മായില്ല പത്മശോഭ… നിലയ്ക്കില്ല പത്മരാഗം…

കൊല്ലം: കോൺഗ്രസിന്റെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ സ്നേഹസൂര്യനായിരുന്നു സി.വി.പത്മരാജൻ. അദ്ദേഹം പെട്ടെന്ന് യാത്ര പറഞ്ഞെങ്കിലും മനസിൽ നിന്ന് മായില്ല. പ്രത്യേകിച്ച് കൊല്ലത്തുകാരുടെ ഹൃദയങ്ങളിൽ സ്നേഹനക്ഷത്രമായി, ശരിപക്ഷ രാഷ്ട്രീയത്തിന്റെ വിളക്കുമരമായി അദ്ദേഹം തുടരും.

വിദ്യാർത്ഥിയായിരിക്കെ സമരഭൂമിയിൽ നിറയുമ്പോഴും അദ്ദേഹം പഠനത്തിൽ പിന്നിൽ പോയില്ല. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ച​ങ്ങ​നാ​ശേ​രി എ​സ്.ബി കോ​ളേ​ജിൽ ഇന്റർ​മീ​ഡി​യേ​റ്റി​ന് പഠിക്കവേ ദേശീയപ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് നടന്നുകയറി. തുടർന്ന് തിരുവനന്തപുരം എം.ജി കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയതിന് പിന്നാലെ പരവൂർ കോട്ടപ്പുറം ഹൈസ്കൂളിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. മൂന്ന് വർഷത്തെ അദ്ധ്യാപന ജീവിതത്തിന് ശേഷം എറണാകുളം, തിരുവനന്തപുരം ലാ കോളേജുകളിലായി നിയമ വിദ്യാഭ്യാസം. കൊല്ലം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ച അദ്ദേഹം രാഷ്ട്രീയപ്രവർത്തനത്തിനിടയിലും ശ്രദ്ധേയനായ അഭിഭാഷകനായി. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസി‌ഡന്റ്, കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ്, കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ, സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ, 1968 മുതൽ 2024 വരെ കൊല്ലം അർബൻ ബാങ്ക് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു.

25 ദിവസം ആക്ടിംഗ് മുഖ്യമന്ത്രി

1992ൽ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ അമേരിക്കയിൽ ചികിത്സയ്ക്ക് പോയപ്പോൾ 25 ദിവസമാണ് അദ്ദേഹം ആക്ടിംഗ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചത്. ലീഡറെ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് യാത്രയാക്കാൻ ഡൽഹി വിമാനത്താവളത്തിൽ ചെന്നപ്പോഴാണ് ചുമതല കൈമാറിയ കാര്യം ലീഡർ പത്മരാജനെ അറിയിച്ചത്. മുഖ്യമന്ത്രിയിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളോടെയുമാണ് ചുമതല കൈമാറിയത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സംസ്ഥാനത്ത് ഭരണസ്തംഭനം എന്ന പ്രതിപക്ഷ ആരോപണത്തിന്റെ മുനയൊടിക്കാൻ അന്ന് പത്മരാജന് കഴിഞ്ഞു.

കൊല്ലം തീരദേശ പാതയുടെ ശില്പി

ഇപ്പോൾ സ്ഥലമേറ്റെടുപ്പ് നടക്കുന്ന തീരദേശ ഹൈവേ എന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് സി.വി.പത്മരാജനാണ്. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് പരവൂർ മുതൽ കൊല്ലം വരെ ഇപ്പോഴുള്ള തീരദേശപാത നിർമ്മിച്ചത്.

കൊല്ലം: കേരളത്തിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നത് മനസിൽ നിറച്ചിരിക്കുമ്പോഴാണ് പാർട്ടിയെ ഹൃദയം കൊണ്ട് സ്നേഹിച്ചിരുന്ന സി.വി.പത്മരാജൻ യാത്രയായത്. ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പ്രചാരണത്തിന് ഇറങ്ങണമെന്ന് അദ്ദേഹത്തിന് ഏറെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ പ്രായത്തിന്റെ അവശതകൾ കാരണം കുടുംബാംഗങ്ങൾ അനുവദിച്ചില്ല. പക്ഷേ,​ അദ്ദേഹത്തിന്റെ മനസിനും ചിന്തകൾക്കും തെല്ല് തളർച്ചയില്ലായിരുന്നു. അദ്ദേഹത്തിന്റെ മനസിൽ തിരഞ്ഞെടുപ്പ് ഓർമ്മകൾ തിളയ്ക്കുകയായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചൂടിനിടെ അദ്ദേഹം ഒടുവിൽ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലെ ചില ഭാഗം ഇങ്ങനെ.

”കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പ് മാറ്റിവച്ച് പ്രവർത്തിച്ചാൽ യു.ഡി.എഫിന് മഹാവിജയം ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. ഗ്രൂപ്പിന്റെ കാലമൊക്കെ കഴിഞ്ഞു. കേരളത്തിൽ യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ട്.””

 കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് പറയാനുള്ളത് ?

ജനങ്ങൾക്കിടയിൽ സ്വാധീനമുള്ളവരെ സ്ഥാനാർത്ഥിയാക്കണം. നല്ല വ്യക്തിതത്വമുള്ളവരെ പരിഗണിക്കണം. രാജ്യത്ത് മതേതരത്വം വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ അത് മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാക്കണം. ഒറ്റക്കെട്ടായി പ്രചാരണ പ്രവർത്തനങ്ങൾ നടത്തണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണം.

 മനസിൽ നിറഞ്ഞുനിൽക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പ്?

1980ലെ തിരഞ്ഞെടുപ്പ് കാലം. അന്ന് ഞാൻ കൊല്ലം ഡി.സി.സി പ്രസിഡന്റാണ്. ആർ.എസ്.പി നേതാവായ

എൻ.ശ്രീകണ്ഠൻ നായർ തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ ജയിച്ച് അജയ്യനായി നിൽക്കുന്ന സമയം. അന്ന് ഞങ്ങൾ ബി.കെ.നായരെ സ്ഥാനാർത്ഥിയാക്കി. ഞങ്ങൾ ഒറ്റെക്കെട്ടായി രാപ്പകിലില്ലാതെ പ്രചാരണം നടത്തി. ശ്രീകണ്ഠൻ നായർ കൊല്ലത്ത് വീണു. ബി.കെ.നായർ വിജയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top