ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജിയും നിയമജ്ഞനുമായ ബി. സുദർശൻ റെഡ്ഡി (79) ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ” മുന്നണിയുടെ സ്ഥാനാർത്ഥിയാകും. ആന്ധ്രാ പ്രദേശ് സ്വദേശിയാണ്. തമിഴ്നാട്ടുകാരനായ എൻ.ഡി.എ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനെ നേരിടാൻ അവിടെ നിന്ന് തന്നെ സ്ഥാനാർത്ഥിയെ കണ്ടെത്തുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ അവസാന നിമിഷം വരെ ‘ഇന്ത്യ” മുന്നണി സർപ്രൈസ് സൂക്ഷിച്ചു.
എൻ.ഡി.എ നേതാക്കൾ സമവായത്തിന് ശ്രമിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് സുദർശൻ റെഡ്ഡിയുടെ പേര് പ്രഖ്യാപിച്ചത്. ഇതോടെ രണ്ട് ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥികളുടെ ഏറ്റുമുട്ടലിന് കളമൊരുങ്ങി. രാധാകൃഷ്ണൻ ഇന്നും സുദർശൻ റെഡ്ഡി നാളെയും നാമനിർദ്ദേശപത്രിക സമർപ്പിക്കും.
തിരഞ്ഞെടുപ്പ് ആശയപരമായ പോരാട്ടമാണെന്ന് ഖാർഗെ പ്രതികരിച്ചു. ഇന്ത്യയുടെ മൂല്യങ്ങൾ ആക്രമിക്കപ്പെടുന്നു. അതിനാൽ സ്ഥാനാർത്ഥിയെ നിറുത്തണമെന്നത് പ്രതിപക്ഷം ഒറ്റക്കെട്ടായി തീരുമാനിക്കുകയായിരുന്നു. സുദർശൻ റെഡ്ഡി ഭരണഘടനാ-ജനാധിപത്യ മൂല്യങ്ങൾ പിന്തുടരുന്ന വ്യക്തിത്വമാണ്. അതിനാലാണ് അദ്ദേഹത്തെ തീരുമാനിച്ചത്. എൻ.സി.പി ശരദ് വിഭാഗം നേതാവ് ശരദ് പവാർ, ഡി.എം.കെയിലെ കനിമൊഴി തുടങ്ങി എല്ലാ പ്രധാന നേതാക്കളും പിന്തുണച്ചു. ആംആദ്മി പാർട്ടിയും അനുകൂലിച്ചു.
സുദർശൻ റെഡ്ഡി രാഷ്ട്രീയത്തിന് അതീതമായ മുഖം
ന്യൂഡൽഹി: ബി.ജെ.പി തമിഴ് കാർഡ് പുറത്തെടുക്കുമ്പോൾ അതിനൊപ്പം ചേരേണ്ടതില്ലെന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ നിലപാടാണ് ‘ഇന്ത്യ’ മുന്നണിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി നിർണയത്തിൽ നിർണായകമായത്. വിജയിക്കാനുള്ള സംഖ്യ പക്കലില്ലാത്ത പ്രതിപക്ഷത്തിനിത് പ്രതീതാത്മക മത്സരമാണ്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനെയും മാറ്റുകയാണ് പ്രതിപക്ഷം. അതിനാലാണ് ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയുടെ പേര് നിശ്ചയിച്ചതും. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിനെയും,എൻ.ഡി.എ സഖ്യകക്ഷിയായ ടി.ഡി.പിയെയും രാഷ്ട്രീയമായി പ്രതിരോധത്തിലാക്കുന്നതാണ് സ്ഥാനാർത്ഥി നിർണയം. ഇരുപാർട്ടികളും എൻ.ഡി.എയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും തെലുഗ് അഭിമാനം കത്തിനിൽക്കുന്ന ആന്ധ്രാ രാഷ്ട്രീയത്തിൽ ആന്ധ്രാപ്രദേശുകാരനായ സുദർശൻ റെഡ്ഡിക്കൊപ്പം നിൽക്കാത്തത് ചലനമുണ്ടാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. ഇന്ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രതിപക്ഷ പാർട്ടി എം.പിമാർ ഒത്തുകൂടുന്നുണ്ട്.
1946 ജൂലായ് 8ന് ആന്ധ്രാപ്രദേശിലെ രംഗറെഡ്ഡി ജില്ലയിൽ കർഷക കുടുംബത്തിൽ ജനനം
1971ൽ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു
1988ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകൻ
1993 മേയ് 2ന് ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായി
2005 ഡിസംബറിൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്
2007 ജനുവരി 12ന് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം
2011 ജൂലായിൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചു
ഗോവയിലെ ആദ്യ ലോകായുക്തയായി 2013 മാർച്ചിൽ നിയമിതനായി
വ്യക്തിപരമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ഏഴു മാസത്തിന് ശേഷം ലോകായുക്ത സ്ഥാനം രാജിവച്ചു
നിലവിൽ ഹൈദരാബാദിലെ ഇന്റർനാഷണൽ ആർബിട്രേഷൻ ആൻഡ് മീഡിയേഷൻ സെന്റർ ട്രസ്റ്റി
എൻ.ഡി.എയ്ക്ക് ഭീഷണിയില്ല
