നിരപരാധിക്ക് പൊലീസ് മർദ്ദനം അന്വേഷണം തുടങ്ങി; യുവാവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും

കൊച്ചി: ബാറ്ററിമോഷണം ആരോപിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചെന്ന പരാതിയിൽ മൂവാറ്റപുഴ ഡിവൈ.എസ്.പി അന്വേഷണം തുടങ്ങി. പെരുമ്പല്ലൂർ വള്ളിക്കാട് മടത്തികുടിയിൽ അമൽ ആന്റണിക്കാണ് (35) മർദ്ദനമേറ്റത്. ഇയാൾ ആലുവ റൂറൽ എസ്.പിക്ക് നൽകിയ പരാതി വിശദമായി അന്വേഷണത്തിന് ഡിവൈ.എസ്.പിക്ക് കൈമാറി. എത്രയുംവേഗം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ഇന്നോ നാളെയോ അമലിന്റെ മൊഴി രേഖപ്പെടുത്തും.

കഴിഞ്ഞ 12നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പൂവില്പന കേന്ദ്രത്തിൽനിന്ന് ബാറ്ററി മോഷണംപോയി. കട ഉടമ സി.സി ടിവി പരിശോധിച്ചപ്പോൾ കടയുടെ മുന്നിലൂടെ യുവാവ് ബാറ്ററിയുമായി പോകുന്നത് കണ്ടിരുന്നു. തുടർന്നുള്ള അന്വേഷണം ടൗണിലെ ആക്രിക്കടയിലെത്തി. പിന്നീട് അമലിനെതിരെ പൂക്കടഉടമ പൊലീസിൽ പരാതിനൽകി. തുടർന്ന് മൂവാറ്റുപുഴ സ്റ്റേഷനിലെ എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് യുവാവിനെ വീട്ടിൽനിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി. പൊലീസ് സ്റ്റേഷൻവരെ ജീപ്പിൽവച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അമൽ പറഞ്ഞു.

ഏത് കടയിൽനിന്ന് മോഷ്ടിച്ച ബാറ്ററിയാണ് വിറ്റതെന്ന് ചോദിച്ചായിരുന്നു മർദനം. കുറ്റം സമ്മതിക്കാതെ വന്നതോടെ ബാറ്ററിയുടെ ബില്ലുമായി എത്താൻ കട ഉടമയോട് പൊലീസ് ആവശ്യപെട്ടു. ബില്ല് പരിശോധിച്ചതോടെ യുവാവ് വിറ്റ ബാറ്ററി കടയിൽനിന്ന് കാണാതായതല്ലെന്ന് വ്യക്തമായി. തന്റെ വീട്ടിലെ ഉപയോഗശൂന്യമായ ബാറ്ററി വിൽക്കാനാണ് ഈ കടയുടെ മുന്നിലൂടെ കടന്നുപോയതെന്ന് അമൽ പറയുന്നു. ഇയാൾ നിരപരാധിയാണന്ന് മനസിലാക്കിയതോടെ സ്റ്റേഷനിൽനിന്ന് പൊലീസ് വിട്ടയച്ചു.

പരിക്കേറ്റ അമൽ സ്വകാര്യ ആയുർവേദ ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തന്നെ ക്രൂരമായി മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നുമാവശ്യപ്പെട്ടാണ് അമലിന്റെ പരാതി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top