കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്ന എം.കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.
കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷ്. മലയാളത്തിന്റെ പല തലങ്ങളിലും തനതായ സംഭാവന നൽകിയ സാനുമാഷ് കേരളത്തിന്റെ അഭിമാനമാണ്. ശ്രേഷ്ഠനായ അദ്ധ്യാപകൻ, പണ്ഡിതനായ പ്രഭാഷകൻ, ജനകീയനായ പൊതുപ്രവർത്തകൻ, നിസ്വാർത്ഥനായ സാമൂഹ്യസേവകൻ, നിസ്വപക്ഷമുള്ള എഴുത്തുകാരൻ, സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ എന്നിങ്ങനെ സാനുമാഷിന് വിശേഷണങ്ങൾ ധാരാളമുണ്ട്.
സാനുമാഷിന്റെ ജീവിതം ആരംഭിക്കുന്നത് വളരെ സാധാരണമായ ചുറ്റുപാടുകളിൽ നിന്നാണ്. അവിടെ നിന്നാണ് അദ്ദേഹം ലോകത്തോളം വളർന്നത്. ജീവിതത്തിൽ തനിക്കുണ്ടാകുന്ന വിഷമതകൾ തന്റെ മാത്രം വിഷമതകളല്ല എന്നും അതിൽ ലോകക്രമത്തിന്റെ സ്വാധീനമുണ്ട് എന്നും മനസിലാക്കിയ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അതു പലപ്പോഴും അദ്ദേഹത്തിന്റെ എഴുത്തുകളിൽ തെളിഞ്ഞു കാണാനും കഴിഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം ഈ ദർശനങ്ങളിലുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അന്തർമുഖനായ ഒരു വ്യക്തി സാമൂഹിക ജീവിതവുമായി ഇടപഴകുമ്പോൾ ഉണ്ടാകുന്ന മാറ്റമാണ് നാം അദ്ദേഹത്തിൽ കണ്ടത്. വിഷാദകവിതകളോട് അദ്ദേഹത്തിനുണ്ടായിരുന്ന മമത സൂചിപ്പിക്കുന്നത് അശരണരോടും ദുഃഖിതരോടും ചേർന്നുനിൽക്കാനുള്ള വ്യഗ്രത കൂടിയാണ്. അത് ജീവിതാന്ത്യം വരെ അദ്ദേഹം അങ്ങനെ തന്നെ സൂക്ഷിച്ചുപോന്നു.
സാനുമാഷിന്റെ ജീവിതത്തിലെ മറ്റൊരു ഘട്ടം ആരംഭിക്കുന്നത് അദ്ധ്യാപന ജീവിതത്തോടു കൂടിയാണ്. കുട്ടികളോടുള്ള പ്രത്യേക വാത്സല്യം അവരുടെ പ്രിയപ്പെട്ട അദ്ധ്യാപകനായി അദ്ദേഹത്തെ മാറ്റി. സ്‌കൂൾ അദ്ധ്യാപകനായി ചേർന്ന ശേഷം പിന്നീട് കോളേജ് അദ്ധ്യാപന രംഗത്ത് അദ്ദേഹം എത്തിച്ചേരുകയുണ്ടായി. ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു. എന്റെ വിദ്യാർത്ഥി ജീവിതകാലത്തിനു ശേഷമാണ് കുറച്ചുകാലം തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ദേഹം അദ്ധ്യാപകനായി എത്തുന്നത്. അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. വിദ്യാർത്ഥികളെയും യുവാക്കളെയും പൊലീസ് തല്ലിച്ചതയ്ക്കുന്ന സന്ദർഭങ്ങളിൽ വേദനിക്കുന്ന സാനുമാഷിനെ ഞാൻ കണ്ടിട്ടുണ്ട്. ശരിക്കും മാനവികതയിലൂന്നിയ സമഭാവ ദർശനം എന്തെന്നു പഠിക്കാനുതകുന്ന പാഠപുസ്തകം കൂടിയായിരുന്നു ആ ജീവിതം.
പിൽക്കാലത്ത് വ്യക്തിപരമായി നല്ല നിലയിലുള്ള അടുപ്പം ഞങ്ങൾ തമ്മിലുണ്ടായി. പലതവണ അദ്ദേഹത്തെ കാണാൻ വേണ്ടി മാത്രം കരിക്കാമുറിയിലെ ‘സന്ധ്യ’ എന്ന വീട്ടിൽ എത്തിയിട്ടുണ്ട്. എല്ലാവരോടും സമഭാവത്തോടെ പെരുമാറുന്ന അദ്ദേഹത്തിന്റെ സവിശേഷത മാതൃകാപരമാണ്.
സഖാവ് ഇ.എം.എസുമായി സംവാദാത്മകമായ ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതുകൊണ്ടുകൂടിയാണ്, കോളേജ് അദ്ധ്യാപനത്തിൽ നിന്നും വിരമിച്ച ശേഷം, ഇ.എം.എസിന്റെ അപേക്ഷ പരിഗണിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം തയ്യാറായത്. നിയമസഭാംഗമായി നാലുവർഷം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അദ്ദേഹം നടത്തിയത്. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിൽ കേൾക്കാനും അവ മന്ത്രിമാരുടെയും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാനും അദ്ദേഹം സദാ ജാഗരൂകനായിരുന്നു.
