അത്രമേൽ അവർ വി.എസിനെ സ്നേഹിച്ചു…

 ആരും ആരെയും പ്രേരിപ്പിച്ചില്ല. വി.എസിനെ അവസാനമായി ഒരു നോക്ക് കാണണമെന്ന ഉൾപ്രേരണയാൽ വന്നവരായിരുന്നു ഇന്നലെ മുതൽ അന്തിമോപചാരം അർപ്പിക്കാനെത്തിയവരൊക്കെയും. കാസർഗോഡും,കണ്ണൂരും, കോഴിക്കോടും തുടങ്ങി വിവിധ ജില്ലകളിൽ നിന്നെല്ലാം രാത്രി കിട്ടിയ വണ്ടിക്കു കയറി അവർ തിരുവനന്തപുരത്തെത്തി. ചിലർ അതിരാവിലെ തന്നെ വി.എസിന്റെ വീട്ടിലെത്തി ആ ഭൗതിക ദേഹത്തിനു മുന്നിൽ തൊഴുതുനിന്നു .മടങ്ങാൻ മനസ് അനുവദിക്കാത്തതിനാൽ കുറെ നേരം അവിടെ ചുറ്റിപ്പറ്റിനിന്നു.പിന്നീട് ഒന്നുകൂടെ കാണണമെന്ന ആഗ്രഹത്താൽ ദർബാർ ഹാളിന്റെ നീണ്ട ക്യൂ വിലേക്ക്. വീണ്ടും കണ്ടു,ചിലർ വിതുമ്പി, ഏങ്ങലടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇങ്ങനെയൊരു നേതാവ് ഇനിയില്ലല്ലോയെന്ന് പലരും ഇടറിയ സ്വരത്തിൽ പറഞ്ഞു. സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ടയാൾ വിടപറഞ്ഞെന്ന പോലെ ദു:ഖവും നഷ്ടബോധവും അവരുടെ മുഖത്തു നിഴലിച്ചിരുന്നു. ഓരോരുത്തർക്കും വി.എസിനെ കുറിച്ചു പറയാൻ ഓരോ കഥകൾ.

ദർബാർ ഹാളിനു മുന്നിൽ വി.എസിനെ കാണാൻ ക്യൂ നിന്നവരിൽ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവരുണ്ടായിരുന്നു .ഹരിതകർമസേനക്കാരും,തൊഴിലുറപ്പുകാരും ,ചുമട്ടുതൊഴിലാളികളും ,സർക്കാർ ജീവനക്കാരും അങ്ങനെ സമൂഹത്തിന്റെ പരിച്ഛേദമായവരൊക്കെയുംഎത്തി. വി.എസിനെ കണ്ടേ തീരൂവെന്ന വാശിയിൽ ശാരീരിക വെല്ലുവിളികളെ മറന്ന് മറ്രുള്ളവരുടെ കൈസഹായത്തിലുംചിലർ ദർബാർ ഹാളിലെത്തി .

തിങ്കളാഴ്ച രാത്രി തമ്പുരാൻമുക്കിലെ വസതിയിൽ എത്തിച്ചപ്പോഴും അണമുറിയാത്ത പ്രവാഹമായിരുന്നു.രാത്രി രണ്ടര മണിക്ക് ടെക്നോപാർക്കിലെ ഡ്യൂട്ടി കഴിഞ്ഞ് ആൺ-പെൺ വ്യത്യാസമില്ലാതെ വലിയൊരു യുവാക്കളുടെ സംഘമെത്തിയിരുന്നു .അവരുടെ ചിന്തകളെയും സ്വപ്നങ്ങളെയും ഉൾക്കൊണ്ട നേതാവിന് അന്ത്യോപചാരമർപ്പിക്കാനെത്തിയതായിരുന്നു അവർ. രാഷ്ട്രീയത്തിൽ ധാർമ്മികതയ്ക്കു വലിയ വില കൽപ്പിക്കുന്ന യുവതലമുറയ്ക്ക് വി .എസ് എന്നും ആരാധ്യനായിരുന്നു വി.എസിനെ അവർ അത്രമേൽ സ്നേഹിച്ചിരുന്നു.

