ന്യൂഡൽഹി: ബ്രിട്ടണിൽ തൊഴിൽ തേടുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കൂടുതൽ അവസരങ്ങളും ചട്ടങ്ങളിൽ ഇളവും നൽകുന്ന സമഗ്ര സാമ്പത്തിക വാണിജ്യകരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പ്രതിവർഷം അറുപതിനായിരത്തിലേറെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ഗുണം ചെയ്യും.
ഇന്ത്യയിൽ നിന്നുള്ള ഒട്ടേറെ ഉത്പന്നങ്ങൾക്ക് ചുമത്തിയിരുന്ന നികുതി പൂർണമായി ഒഴിവാക്കും. മത്സ്യ ഉത്പന്നങ്ങളും സുഗന്ധദ്രവ്യങ്ങളും നാണ്യ വിളകളും ഇവയിൽ ഉൾപ്പെടുന്നതിനാൽ കേരളത്തിൽ നിന്നുള്ള കയറ്റുമതി വർദ്ധിക്കും. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതിനാൽ പ്രാബല്യത്തിൽ വരാൻ ഒരു വർഷത്തോളമാവും.
യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമറുടെയും ബ്രിട്ടണിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സാന്നിദ്ധ്യത്തിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും യു.കെ ബിസിനസ് ആൻഡ് ട്രേഡ് സ്റ്റേറ്റ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സുമാണ് കരാറിൽ ഒപ്പിട്ടത്.
ഇന്ത്യൻ തുണിത്തരങ്ങൾ, പാദരക്ഷകൾ, രത്നങ്ങൾ, ആഭരണങ്ങൾ, എൻജിനിയറിംഗ്, കാർഷിക ഉത്പന്നങ്ങൾക്കും, സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയ്ക്കും യു.കെ വിപണി തുറന്നുകൊടുക്കും. പകരം ബ്രിട്ടീഷ് ഉത്പന്നങ്ങൾക്ക് ചുമത്തുന്ന നികുതിയിൽ ഇന്ത്യയും ഇളവുവരുത്തും. 2.9 ലക്ഷം കോടിയുടെ വ്യാപാര വർദ്ധനയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രതീക്ഷിക്കുന്നത്.
കേരളത്തിന് ഗുണമാകുന്ന
ഡ്യൂട്ടി ഫ്രീ ഇനങ്ങൾ
(നിലവിലെ തീരുവ ബ്രാക്കറ്റിൽ)
തേയില, കാപ്പി, പച്ചക്കറികൾ, ധാന്യങ്ങൾ, എണ്ണകൾ (10%), പഴങ്ങൾ(20%), സുഗന്ധവ്യഞ്ജനങ്ങൾ(8%), എണ്ണക്കുരുക്കൾ(8%), മൃഗ ഉത്പന്നങ്ങൾ(20%വരെ), ചെമ്മീൻ അടക്കമുള്ള സമുദ്ര ഉത്പന്നങ്ങൾ(20%), സംസ്കരിച്ച ഭക്ഷണം (70%), പ്ലാസ്റ്റിക്/ റബ്ബർ(6%), വസ്ത്രങ്ങൾ(12%)
ഇന്ത്യയിൽ വില കുറയുന്ന
ബ്രിട്ടീഷ് ഉൽപന്നങ്ങൾ
# വിസ്‌കി നികുതി 150 ശതമാനത്തിൽ നിന്ന് 75 ആയും പത്തുവർഷത്തിനുള്ളിൽ 40 ആയും കുറയ്ക്കും.
# ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി 110 ശതമാനത്തിൽ നിന്ന് പത്താക്കും.
# ചോക്ലേറ്റ്, ബിസ്‌ക്കറ്റ്, പാനീയങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യ വർദ്ധക വസ്‌തുക്കൾ, വിമാന ഘടകങ്ങൾ എന്നിവയ്ക്കും നികുതി 15 ശതമാനത്തിൽ നിന്ന് മൂന്നാക്കും.
സാങ്കേതികവിദ്യയ്ക്കും ധനകാര്യത്തിനും പുതിയ ഊർജ്ജം നൽകും. ബിസിനസ് എളുപ്പമാക്കും.
-പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യയിൽ മെഡിക്കൽ ഉപകരണങ്ങൾ പോലുള്ള യു.കെ നിർമ്മിത ഉത്പന്നങ്ങൾ ചുരുങ്ങിയ വിലയിൽ ലഭ്യമാകും.
-യു.കെ പ്രധാനമന്ത്രി സ്റ്റാമർ
ഇന്ത്യ-യുകെ സമഗ്ര സഹകരണത്തിന് വിഷൻ 2035
ന്യൂഡൽഹി: പ്രധാന മേഖലകളിൽ പത്ത് വർഷത്തെ സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യ-യുകെ വിഷൻ 2035ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാമറും അംഗീകാരം നൽകി.സമ്പദ്‌വ്യവസ്ഥ, വളർച്ച, സാങ്കേതികവിദ്യ, നവീകരണം, ഗവേഷണം, വിദ്യാഭ്യാസം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ പ്രവർത്തനം, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലാണ് സഹകരണം. ഇരു പ്രധാനമന്ത്രിമാരും നേരിട്ട് മേൽനോട്ടം നൽകും.സാങ്കേതികവിദ്യ, വ്യാപാരം, നിക്ഷേപം, സാമ്പത്തിക മേഖല സഹകരണം തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിദേശകാര്യ മന്ത്രി തലത്തിൽ അവലോകനം. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട വ്യാപാര കരാറിനെ അടിസ്ഥാനമാക്കിയാണ് ഇതു നടപ്പാക്കുക.
