ഓണസദ്യ വീട്ടിലെത്തിക്കാൻ മത്സരിച്ച് കാറ്ററിംഗുകാർ

ഓണത്തിനൊപ്പം സദ്യയും കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് കാറ്ററിംഗ് സ്ഥാപനങ്ങൾ. വീട്ടിൽ സദ്യയൊരുക്കാൻ സാധിക്കാത്തവർക്ക് അടിപൊളി സദ്യ വീട്ടിലെത്തിച്ചു നൽകും. വിളമ്പാനുള്ള ഇലയും കുത്തരിച്ചോറും രണ്ടിനം പായസവും അടക്കം 20ലേറെ വിഭവങ്ങളുമായുള്ളതാണ് മിക്ക കാറ്ററിംഗ് സ്ഥാപനങ്ങളുടെയും ഓണസദ്യ. വാട്‌സാപ്പിലൂടെ ഓർഡർ നൽകാം. പണം ഓൺലൈനായി അടയ്ക്കാം.

ഉപ്പേരി, പഴം, പപ്പടം, അച്ചാർ, രണ്ടുതരം പായസം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ തുടങ്ങിയവയാണ് സദ്യയിലുള്ളത്. ഇഷ്ടമുള്ള പായസം ഓർഡർ ചെയ്യാം. ഒരാൾക്കുള്ള സദ്യയ്ക്ക് 180 മുതൽ 500 രൂപ വരെയാണ് വില. പാലട, അടപ്രഥമൻ, പരിപ്പ്, പഴം, കരിക്ക്, പൈനാപ്പിൾ, ഗോതമ്പ് തുടങ്ങിയ പായസങ്ങൾ ലിറ്ററിന് 200- 350 രൂപ നിരക്കിൽ ലഭിക്കും.

പായസം, മറ്റ് വിഭവങ്ങൾ എന്നിവ മാത്രമായും നൽകും. അഞ്ചുപേർക്കുള്ള സദ്യയ്ക്ക് രണ്ട് പായസവും 20ൽ അധികം വിഭവങ്ങളുമുൾപ്പടെ 1500 രൂപ മുതലാണ് നിരക്ക്. തിരുവോണ ദിവസങ്ങളിൽ പല കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഹോം ഡെലിവറി ഉണ്ടാവില്ല. അടുത്ത ദിവസം തിരിച്ചേല്പിക്കണമെന്ന കരാറിൽ സദ്യയ്ക്കുള്ള വിഭവങ്ങൾ പാത്രങ്ങളിൽ തന്നു വിടും. ചില സ്ഥാപനങ്ങൾ പ്രത്യേക ബോക്സുകളിലും നൽകും.

ഒരാൾക്ക് സദ്യയ്ക്ക്

₹180- 500

ഹോം ഡെലിവറിയില്ല, പാത്രത്തിൽ തന്നുവിടും

 നിശ്ചയിച്ചിട്ടുള്ള തീയതി കഴിഞ്ഞാലോ നിശ്ചിത എണ്ണം ബുക്കിംഗ് ലഭിച്ചാലോ പിന്നെ പുതിയ ഓർഡറുകൾ സ്വീകരിക്കില്ല

 കുറഞ്ഞത് അഞ്ചുപേർക്കുള്ള സദ്യ ബുക്ക് ചെയ്യണമെന്ന നിബന്ധന ചില കാറ്ററിംഗ് സ്ഥാപനങ്ങൾക്കുണ്ട്

 സദ്യയുടെ പരസ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽസജീവമാണ്. വീടുകളിൽ നിന്നുള്ള ഓർഡറുകളാണ് ലഭിക്കുന്നതിൽ കൂടുതലും

 ഓണത്തിനോടടുത്ത ദിവസങ്ങളിൽ വിവിധ ഓഫീസുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള ഓർഡറുകൾ ലഭിക്കും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top