സിന്ധു നദീജലം: ഭീഷണി തുടർന്ന് പാകിസ്ഥാൻ

സ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനം ആവർത്തിച്ച് പാകിസ്ഥാൻ. സിന്ധു നദീജല കരാർ ലംഘിച്ച് പാകിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ നിറുത്തിയാൽ പ്രകോപനമുണ്ടാകുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറും മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷെഹബാസിന്റെയും ഭീഷണി. പാകിസ്ഥാനിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാൻ കഴിയില്ലെന്ന് അയാൾ വീമ്പിളക്കി. ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കമുണ്ടായാൽ, പാകിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നും ഷെഹബാസ് പറഞ്ഞെന്നാണ് റിപ്പോർട്ട്. ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജമ്മു കാശ്മീരിലെ ചെനാബ് നദിയിൽ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. 1856 മെഗാവാട്ടിന്റെ ഈ പദ്ധതിക്ക് പാകിസ്ഥാന്റെ അനുമതി തേടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുനീറിന്റെ ആണവ ഭീഷണിയെ ഇന്ത്യ ഔദ്യോഗികമായി അപലപിച്ചിരുന്നു.

വെള്ളം പാക്കിസ്ഥാന്റെ ‘ജീവനാഡി’ ആണെന്ന് ഷഹബാസ് വിശേഷിപ്പിച്ചു. രാജ്യാന്തര ഉടമ്പടികൾ പ്രകാരമുള്ള രാജ്യത്തിന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. 26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ നിറുത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഭീഷണിയുമായി പാക് നേതാക്കൾ രംഗത്തെത്തിയത്. പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്നും തങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യു.എസിൽ പാക് വംശജരുടെ യോഗത്തിൽ സൈനിക മേധാവി അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് അതു തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടായാൽ 6 നദികളുടെ അധികാരം പാക്കിസ്ഥാൻ പിടിച്ചെടുക്കുമെന്നാണ് ബിലാവൽ പറഞ്ഞത്. 1960ൽ ഇന്ത്യയും പാകിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ അനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‍ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാകിസ്ഥാനും ഉപയോഗിക്കാം. 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top