നെ‌ഞ്ചിലേറ്റി,​ പ്രിയ സഖാവിനെ പിരിയാനാകാതെ നാട്

തിരുവനന്തപുരം: ഓരോ ഇഞ്ചും കടക്കാൻ വിലാപയാത്ര പണിപ്പെടുകയായിരുന്നു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് പുറപ്പെട്ട പ്രയാണം കഴക്കൂട്ടം വരെയുള്ള 14 കിലോമീറ്റർ താണ്ടാനെടുത്തത് അഞ്ചുമണിക്കൂർ. ആറ്റിങ്ങൽ എത്തിയതോടെ ചിത്രമാകെ മാറി. പതിരാവിന്റെ മയക്കവും മറന്ന് ജനം തിളച്ചുമറിഞ്ഞു.

വി.എസിനു ജനങ്ങൾ നൽകിയ സ്‌നേഹാദരങ്ങളുടെ നേർക്കാഴ്ചയായി ആലപ്പുഴയിലേക്കു പുറപ്പെട്ട വിലാപയാത്ര. പാതിരാവിലും ഉറക്കം മറന്ന് പ്രിയ സഖാവിനെ കാണാൻ കാത്തുനിന്നത് ജനാരണ്യം. ഇടയ്ക്കുപെയ്ത മഴയ്ക്കും കഴിഞ്ഞില്ല വി.എസിനോടുള്ള ജനമനസിലെ ആവേശ ജ്വാല അണയ്ക്കാൻ. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് 2.26നാണ് വി.എസിന്റെ ഭൗതികശരീരവും വഹിച്ചുള്ള പുഷ്പാലങ്കൃത വാഹനം ജന്മനാടായ ആലപ്പുഴയിലേക്ക് പ്രയാണം തുടങ്ങിയത്.

പാതയോരത്തും ഫ്ളൈഓവറിനു മുകളിലുമൊക്കെയായി വിപ്ളവസൂര്യനെ ഒരുനോക്കു കാണാൻ രൂപപ്പെട്ട മനുഷ്യക്കോട്ട നീണ്ടുനീണ്ടുപോയി. രാത്രി വൈകിയും ഓരോ പോയിന്റിലും കാത്തുനിന്നത് വൻ ജനക്കൂട്ടം. തലസ്ഥാന ജില്ലയും വിട്ട് കൊല്ലം അതിർത്തി കടന്നതോടെ നിയന്ത്രിക്കാൻ കഴിയാത്ത വിധമായിരുന്നു ജനപ്രവാഹം. കണ്ണും കരളുമായ വി.എസിന്റെ വിലാപയാത്രയെ കാൽനടയായി അനുഗമിക്കാൻ അണിനിരന്നതും ആയിരങ്ങൾ. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മന്ത്രിമാരായ പി.രാജീവ്, കെ.എൻ. ബാലഗോപാൽ, പി.പ്രസാദ്,​ സി.പി.എം നേതാക്കളായ പുത്തലത്ത് ദിനേശൻ,​ എം.വി.ജയരാജൻ. എം.എൽ.എമാരായ വി.ജോയി,​ വി.കെ.പ്രശാന്ത്,​ വി.എസിന്റെ മകൻ അരുൺ കുമാർ എന്നിവരാണ് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വാഹനത്തിൽ ഉണ്ടായിരുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജുമടക്കം മറ്റു വാഹനങ്ങളിൽ അനുഗമിച്ചു.

മനുഷ്യ മതിൽ

വിലാപയാത്ര നിയമസഭ മന്ദിരത്തിനു മുന്നിലെത്തിയപ്പോൾ സമയം 2.50. അവിടെ കൂടിനിന്നവർക്ക് അന്തിമോപചാരം അർപ്പിക്കാൻ വാഹനം അല്പനേരം നിറുത്തി. 3.20ന് പ്ലാമൂട് ജംഗ്ഷനിലെത്തിയപ്പോഴേക്കും മനുഷ്യ മതിൽ രൂപപ്പെട്ടിരുന്നു. പട്ടം ജംഗ്ഷനിൽ താൻ വരച്ച വി.എസിന്റെ വർണ ചിത്രവുമായി ഒരു ബാലൻ കാത്തുനിൽപ്പുണ്ടായിരുന്നു. വി.ജോയി എം.എൽ.എ ചിത്രം ഏറ്റുവാങ്ങി.

