തിരുവനന്തപുരം: ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും പിതൃക്കൾക്ക് വാവുബലിയിട്ട് ആയിരങ്ങൾ. തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, കൊല്ലം തിരുമുല്ലവാരം, കാസർകോട് തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ഇന്നലെ പുലർച്ചെ 2.30 മുതൽ ബലിതർപ്പണത്തിന് വൻതിരക്കായിരുന്നു. വീട്ടുമുറ്റത്ത് ബലിയിട്ടവരുമുണ്ട്.
കനത്ത മഴയായതിനാൽ കടൽതീരത്തും പ്രധാന നദിക്കടവുകളിലും കനത്ത സുരക്ഷയൊരുക്കിയിരുന്നു. പൊലീസും ഫയർഫോഴ്സും നീന്തൽ വിദഗ്ദ്ധരും ഭക്തർക്ക് രക്ഷാവലയമൊരുക്കി. പ്രധാന സ്നാന ഘട്ടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തി. പ്രാദേശിക ക്ഷേത്രങ്ങളിലും കടവുകളിലും ബലിയിടാൻ സൗകര്യം ഒരുക്കിയിരുന്നതിനാൽ പ്രധാന കേന്ദ്രങ്ങളിൽ തിരക്ക് കുറവായിരുന്നു.
ശിവഗിരിയിൽ ബലിതർപ്പണത്തിന് ആയിരങ്ങളെത്തി
ശിവഗിരി :കർക്കടകവാവുബലിതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ ശിവഗിരിയിലെത്തി.
ചടങ്ങുകൾ നടന്ന അന്നക്ഷേത്രം മുതൽ ഗുരുപൂജാമന്ദിരത്തിന് മുന്നിൽ വരെ പുലർച്ചെ മുതൽ വിശ്വാസികളുടെ നീണ്ട നിരയായിരുന്നു. എല്ലാ ജില്ലകളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽനിന്നും വിദേശരാജ്യങ്ങളിൽനിന്നുമൊക്കെ വിശ്വാസികൾ എത്തിയിരുന്നു. ബലിതർപ്പണത്തിനൊപ്പം തിലഹവനവും നിർവഹിച്ചാണ് ഭക്തർ മടങ്ങിയത്. ശിവഗിരി മഠം വൈദിക ആചാര്യൻ സ്വാമി ശിവനാരായണതീർത്ഥ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. മനോജ് തന്ത്രി, രാമാനന്ദൻ ശാന്തി, ഉണ്ണി ശാന്തി തുടങ്ങിയവർക്കൊപ്പം വൈദിക വിദ്യാർത്ഥികളും സഹകാരികളായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ , ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ മാർഗനിർദ്ദേശം നല്കി. സ്വാമി വിരജാനന്ദ , സ്വാമി സുകൃതാനന്ദ, സ്വാമി സുരേശ്വരാനന്ദ എന്നിവരും സംബന്ധിച്ചു. പ്രഭാതഭക്ഷണവും ഗുരുപൂജാ പ്രസാദവും സ്വീകരിച്ചാണ് ഭക്തർ മടങ്ങിയത്.
തൃക്കുന്നപ്പുഴ കടൽത്തീരത്ത് വ്രതശുദ്ധിയോടെ ലക്ഷങ്ങൾ ബലിതർപ്പണം നടത്തി. പരശുരാമനാൽ പിതൃപൂജയ്ക്ക് പ്രാധാന്യം നൽകി പ്രതിഷ്ഠിക്കപ്പെട്ട തൃക്കുന്നപ്പുഴ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ 3 ന് നടതുറന്നു. 4ന് തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ 15 തന്ത്രിമാർ പിതൃപൂജയും തിലഹവനവും നടത്തി. തുടർന്ന് അപ്പം, അട, അരവണ വിതരണം നടന്നു. തീരത്ത് 40ൽൾരം പുരോഹിതന്മാരുടെ മേൽനോട്ടത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ നടന്നത്. അഖില ഭാരത അയ്യപ്പ സേവാ സംഘം 301-ാം ശാഖ നേതൃത്വം നൽകി.
തൃക്കുന്നപ്പുഴയിലേക്ക് കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് അധികസർവ്വീസ് നടത്തി . ഇന്നലെ വെളുപ്പിന് മുതൽ കടൽത്തീരത്തും ക്ഷേത്രത്തിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. നൂറ്റാണ്ടുകൾ പഴക്കമുള്ള തൃക്കുന്നപ്പുഴ ശ്രീധർമ്മാശാസ്താ ക്ഷേത്രം പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട അറബിക്കടലിലോട് ചേർന്ന ഏക ധർമ്മശാസ്താ ക്ഷേത്രമാണ്. ക്ഷത്രിയ നിഗ്രഹത്തിന് ശേഷം പരശുരാമൻ തൃക്കുന്നപ്പുഴ കടവിൽ ബലിതർപ്പണം നടത്തിയെന്നാണ് വിശ്വാസം. ബലിതർപ്പണ ശേഷം തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെത്തിയ ഭക്തർ പിത്യപൂജയും തിലഹവനവും നടത്തിയ ശേഷമാണ് മടങ്ങിപ്പോയത്. തൃക്കുന്നപ്പുഴയിലെ പാലം പൊളിച്ചത് കാരണം ഇത്തവണ വാഹനങ്ങളിൽ എത്തിയവർ പാലത്തിന് കിഴക്ക് ഭാഗം വാഹനങ്ങൾ സൂക്ഷിച്ച ശേഷം താല്കാലികപാലത്തിൽ കുടി കാൽനടയായാണ് കടപ്പുറത്ത് എത്തിയത്. പാലത്തിൽ തിക്കുംതിരക്കും ഒഴുവാക്കുവാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. ആറാട്ടുപുഴ, പല്ലന, തോട്ടപ്പള്ളി, കുമാരപുരം കവറാട്ട് ശ്രീ മഹാദേവ ക്ഷേത്രം, വീയപുരം ശ്രീധർമ്മശാസ്താക്ഷേത്രം, മുട്ടം ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയ ഇടങ്ങളിലും ബലിതർപ്പണം നടന്നു.
തൃശൂർ: സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും കടൽത്തീരങ്ങളിലും പിതൃമോക്ഷപ്രാപ്തിക്കായി കർക്കടക വാവുബലിയിട്ട് ആയിരങ്ങൾ പുണ്യം നേടി. ഇന്നലെ ജില്ലയിലെ മൂന്നുറിലേറെ കേന്ദ്രങ്ങളിൽ വാവുബലി തർപ്പണം നടന്നു. ഇന്നലെ പുലർച്ചെ മുതൽ ആരംഭിച്ച വാവുബലി തർപ്പണത്തിന് പതിനായിരങ്ങളെത്തി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രം, ആറാട്ടുപുഴ മന്ദാരം കടവ്, കൂർക്കഞ്ചേരി സോമിൽ റോഡ് കീഴ് തൃക്കോവിൽ, പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രം, ചാവക്കാട് പഞ്ചവടി, പുഴയ്ക്കൽ ധർമ്മശാസ്താ ക്ഷേത്രം, പാമ്പാടി ഐവർ മഠം, കോടശേരി ശിവപാർവ്വതി ക്ഷേത്രം തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് പേർ ബലിതർപ്പണം നടത്തി. സ്നാനഘട്ടങ്ങളിലും ക്ഷേത്രങ്ങളിലും വിപുലമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ സിറ്റി പൊലീസിന്റെയും റൂറൽപൊലീസിന്റെയും നേതൃത്വത്തിൽ വൻ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരുന്നു.
