കോട്ടയം: കർഷക തൊഴിലാളികളുടെ അവകാശ പോരാട്ടങ്ങളുടെ നായകനായ വി.എസ്.അച്യുതാനന്ദനെ പലരും വികസന വിരോധിയായി ചിത്രീകരിക്കുമ്പോൾ കുട്ടനാട്ടിൽ ആദ്യമായി കൊയ്തു യന്ത്രം കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കൂടി പിൻബലത്താലെന്ന് ജെ.എസ്.എസ് ജില്ലാ സെക്രട്ടറിയും പ്രമുഖ നെൽകർഷകനുമായ മദൻലാൽ.
‘ നെല്ല് കൊയ്യാൻ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാതെ വന്നതോടെ ‘ 24,000 പാടശേഖരത്തിൽ നാലു കൊയ്തു യന്ത്രം തമിഴ്നാട്ടിൽ നിന്ന് കുട്ടനാട്ടിൽ കൊണ്ടു വന്നു . യന്ത്രം ഇറക്കാൻ തൊഴിലാളികൾ സമ്മതിച്ചില്ല. 16 ദിവസം കൊയ്തു മുടക്കി സമരം നീണ്ടു. നെല്ല് നശിക്കുമെന്ന സ്ഥിതിയായതോടെ വി.എസ് അച്യൂതാനന്ദനെ ചെന്നു കണ്ടു. കൊയ്യാൻ ആളെ കിട്ടാത്ത സ്ഥിതിയും കൊയ്തു യന്ത്രം വലിയ തൊഴിൽ നഷ്ടമുണ്ടാക്കില്ലെന്നും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നെല്ല് കൊയ്തെടുക്കാമെന്നും വിളവും കർഷകർക്ക് വരുമാനവും കൂടുമെന്നും ധരിപ്പിച്ചതോടെ സമരം ചെയ്യുന്ന തൊഴിലാളികളുമായി വി.എസ് സംസാരിച്ചു.
കൊയ്തു യന്ത്രവും ഉപയോഗിക്കട്ടെ തടയേണ്ടെന്നു നിർദ്ദേശിച്ചതോടെ സമരം അവസാനിപ്പിച്ചു . ‘കൊയ്തു യന്ത്രം ഇറക്കുന്നതൊക്കെ കൊള്ളാം .തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുത്.പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായി ചർച്ച നടത്തി തൊഴിലാളി കൾക്കു ബുദ്ധിമുട്ടുണ്ടാക്കാതെ നോക്കണമെന്ന്’ പറഞ്ഞാണ് വി.എസ്. മടങ്ങിയത്. പിന്നീട് കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും മിക്ക പാടങ്ങളിലും കൊയ്ത യന്ത്രം ഇറക്കാൻ കർഷകർ തയ്യാറായത് വി.എസ് പകർന്ന ധൈര്യത്തിലാണെന്ന് ആദ്യമായി കൊയ്തു യന്ത്രം കുട്ടനാട്ടിൽ പരീക്ഷിച്ച മദൻലാൽ പറഞ്ഞു .നിലം ഉഴുന്നതിന് ട്രാക്ടർ ഉപയോഗിച്ചപ്പോഴും സമരമായി. നീണ്ടൂർ മങ്കുഴിപ്പാടത്ത് 16 ദിവസം സമരം നീണ്ടു. അവിടെയും വി.എസ് എത്തിയാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.