കേശവദാസപുരം ജംഗ്ഷനിലെ തിരക്കും താണ്ടി കഴക്കൂട്ടവും പിന്നിട്ട് മുന്നോട്ട് നീങ്ങിയപ്പോഴേക്കും ജനപ്രവാഹം നിയന്ത്രണാതീതമായി

നെഞ്ചുപൊട്ടി അവർ വിലപിച്ചു: വി.എസ് ഞങ്ങടെ കാണപ്പെട്ട ദൈവം

തിരുവനന്തപുരം: ‘ഞങ്ങൾക്ക് മറക്കാൻ പറ്റില്ല സാറേ, കാണപ്പെട്ട ദൈവമായിരുന്നു. പാവങ്ങളുടെ പരാതി കേൾക്കാൻ ഇനി അദ്ദേഹമില്ല”……പാലക്കാട് ആലത്തൂരിലെ സുഭദ്രാമ്മയുടെ കണ്ണുകൾ നിറഞ്ഞു.’സഖാവ് മരിച്ചെന്ന് കേട്ടപ്പോൾ വീട്ടിലിരിക്കാൻ തോന്നിയില്ല. ഇന്നലെ രാത്രി തന്നെ ഭർത്താവിനൊപ്പം പുറപ്പെട്ടു. രാവിലെ എത്തി. വന്നില്ലെങ്കിൽ ഇനി കാണാൻ പറ്റില്ലല്ലോ.”

ഇത്തരത്തിൽ നൂറുകണക്കിന് പേരാണ് വി.എസിനെ അവസാനമായി കാണാൻ സംസ്ഥാനത്തിന്റെ ദൂരെ ദിക്കുകളിൽ നിന്നുപോലും ദർബാർ ഹാളിലേക്ക് ഒഴുകിയെത്തിയത്. പാവങ്ങൾക്ക് പ്രതീക്ഷയുടെ തുരുത്തായിരുന്നു . അദ്ദേഹം ആശുപത്രിയിൽ ആയിരുന്നപ്പോഴും തങ്ങൾക്കൊരു രക്ഷാ കവചമുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു.

പലരും അലറിക്കരഞ്ഞു.ചിലർ സങ്കടം ഉള്ളിലൊതുക്കി ‘കണ്ണേ കരളേ വി.എസേ ‘ എന്ന് നെഞ്ചുപൊട്ടുമാറ് മുദ്യാവാക്യം മുഴക്കി.

പ്രായത്തിന്റെ പരാധീനതകൾ വകവയ്ക്കാതെ,

ക്രച്ചസിലും മക്കളുടെ കൈപിടിച്ചും കാണാനെത്തിയവർ നിരവധിയാണ്.

നേരിട്ടുകണ്ടിട്ടില്ലെങ്കിലും ടി.വി.യിലും യൂട്യൂബ് വീഡിയോകളിലുമായി പ്രസംഗം കണ്ട് ആരാധകരായ നിരവധി കുട്ടികൾ അച്ഛനമ്മമാരോടൊപ്പം കാണാനെത്തിയിരുന്നു. ചേതനയറ്റ ശരീരത്തിന് മുന്നിൽ അവർ ദുഃഖാർത്ഥരായി.

‘ഇതിനപ്പുറം പ്രതിസന്ധികളെ അതിജീവിച്ച മനുഷ്യനല്ലേ ,പൊരുതി തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷ.”- കണ്ണൂർ സ്വദേശി സുകുമാരൻ പറഞ്ഞു.രാത്രി ഉറങ്ങിയില്ല. മകൾക്കൊപ്പം തലസ്ഥാനത്ത് താമസിക്കുന്ന സുകുമാരൻ രാവിലെ എട്ടുമണിക്ക് ദർബാർ ഹാളിലെത്തി. ഭൗതികദേഹം വിലാപയാത്രയായി കൊണ്ടുപോകുന്നതുവരെ സെക്രട്ടറിയേറ്റിന് മുന്നിൽ തന്നെയുണ്ടായിരുന്നു.

പാവങ്ങളുടെ ചക്രവർത്തിയായിരുന്നു. അച്ഛനെപ്പോലെയായിരുന്നു. ഓർമ്മകൾ എന്നും ജ്വലിച്ചുനിൽക്കും- കണ്ണീർ തുടച്ചുകൊണ്ട് പാർട്ടിഅംഗം സുജാതയുടെ വാക്കുകൾ. മനുഷ്യൻ ഉള്ളിടത്തോളം വി.എസിന്റെ ഓർമ്മകൾ നിലനിൽക്കുമെന്നതാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ കണ്ണീരോടെ പറഞ്ഞുവയ്‌ക്കുന്നത് . ഇതാണ് വി.എസ്‌ എന്ന രണ്ടക്ഷരം ബോദ്ധ്യപ്പെടുത്തുന്നതും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top