മുല്ലപ്പെരിയാർ തിരിച്ചു വാങ്ങിയ ധീരൻ

അനാസ്ഥയിലും നിയമക്കുരുക്കിലും പെട്ട് നഷ്ടമായ മുല്ലപ്പെരിയാറിൽ കേരളത്തിന്റെ അവകാശം സ്ഥാപിക്കപ്പെട്ടതിൽ വി.എസ് നടത്തിയ പോരാട്ടം അവിസ്മരണീയമാണ്.

അന്തർ സംസ്ഥാന നദീജല കരാറുകളെക്കുറിച്ച് നിയമസഭയിൽ പ്രത്യേക ചർച്ചയ്ക്കായി നോട്ടീസ് നൽകാൻ എന്നെ ചുമതലപ്പെടുത്താമെന്ന് എൽ.ഡി.എഫിൽ അഭിപ്രായപ്പെട്ടത് വി.എസാണ്.1993 മാർച്ച് 31നായിരുന്നു ആ ചർച്ച. നിയമസഭാ സമിതി ഇതേക്കുറിച്ച് പഠിക്കണമെന്ന നിർദേശമാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ഉന്നയിച്ചത്. ജലസേചന മന്ത്രി ടി.എം ജേക്കബ് പൂർണമായി പിന്തുണച്ചതോടെ അത് പുതിയ ചരിത്രമായി..

പിന്നീട്, 1996ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ മുല്ലപ്പെരിയാർ സംബന്ധിച്ച വിവാദം കനത്തു.അന്ന് എൽഡിഎഫ് കൺവീനറായിരുന്ന വി.എസ് മുല്ലപ്പെരിയാർ സന്ദർശിക്കണമെന്ന താത്പര്യം പ്രകടിപ്പിച്ചു.1997 ഫെബ്രുവരി 7നായിരുന്നു സന്ദർശനം . മെയിൻ ഡാമും ബേബി ഡാമും വി.എസ് കണ്ടു. സ്പിൽവേയ്ക്ക് മുന്നിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലും മണ്ണും അതിനു മേൽ തമിഴ്നാട് നിർമിച്ചിരിക്കുന്ന റോഡും

അവിടെ കരാറുകാർ നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നതിന്റെ തെളിവുകളും കണ്ടതോടെ,.ഇനി വൈകിക്കേണ്ടെന്ന നിർദേശം വി.എസ് അംഗീകരിച്ചു.

അടുത്തത് പറമ്പിക്കുളം ആളിയാർ സന്ദർശനം.രാവിലെ 8ന് തുടങ്ങിയ യാത്ര പൊള്ളാച്ചി സന്ദർശിച്ച ശേഷം തിരുമൂർത്തി ഡാമിലെത്തി.ആളിയാറിലെ പാലാറിൽ നിർമിച്ച ഡാമാണിത്. ചിറ്റൂർ പുഴയിലേക്ക് ഇവിടെ നിന്ന് വെള്ളം കിട്ടാറില്ലെന്ന് ഞാൻ പരാതി പറഞ്ഞപ്പോൾ തമിഴ്നാട് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥനോട് വി.എസ് തിരക്കി. ആ ഉദ്യോഗസ്ഥൻ പകച്ചു നിന്നു.

അവിടെ നിന്ന് വാൾപാറയിലേക്ക് പോയപ്പോഴാണ് പറമ്പിക്കുളം കരാറിന് വിരുദ്ധമായി വൈദ്യുതി നിലയം അതിനടുത്ത് തീർത്തിട്ടുണ്ടെന്ന് അറിയുന്നത്. അതോടെ അങ്ങോട്ടേയ്ക്ക് പോകണമെന്നായി വി.എസ്.വി.എസിനെയും എന്നെയും അകത്ത് വിടാമെന്നും മാധ്യമപ്രവർത്തകരെ പറ്റില്ലെന്നുമായി ഉദ്യോഗസ്ഥർ.എന്നാൽ വി.എസ് മാധ്യമ പ്രവർത്തകരെ കൂട്ടിക്കൊണ്ടുവന്ന് അകത്തേയ്ക്ക് കയറി.കൊക്കകോളയെ പ്ലാച്ചിമടയിൽ നിന്ന് കെട്ടുകെട്ടിക്കാനായി വി.എസ് നടത്തിയ സമരവും ഐതിഹാസികമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top