നീളാൻ കാരണമെന്നാണ് സൂചന.
നിമിഷപ്രിയയുടെ
ശിക്ഷ നീട്ടിവച്ചത്
ആശ്വാസകരം: മുഖ്യമന്ത്രി
തിരുവനന്തപുരം: നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് കാന്തപുരം എ. പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. കാന്തപുരത്തെയും ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു.
നിമിഷപ്രിയയുടെ മോചനം കേരളത്തിന്റെ ആഗ്രഹം :
വി.ഡി.സതീശൻ
നിമിഷ പ്രിയയുടെ മോചനം കേരളം ആഗ്രഹിക്കുന്നതാണെന്നും അതിന് സാദ്ധ്യമായ എല്ലാ വഴിയും തേടണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കാന്തപുരത്തിന്റെ നിർദ്ദേശ പ്രകാരം യെമനിലെ സൂഫി പണ്ഡിതൻ ഷേയ്ക്ക് ഹബീബ് ഉമർ ബിൻ ഹാഫിസ് നടത്തുന്ന ചർച്ചകൾ അന്തിമ വിജയം കാണുമെന്ന് പ്രതീക്ഷിക്കാം.
കാന്തപുരത്തിന് കേരളജനതയുടെ
നന്ദി: ചെന്നിത്തല
നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിക്കൽ സാദ്ധ്യമാക്കിയ കാന്തപുരം എ പി. അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ നന്ദി രേഖപ്പെടുത്തുന്നതായി കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല . ഇതാണ് കേരളത്തിന്റെ മാതൃക. മതത്തിനും മീതേ മനുഷ്യസ്നേഹത്തിന്റെ ഉദാത്തമായ മാതൃക.
കേന്ദ്രസർക്കാർ ഇടപെടലുകൾ
തുടരും:
രാജീവ് ചന്ദ്രശേഖർ
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ച സാഹചര്യത്തിൽ കേന്ദ്രസർക്കാർ വേണ്ട ഇടപെടലുകൾ തുടരുമെന്ന് അറിയിച്ചതായി ബി.ജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. വിഷയത്തിൽ മോദി സർക്കാർ എടുക്കുന്ന നടപടികൾ ഏറെ ശ്രദ്ധാപൂർവ്വമാണെന്നും അദ്ദേഹം പറഞ്ഞു.
