സെബാസ്റ്റ്യൻ സീരിയൽ കില്ലർ, ബിന്ദു മുതൽ സിന്ധു വരെ

ആലപ്പുഴ / ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയിൻ മാത്യുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സി.എം. സെബാസ്റ്റ്യൻ (68) നാടിനെ ഞെട്ടിക്കുന്ന സീരിയൽ കില്ലറെന്ന് സംശയം. ഇയാളുടെ ചേർത്തല പള്ളിപ്പുറത്തുള്ള ചൊങ്ങുംതറ വീട്ടുപരിസരം കുഴിച്ചപ്പോൾ തലയോട്ടി, തുടയെല്ല്, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടം എന്നിവ ലഭിച്ചിരുന്നു. എന്നാൽ ജെയ്‌നമ്മയ്ക്ക് ക്ളിപ്പിട്ട പല്ലുണ്ടായിരുന്നില്ല. അവശിഷ്ടങ്ങളുടെ ഡി.എൻ.എ ഫലം വന്നിട്ടില്ല.

വർഷങ്ങൾക്ക് മുമ്പ് കാണാതായ പഞ്ചായത്ത് മുൻ ജീവനക്കാരി ചേർത്തല വാരനാട് വെളിയിൽ ഐഷയ്‌ക്ക് (58) ക്ളിപ്പിട്ട പല്ലുണ്ടായിരുന്നു. ഐഷയുടെ മകളുടെ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനയ്‌ക്കായി ശേഖരിച്ചു. ചേർത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭൻ (47), ചേർത്തലതെക്ക് വള്ളാക്കുന്നത്തുവെളി സിന്ധു (43) എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.

മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ ഇന്ന് പ്രതിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിലെ മറ്റിടങ്ങൾ കുഴിക്കും. കോട്ടയം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള പ്രതി കുറ്റസമ്മതം നടത്തിയിട്ടില്ല.

സ്വത്ത് തട്ടിയശേഷം കൊലപാതകം

1. ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി 2017ലാണ് ലഭിച്ചത്. ബിന്ദുവിന് എറണാകുളം ഇടപ്പള്ളിയിലുണ്ടായിരുന്ന സ്ഥലം വ്യാജരേഖ ചമച്ച് സെബാസ്റ്റ്യൻ തട്ടിയെടുത്തെന്ന് കേസുണ്ട്. സെബാസ്റ്റ്യന്റെ വീടിന്റെ പല ഭാഗവും കുഴിച്ച് നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. വിസമ്മതിച്ചതിനാൽ നുണ പരിശോധന നടന്നില്ല.

2. പാലയിലെ ധ്യാന കേന്ദ്രത്തിൽ വച്ചാണ് ജെയിൻ മാത്യുവിനെ (ജെയ്നമ്മ -55) സെബാസ്റ്റ്യൻ പരിചയപ്പെട്ടത്. സ്ഥലമിടപാട് നടത്തിയിരുന്നു. ജെയ്നമ്മയുടെ സ്വർണം സെബാസ്റ്റ്യൻ വിറ്റെന്ന് കണ്ടെത്തി. ധ്യാനത്തിനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെയിനിനെ 2024 ഡിസംബർ 23നാണ് കാണാതായത്. ജെയ്നമ്മയുടെ ഫോൺ സെബാസ്റ്റ്യൻ ഈരാറ്റുപേട്ടയിൽവച്ച് റീച്ചാർജ് ചെയ്തിരുന്നു.

3. ഐഷയെ 2012 മേയ് 13നാണ് കാണാതായത്. ഫോൺ വന്നതിനെ തുടർന്ന് ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി. കുടുംബസ്വത്ത് തർക്കം നിലനിന്നിരുന്ന ഐഷയ്ക്ക് സമീപവാസിയുടെ അഞ്ച് സെന്റ് സ്ഥലം വാങ്ങിനൽകാൻ മുൻകൈയെടുത്തത് സെബാസ്റ്റ്യനായിരുന്നു.

4. തിരുവിഴ ക്ഷേത്രത്തിലേക്ക് പോയ സിന്ധുവിനെ 2020 ഒക്ടോബർ 19നാണ് കാണാതായത്. ക്ഷേത്രത്തിൽ വഴിപാട് നടത്തിയതായി കണ്ടെത്തി. മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. സെബാസ്റ്റ്യനുമായി ബന്ധപ്പെടുത്തുന്ന തെളിവുകൾ ലഭിച്ചിട്ടില്ല

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top