ശ്രീനാരായണ ദർശനങ്ങളെ നവകേരള സൃഷ്ടിയോട് ബന്ധിപ്പിച്ച ഒരു കണ്ണി കൂടിയാണ് സാനു മാഷിന്റെ വിയോഗത്തിലൂടെ വേർപെട്ടുപോയത്. ശ്രീനാരായണ ദർശനത്തോടൊപ്പം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വങ്ങളിൽ ഉറച്ചുനിന്നു പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളും സമൂഹത്തെ മുന്നോട്ടുനയിക്കാനും പുതിയൊരു സമൂഹം കെട്ടിപ്പടുക്കാനും സഹായകമാകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. താൻ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേർക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ഗുരുവിന്റെ കാലടികൾ പിന്തുടർന്നയാൾ
പാണ്ഡിത്യത്തിന്റെയും എളിമയുടെയും ഗിരിശൃംഗങ്ങളിൽ വിഹരിച്ചയാളായിരുന്നു പ്രൊഫ. എം.കെ.സാനു. ഗുരുദേവ ദർശനം നെഞ്ചേറ്റിയ പ്രതിഭാശാലിയായ അദ്ദേഹത്തിന്റെ വിയോഗം മലയാള ഭാഷയ്ക്കും ഗുരുദേവ വിശ്വാസികൾക്കും തീരാനഷ്ടമാണ്. ഗുരുദേവനെയും കുമാരനാശാനെയും ആഴത്തിൽ പഠിച്ചും എഴുതിയും പ്രഭാഷണം നടത്തിയും ജനങ്ങൾക്കിടയിൽ ജീവിച്ച് അവരുടെ മനസ് കീഴടക്കിയ പണ്ഡിതശ്രേഷ്ഠനായിരുന്നു അദ്ദേഹം. സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിറഞ്ഞ് നിൽക്കുമ്പോഴും ഗുരുദേവന്റെ കാലടികൾ പിന്തുടർന്നാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ആ ചിന്തകളും രചനകളും എക്കാലവും ഗുരുദേവന്റെ കാലാതീത ദർശനത്തോട് ചേർന്നുനിൽക്കുന്നതായിരുന്നു. ശാന്തനായും സൗമ്യനായും പെരുമാറുമ്പോഴും നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന സാനുവിന്റെ ശൈലി മാതൃകാപരമായിരുന്നു. ഇത്രയേറെ ശിഷ്യസമ്പത്തുള്ള അദ്ധ്യാപകരും അപൂർവം. ജീവിതാന്ത്യം വരെ ജനങ്ങൾക്കിടയിൽ നിൽക്കാൻ ഭാഗ്യം സിദ്ധിച്ചയാളാണ് അദ്ദേഹം. പൊതുചടങ്ങുകളിൽ പങ്കെടുക്കാത്ത ദിവസങ്ങൾ തന്നെ വിരളം. ഈ വാർദ്ധക്യത്തിലും വ്യക്തിജീവിതവും വിശ്രമവും മാറ്റിവച്ച് രോഗങ്ങളെയോ മരണത്തെയോ ഭയക്കാതെ നാടിന്റെ നന്മയ്ക്കും വികസനത്തിനും വേണ്ടി പരിശ്രമിച്ചാണ് അദ്ദേഹം ലോകത്തെ വിട്ടുപിരിഞ്ഞത്. കേരളത്തിന്റെ നവോത്ഥാനത്തിനൊപ്പം വളർന്നയാളാണ് സാനു. ആ തലമുറയുടെ അവസാന കണ്ണികളിലൊന്നുമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
– വെള്ളാപ്പള്ളി നടേശൻ
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി
ഗുരുവായിരുന്നു സാനുമാഷിന്റെ
ശരി: സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരം: മലയാളത്തിന്റെ സുകൃതവും അമൃതവുമായിരുന്നു പ്രൊഫ. എം.കെ.സാനുമാസ്റ്ററെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുസ്മരിച്ചു. ഭാഷയെ അത്രയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ആദരിക്കുകയും സൗന്ദര്യവത്കരിക്കുകയും വിനിമയം ചെയ്യുകയും ചെയ്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യത്തിലെയും സമുദായത്തിലെയും സമൂഹത്തിലെയും ശക്തനായ തിരുത്തൽകാരനായി ശോഭിച്ചു നിന്ന അദ്ദേഹത്തിന്റെ വിമർശനത്തിന് ആയുധത്തേക്കാൾ മൂർച്ചയുണ്ടായിരുന്നു. ഗദ്യകാവ്യങ്ങളെ ഇത്രയധികം ഇണക്കിയെടുക്കാൻ മറ്റൊരു എഴുത്തുകാരനും കഴിഞ്ഞിട്ടില്ല. അദ്ദേഹം എഴുതിയതെല്ലാം ജീവനുള്ള ജീവചരിത്രങ്ങളാണ്. ശ്രീനാരായണഗുരുദേവന്റെ ജീവചരിത്രങ്ങളിൽ ഏറ്റവും മിഴിവേറിയ ഗ്രന്ഥങ്ങളുടെ തലപ്പത്താണ് അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് പിറന്ന ശ്രീ നാരായണഗുരു സ്വാമികളുടെ ജീവചരിത്രം. ഗുരുദർശനത്തിന്റെ ആഴമറിഞ്ഞ് ആവിഷ്കരിക്കുന്നതിലും സാനുമാഷ് മുന്നിലായിരുന്നു. ഏതു കാര്യത്തിലും ഗുരുവായിരുന്നു അദ്ദേഹത്തിന്റെ ശരി. ശിവഗിരിയുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും കടമയും ധർമ്മവും തിരിച്ചറിയുന്നതിലും തിരിച്ചറിയിക്കുന്നതിലും ശ്രദ്ധാലുവായിരുന്ന അദ്ദേഹം, ദീർഘകാലം ശിവഗിരി വേദികളിലെ സ്ഥിരം ശബ്ദവും സാന്നിദ്ധ്യവുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നവോത്ഥാന കേരളത്തിനും ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും വലിയൊരു നഷ്ടമായി ശേഷിക്കും.
