പുലർച്ചെ ഒരുമണി
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽനിന്ന് പുറത്തിറങ്ങുന്നു
പുലർച്ചെ 4.15
പത്താം ബ്ലോക്കിന്റെ മതിൽ ചാടിക്കടക്കുന്നു. സി.സി.ടി.വി ഇല്ലാത്ത ഭാഗത്തേക്ക് നടക്കുന്നു. അതിനിടയിൽ വലിയ മതിലിനടുത്തേക്ക് നടക്കുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
4.15 നും 4.30 നും ഇടയിൽ
ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിന് സമീപമുള്ള മതിൽ ചാടുന്നു. ഒരാൾ ഉയരമുള്ള ബ്ലോക്കിന്റെ മതിൽ ചാടി ജയിലിന്റെ 20 അടി ഉയരമുള്ള പ്രധാന മതിലും ചാടി പുറത്തെത്തുന്നു. രണ്ട് പ്ലാസ്റ്റിക വാട്ടർ ടാങ്കും അതിന് മുകളിൽ സ്റ്റൂൾ പോലുള്ള കസേരയും പാത്രവും വച്ചാണ് മതിൽ കയറിയത്. മറുഭാഗത്തേക്ക് കയറിൽ പുതപ്പ് കെട്ടിയിട്ടാണ് താഴേക്ക് ഇറങ്ങിയത്. ഈ സമയത്ത് വേഷം കറുത്ത കറുത്ത പാന്റും വെളുത്ത ഷർട്ടും
6.30ന് ശേഷം
ഇയാൾ ജയിലിന് പുറത്തെത്തി കണ്ണൂർ ഭാഗത്തേക്ക് നടന്നുപോകുന്നു.
9.15
സെൻട്രൽ ജയിലിൽനിന്ന് കണ്ണൂർ ടൗൺ ഭാഗത്ത് മൂന്നര കിലോമീറ്റർ ദൂരെ തളാപ്പിൽ വച്ച് ഒരാൾ ഇയാളെ തിരിച്ചറിയുന്നു.
9.30
പൊലിസ് സ്ഥലത്തെത്തുന്നു. നാട്ടുകാരും എത്തി തെരച്ചിൽ. ഈ സമയം പ്രതി അവിടെ നിന്നും ഓടുന്നു
10
ഗോവിന്ദച്ചാമി തളാപ്പിനടുത്തുള്ള വർഷങ്ങളായി പൂട്ടികിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മതിൽ ചാടി ഉള്ളിൽ കടക്കുന്നു. നിറയെ കാടുപിടിച്ച് കെട്ടിടമായതിനാൽ പെട്ടെന്ന് ഇയാളെ കാണാതാകുന്നു. ഒളിച്ചിരുന്ന കാടുമൂടിയ സ്ഥലം പൊലിസും ജനങ്ങളും വളഞ്ഞതോടെ ഇയാൾ മതിൽ ചാടിക്കടന്ന് സമീപത്തെ കെട്ടിടത്തിന്റെ കിണറ്റിൽ കിണറ്റിൽ ചാടുന്നു.
10.40
തളാപ്പ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കിണറ്റിൽ അവിടത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ കണ്ടെത്തുന്നു.
10.45
പൊലീസ് വാഹനത്തിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള പൊലിസ് ട്രെയിനിങ്ങ് സെന്ററിൽ എത്തിക്കുന്നു. ചോദ്യം ചെയ്യൽ.
11.30
മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക കൊണ്ടുപോകുന്നു
3.00
പ്രതിയുമായി ടൗൺ പൊലീസ് സ്റ്റേഷനിൽ
4.00
സെൻട്രൽ ജയിലിൽ തെളിവെടുപ്പിനായി എത്തിക്കുന്നു
- മുന്നൊരുക്കം തിരിച്ചറിഞ്ഞില്ല, മെലിഞ്ഞു, താടിവളർത്തി
പൊലീസ് ചോദ്യം ചെയ്യലിലാണ് ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ ഗോവിന്ദച്ചാമി വെളിപ്പെടുത്തിയത്.സെല്ലിന്റെ കമ്പിയിൽ ദ്രവിക്കാനായി ഉപ്പ് തേച്ച് തുരുമ്പിപ്പിച്ചു, ചപ്പാത്തി മാത്രം കഴിച്ച് ശരീരഭാരം കുറച്ചു; ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങിയാണ് ചപ്പാത്തി മാത്രം കഴിച്ചത്. മാസങ്ങളായി വ്യായാമം ചെയ്തു.ശരീരഭാരം പകുതിയായി കുറഞ്ഞിരുന്നു. ജയിൽ കമ്പി കട്ട് ചെയ്യാനുള്ള ആയുധം നേരത്തെ എത്തിച്ചു.ജയിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് നിന്നും ബ്ലേഡ് സംഘടിപ്പിച്ചു. ദിവസങ്ങളായി കമ്പികൾ മുറിച്ചുകൊണ്ടിരിക്കുകയായിരുന്നു.ജയിൽ മോചിതരായാവരുടെ തുണികളും ശേഖരിച്ചു വച്ചിരുന്നു.
ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ ചിത്രമെന്നു പറഞ്ഞ് ഇന്നു രാവിലെ ജയിൽവകുപ്പ് പുറത്തു വിട്ടതിൽ മൊട്ടയടിച്ച്, കുറ്റിത്താടിയുള്ള രൂപമായിരുന്നു. എന്നാൽ പിടികൂടുമ്പോൾ കട്ടത്താടിയും മുടിയുമായിരുന്നു.ഷേവിംഗ് അലർജിയാണെന്ന കാരണം പറഞ്ഞ് പ്രത്യേക അനുമതിയോടെയാണ് താടി വളർത്തിയത്. പുറത്തിറങ്ങിയാൽ തിരിച്ചറിയാതിരിക്കാനായിരുന്നു ആ നീക്കം.
ഗോവിന്ദച്ചാമിയുടെ ഭീഷണി ‘മിണ്ടരുത്, കുത്തിക്കൊന്നുകളയും”
തളാപ്പിലെ എൽ.ഐ.സി ഓഫീസിനു സമീപത്തെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനും വിമുക്തഭടനുമായ എം.ഉണ്ണിക്കൃഷ്ണനാണ് ഇയാളെ കിണറ്റിൽ കണ്ടത്. കിണറ്റിനു സമീപത്തെ കെട്ടിടത്തിൽക്കയറി അതിനോടു ചേർന്നുള്ള ഷീറ്റിന് മുകളിൽ കയറിയശേഷമാണ് കിണറ്റിലേക്ക് ചാടുന്നത്.
ഷീറ്റിൽ ചാടിയ ശബ്ദം ഉണ്ണിക്കൃഷ്ണൻ കേട്ടിരുന്നു. ശബ്ദമെന്തെന്ന് അറിയാനാണ് അദ്ദേഹം കിണറ്റിനരികിലേക്ക് എത്തിയത്. കിണറ്റിലെ കയറിൽ പിടിച്ച് വെള്ളത്തിലേക്ക് മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ഗോവിന്ദച്ചാമിയെയാണ് ഉണ്ണിക്കൃഷ്ണൻ കണ്ടത്. മിണ്ടിയാൽ കുത്തി കൊന്നുകളയുമെന്ന് ഗോവിന്ദച്ചാമി ഭീഷണി മുഴക്കിയതായി ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. തുടർന്ന് ശബ്ദമുണ്ടാക്കി കിണറ്റിനരികിലേക്ക് പൊലീസിന്റെ ശ്രദ്ധ തിരിച്ചു. 20 മിനിറ്റിനുള്ളിൽ ഇയാളെ പുറത്തെടുത്തുവെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
‘ഒരു കൈ ഇല്ലായിരുന്നു; ആളു കൂടിയപ്പോൾ മതിൽ ചാടി ഓടി “
ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ രാവിലെ 9ഓടെ കണ്ടിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ മൊഴി നൽകി. മധു എന്ന ഓട്ടോ ഡ്രൈവറാണ് ഇയാളെ ആദ്യം കണ്ടത്. ഒരു കൈ ഇല്ലായിരുന്നെന്നും അത് ഒളിച്ചുവച്ചിരുന്നെന്നും മധു പറഞ്ഞു. തലയിൽ ഒരു കെട്ടുമായി റോഡിലൂടെ ഒരു കൂസലുമില്ലാതെ നടക്കുകയായിരുന്നു. സംശയം തോന്നിയ മധു ഗോവിന്ദച്ചാമി പോകുന്നു എന്ന് വിളിച്ചുപറഞ്ഞു. പേര് കേട്ടതോടെ ഇയാൾ കാടു മൂടിക്കിടന്നിരുന്ന പ്രദേശത്തേക്ക് ഓടിക്കയറി. റോഡിന്റെ വശത്തുകൂടി നടന്നുവരുന്നത് കണ്ടെന്നും യാചകനെപ്പോലെ തോന്നിയെന്നും മറ്റൊരു ദൃക്സാക്ഷിയായ വിനോജും പറഞ്ഞു.
