നെൽ വില:കർഷകർക്ക് കിട്ടാനുണ്ട് 474 കോടി

ആലപ്പുഴ: ഓണത്തിന് കഷ്ടിച്ച് നാലാഴ്ച ശേഷിക്കെ,​ കഴിഞ്ഞ സീസണിലെ പുഞ്ചക്കൃഷിയിൽ സർക്കാർ സംഭരിച്ച നെൽവിലയിൽ കർഷകർക്ക് ഇനിയും കിട്ടാനുണ്ട് 474 കോടി രൂപ. രണ്ടാഴ്ച മുമ്പ് സർക്കാർ അനുവദിച്ച 33 കോടി രൂപ വിതരണം ചെയ്തിട്ടും നാലിലൊന്നിലേറെ കർഷകർക്ക് ഇനിയും അദ്ധ്വാനത്തിന്റെ വില ലഭിച്ചിട്ടില്ല.

നെൽച്ചെടികൾക്ക് വളപ്രയോഗത്തിന്റെ സമയമായിരിക്കെ, കർഷകർ ദുരിതത്തിലാണ്.

കാലവർഷക്കെടുതി ഉൾപ്പെടെ തരണം ചെയ്ത് കടം വാങ്ങിയാണ് ഇത്തവണയും കൃഷിയിറക്കിയത്. സപ്ളൈകോയ്ക്ക് കൈമാറിയ നെല്ലിന്റെ പണം എന്ന് കിട്ടുമെന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. കൃഷി വകുപ്പിൽ നിന്നോ സപ്ലൈകോയിൽ നിന്നോ പണം ലഭ്യമാക്കുന്ന കാര്യത്തിൽ അധികൃതർക്കും വ്യക്തമായ ഉത്തരമില്ല. നെൽവില നൽകാനായി കേന്ദ്രം അനുവദിച്ച തുകയും സംസ്ഥാനം വക മാറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കർഷക സംഘടനകളുടെ ആക്ഷേപം.

വായ്‌പയ്‌ക്കും

രക്ഷയില്ല

നെൽവില ഇനത്തിൽ കർഷകരുടെ അക്കൗണ്ടിലേക്ക് കനറാ ബാങ്കും,എസ്.ബി.ഐയും കൈമാറിയ തുക തിരികെ ലഭിക്കുന്നതിനുള്ള കാലതാമസമാണ് പ്രശ്നമെന്നാണ്

ബാങ്കുകൾ പറയുന്നത്. സർക്കാരിൽ നിന്ന് ലഭിക്കുന്ന തുകയ്ക്കനുസരിച്ചേ പി.ആർ.എസ് പേമെന്റ് നടത്താനാകൂന്നുവെന്ന നിലപാടിലാണവർ. പി.ആർ.എസ് വായ്പയുടെ പേരിൽ സിബിൽ സ്കോറില്ലാത്തതിനാൽ ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാൻ പലർക്കും കഴിയുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും കാലവർഷക്കെടുതികളിൽ തകരാറിലായ വീടുകളുടെ അറ്റകുറ്റപ്പണിക്കും ഉൾപ്പെടെ വായ്പ തേടി ബാങ്കുകളിലെത്തുന്ന കർഷകർക്ക്, സപ്ളൈകോയ്ക്ക് നെല്ല് കൈമാറിയതിന്റെ പേരിൽ അത് നിഷേധിക്കപ്പെടുകയാണ്.

□സംഭരിച്ച നെല്ല് …………………5.80 ലക്ഷം ടൺ

□ആകെ കർഷകർ………………..2,06,878

□നെൽ വില…………………..1,645 കോടി

□കൊടുത്തത്……………………..1,171 കോടി

‘സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ, ചിങ്ങം ഒന്നിന് തോട്ടപ്പള്ളിയിൽ ഉപവാസമുൾപ്പെടെയുള്ള സമരപരിപാടികൾ ആരംഭിക്കാനാണ് ആലോചന.’

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top