തൃക്കരിപ്പൂർ: മൺസൂൺ കാല ട്രോളിംഗ് നിരോധനം നീങ്ങുന്നു. കഴിഞ്ഞ ജൂൺ ഒൻപതിനു തുടങ്ങിയ അൻപത്തൊന്നു ദിവസത്തെ നിരോധനമാണ് ഈ മാസം 31 അർദ്ധരാത്രി മുതൽ നീങ്ങുക.
ആഗസ്റ്റ് ഒന്നുമുതൽ കടലിലെ മത്സ്യബന്ധനം പതിവ് പോലെയാകും. അതുകൊണ്ടുതന്നെ മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളും അവരുടെ കുടുംബങ്ങളും അനുബന്ധ മേഖലയും ഏറെ പ്രതീക്ഷയിലാണ്. മടക്കര തുറമുഖം കേന്ദ്രീകരിച്ച് കടലിൽ പോകുന്ന ബോട്ടുകളിലെ അന്യ സംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.
വറുതിക്കാലത്തിനു ശേഷം ഒരുപാട് പ്രതീക്ഷയോടും സ്വപ്നങ്ങളുമായാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകുന്നത്. കടലിലെ ചാകര മാത്രമാണ് ഇനിയുള്ള ഏക പ്രതീക്ഷ.
ബോട്ടുകളുടെ അറ്റകുറ്റപ്പണി നടത്തിയും പഴയ വലകളുടെ കേടുപാടുകൾ തീർത്തും പുതിയവ വാങ്ങിയും കടലിൽ പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി വരികയാണ്. ജില്ലയിൽ മഞ്ചേശ്വരം, കാസർകോട് കസബ, ചെറുവത്തൂർ മടക്കര എന്നിവടങ്ങളിലെ മീൻപിടിത്ത തുറമുഖം കേന്ദ്രീകരിച്ചാണ് ജില്ലയിലെ 150ഓളം ബോട്ടുകൾ മീൻപിടിക്കുന്നത്. ഇതിൽ ഭൂരിഭാഗം ബോട്ടുകളും മടക്കര തുറമുഖം കേന്ദ്രീകരിച്ചാണ് മീൻ പിടിക്കുന്നത്.
ബോട്ടു തൊഴിലാളികളും അനുബന്ധ തൊഴിലാളികളുമായി ഈ രംഗത്ത് ആയിരക്കണക്കിന് തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ട്രോളിംഗ് നിരോധന കാലത്ത് മത്തിയുടെ വില കിലോയ്ക്ക് 400രൂപ വരെ എത്തിയിരുന്നു. കടൽ വിഭവങ്ങളുടെ ലഭ്യതക്കുറവ് സാധാരണക്കാരന്റെ തീൻ മേശയേയും ബാധിക്കുന്നുണ്ട്. ഇതൊന്ന് മാറണമെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ കടലമ്മ കനിയണം.
ട്രോളിംഗിൽ മടക്കര പഴയ മത്സ്യബന്ധന തുറമുഖത്ത് നിർത്തിയിട്ട ബോട്ടുകൾ
