പഴയങ്ങാടി: അടിഞ്ഞുകൂടുന്ന മണൽ നീക്കം ചെയ്യുന്ന ഡ്രഡ്ജിംഗ് പ്രവൃത്തി മുടങ്ങിയതോടെ ചൂട്ടാട്-പാലക്കോട് അഴിമുഖത്ത് അപകടം പതിവാകുന്നു. മണൽത്തിട്ട രൂപപ്പെട്ട ഭാഗത്താണ് ചൊവ്വാഴ്ചയും ഇന്നലെയും വള്ളങ്ങൾ അപകടത്തിൽപെട്ടതെന്ന് തൊഴിലാളികൾ പറയുന്നു. തുടർച്ചയായി രണ്ടുദിവസത്തിനുള്ളിൽ നടന്ന അപകടങ്ങളിൽ പതിമൂന്ന് തൊഴിലാളികൾക്കാണ് ഭാഗ്യം കൊണ്ടുമാത്രം ജീവൻ മടക്കിക്കിട്ടിയത്.
ഇവിയുള്ള മണൽത്തിട്ട കരാറുകാരൻ ബന്ധപ്പെട്ട വകുപ്പധികൃതരുടെ അനുമതിയില്ലാതെ അശാസ്ത്രീയമായി പുലിമുട്ട് നിർമ്മാണത്തിന്റെ ഭാഗമായി കീറിമുറിച്ചതും അപകടത്തിന് കാരണമായെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഈ ഭാഗത്ത് കൂടെ കയറിവരുമ്പോഴാണ് അപകടമുണ്ടാകുന്നത് എന്നാണ് മത്സ്യ ത്തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് അന്ന് തളിപ്പറമ്പ് ആർഡിഒയും എം.വിജിൻ എം.എൽ.എയും പങ്കെടുത്ത യോഗത്തിൽ ഡ്രഡ്ജിംഗ് പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നതാണ്.
ഡ്രഡ്ജിംഗ് നടന്നത് തുടർ അപകടങ്ങളെ തുടർന്ന്
മത്സ്യത്തൊഴിലാളികളുടെ ജീവനുകളും ജീവിതോപാധികളും നഷ്ടമായ മുൻകാല അപകടങ്ങളെ തുടർന്നാണ് ഇവിടുത്തെ മണൽത്തിട്ട നീക്കം ചെയ്യാനും പുലിമുട്ട് നിർമ്മിക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കി വരുന്നത്.ഡ്രഡ്ജിംഗ് നടന്നിരിക്കെ ഇവിടെ അപകടങ്ങൾ ഉണ്ടായിരുന്നില്ല. ഡ്രഡ്ജിംഗ് നിലച്ചതോടെ ഈ ഭാഗം അപകടമേഖലയായി . നാട്ടുകാരും ഇതര സംസ്ഥാനക്കാരും ആയ എട്ടോളം ആളുകൾ ഇവിടെ അപകടങ്ങളിൽ മരിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പാണ് അവസാനമായി വള്ളം മണൽത്തിട്ടയിടിച്ച് പശ്ചിമ ബംഗാൾ മുർഷിദാബാദ് ഹറുദുംഗയിലെ കോക്കൻ മണ്ഡൽ (20) മരിച്ചത്
ചൂട്ടാട് അഴിമുഖത്ത് ഇന്നലെയും ഫൈബർ വള്ളം മറിഞ്ഞു; 9 മത്സ്യതൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു
പഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് അഴിമുഖത്ത് പുലിമൂട്ടിന് സമീപം മണൽത്തിട്ടയിൽ തട്ടി ഫൈബർ വള്ളം മറിഞ്ഞു. ഇന്നലെ രാവിലെ 8:45നാണ് ഫൈബർ വള്ളം അപകടത്തിൽപ്പെട്ടത്. രാമന്തളി പാലക്കോട് സ്വദേശി മമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള അൽ മിന്ന വള്ളമാണ് മറിഞ്ഞത്. വള്ളത്തിൽ ഉണ്ടായിരുന്ന 9 മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.
രണ്ടുപേർക്ക് പരിക്കേറ്റതിനെ തുടർന്ന് പയ്യന്നൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമന്തളി പാലക്കോട് സ്വദേശികളായ അബ്ദുറഹ്മാൻ(45), രതീശൻ(35) എന്നിവർക്കാണ് പരിക്കേറ്റത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് വള്ളവും മത്സ്യബന്ധന സാമഗ്രികളും കരയിലേക്ക് എത്തിച്ചു.
കരയോട് ചേർന്നുള്ള കടലിൽ അടിഞ്ഞുകൂടുന്ന മണൽ യഥാസമയം നീക്കം ചെയ്യാത്തതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. വേലി ഇറക്ക സമയത്ത് ഇവിടെ അപകടം പതിവാണ് നിരവധി തവണ വള്ളം അപകടത്തിൽ പെടുകയും നിരവധി മത്സ്യത്തൊഴിലാളികൾ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസം ചൂട്ടാട് അഴിമുഖത്ത് മണൽതിട്ടയിൽ തട്ടി ഫൈബർ വള്ളം അപകടത്തിൽപ്പെട്ടിരുന്നു. അലോഷ്യസ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള പൊൻകുരിശ് എന്ന വള്ളമാണ് അപകടത്തിൽപെട്ടത്. വള്ളത്തിലെ നാലുപേരെയും മത്സ്യബന്ധന ഉപകരണങ്ങളും മറ്റൊരു വള്ളത്തിലുണ്ടായിരുന്നവർ രക്ഷിക്കുകയായിരുന്നു.
തുടർകഥയായി അപകടങ്ങൾ
ചൂട്ടാട് അഴിമുഖത്ത് വേലി ഇറക്ക സമയത്ത് അപകടം പതിവാണ്. നിരവധി തവണ ഇവിടെ വള്ളം അപകടത്തിൽ പെടുകയും മത്സ്യതൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട്. അപകടം കുറക്കുന്നത് ലക്ഷ്യമിട്ടുള്ള പുലിമുട്ടിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