ബക്കിംഗ്ഹാംഷെയറിലെ ചെക്കേഴ്‌സിലുള്ള കൺട്രി വസതിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.കെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ സ്വീകരിച്ചു.
പങ്കാളിത്തം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം, തൊഴിലവസരം എന്നിവ വർദ്ധിപ്പിക്കുന്ന ചരിത്രപരമായ വ്യാപാര കരാറിനെ (സി.ഇ.ടി.എ) ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നൽകിയ ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും സ്റ്റാർമറിന് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു
മറ്റ് തീരുമാനങ്ങൾ:
പ്രതിരോധ ഉൽപ്പന്നങ്ങളുടെ സഹ-രൂപകൽപ്പന, സഹ-വികസനം, സഹ-ഉൽപ്പാദനം എന്നിവയ്‌ക്കായി പ്രതിരോധ വ്യാവസായിക റോഡ്മാപ്പ്
സി.ബി.ഐയും യു.കെ നാഷണൽ ക്രൈം ഏജൻസിയും തമ്മിൽ കുറ്റാന്വേഷണത്തിൽ ധാരണാപത്രം
ബ്രിട്ടണിൽ ഇന്ത്യൻ വസ്ത്രങ്ങൾക്ക് വില കുറയും, വില്പന കൂടും
ന്യൂഡൽഹി: ഇന്ത്യയും ബ്രിട്ടണും തമ്മിൽ ഒപ്പുവച്ച സമഗ്ര സാമ്പത്തിക വാണിജ്യ കരാറിലൂടെ ബംഗ്ലാദേശ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മത്സരം മറികടന്ന് ഇന്ത്യൻ തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും യു.കെ വിപണി കൈയടക്കാം. കരകൗശല ഉൽപ്പന്നങ്ങളുടെ കയറ്റുമതി കൂടും. സമുദ്രോത്പന്നങ്ങൾ, പാൽ, മാംസ ഉൽപ്പന്നങ്ങൾക്കും നേട്ടം.
ഇരു രാജ്യങ്ങളും കഴിഞ്ഞ മൂന്നുവർഷമായി തുടരുന്ന ചർച്ചകൾ പലവട്ടം വഴിമുട്ടിയെങ്കിലും ഇക്കഴിഞ്ഞ മേയിലാണ് അന്തിമ ധാരണയിൽ എത്താൻ കഴിഞ്ഞത്. ഇന്ത്യൻ കാർഷിക, വ്യാവസായിക മേഖലകളെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ഇറക്കുമതി ഇളവു നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്.
ബ്രിട്ടണിൽ നികുതി നീക്കുന്ന മറ്റ് ഉൽപന്നങ്ങൾ
(ബ്രാക്കറ്റിൽ നിലവിലെ നികുതി)
മരം/പേപ്പർ(10%), ടെക്സ്റ്റൈൽ/വസ്ത്രങ്ങൾ(12%), ഗതാഗതം/ഓട്ടോ (18%), അലുമിനിയം(10%), ഇരുമ്പ്-ഉരുക്ക് (2%)
ചെമ്പ്(4%), ലെഡ്, നിക്കൽ(2%), ഓർഗാനിക് കെമിക്കൽസ്(8%)
ഇൻഓർഗാനിക് കെമിക്കൽസ് (4%), മറ്റു രാസവസ്തുക്കൾ(8%)
ഇലക്ട്രിക്കൽ യന്ത്രങ്ങൾ(14%), ഫർണിച്ചർ/സ്പോർട്സ് സാധനങ്ങൾ(4%)
രത്നങ്ങളും ആഭരണങ്ങളും(4%), ഹെഡ്ഗിയർ/ഗ്ലാസ്/സെറാമിക്(12%)
ഉപകരണങ്ങൾ/ക്ലോക്കുകൾ(6%), തുകൽ/പാദരക്ഷകൾ(16%)
മെക്കാനിക്കൽ യന്ത്രങ്ങൾ(8%), ധാതുക്കൾ(8%), ആയുധങ്ങൾ/വെടിക്കോപ്പുകൾ(2%),
ഓഫീസ് ഇല്ലെങ്കിലും യു.കെയിൽ
ഇന്ത്യക്കാർക്ക് 2 വർഷം തങ്ങാം
പ്രകാരം ഇന്ത്യൻ പ്രൊഫഷണലുകൾക്ക്
യു.കെയിൽ ഓഫീസ് ഇല്ലെങ്കിലും രണ്ടു വർഷം വരെ 35 മേഖലകളിൽ പ്രവർത്തിക്കാമെന്ന് സൂചന. നിലവിൽ ഒരു ലക്ഷത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ ആയിരം സ്ഥാപനങ്ങളുമുണ്ട്.
സാമൂഹിക സുരക്ഷാ ഫണ്ടിലേക്ക് വിഹിതം അടയ്ക്കുന്നതിൽ ആദ്യ മൂന്നു വർഷം ഇളവ് നൽകും. താത്കാലികമായി താമസിക്കുന്നതിനും ജോലി ലഭിക്കുന്നതിനും സഹായം. അദ്ധ്യാപകർ, സംഗീതജ്ഞർ, യോഗാ പരിശീലകർ, പാചക വിദഗ്ദധർ തുടങ്ങിയവർക്കും ഗുണം ചെയ്യും
