62 കാരിയുടെ കൊലപാതകം : അബൂബക്കറല്ല കൊലയാളി, പ്രതികളായ ദമ്പതികൾ അറസ്റ്റിൽ

ആലപ്പുഴ : തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക്‌ താമസിച്ചിരുന്ന 62കാരിയുടെ കൊലപാതകത്തിൽ വൻവഴിത്തിരിവ്. യഥാർത്ഥ പ്രതികളായ ദമ്പതികൾ പിടിയിലായതോടെ, കഴിഞ്ഞ ദിവസം അറസ്റ്റിലായ 60കാരൻ അബൂബക്കറല്ല കൃത്യം നടത്തിയതെന്നു വ്യക്തമായി. പല്ലന സ്വദേശിയും കരുനാഗപ്പള്ളിയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന സൈനുലാബ്ദീൻ (കൊച്ചുമോൻ, 44) , ഭാര്യ അനീഷ (38) എന്നിവരെയാണ്‌ അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുലർച്ചെ കരുനാഗപ്പള്ളിയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സൈനുലാബ്ദീന്റെ മൂന്നാം ഭാര്യയാണ് അനീഷ. വൃദ്ധയുടെ മോഷണം പോയ മൊബൈൽ ഇവരിൽ നിന്ന് കണ്ടെടുത്തതാണ് വഴിത്തിരിവായത്.

മുമ്പ് വൃദ്ധയുടെ വീടിനു സമീപം സൈനുലാബ്ദീൻ വാടകയ്ക്ക്‌ താമസിച്ചിരുന്നു. അവർ ഒറ്റയ്ക്ക്‌ താമസിക്കുന്നതിനാൽ മോഷണം എളുപ്പമാകുമെന്ന്‌ കരുതി. 16ന് രാത്രി ഭാര്യ അനീഷയോടെപ്പം മോഷണത്തിനെത്തി. ഇരുവരും മദ്യപിച്ചിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് കയറിയെങ്കിലും സ്വർണമോ വിലപിടിപ്പുള്ള സാധനങ്ങളോ ലഭിച്ചില്ല. ഫോൺ മാത്രം എടുത്തു. ഇരുവരെയും വൃദ്ധ കണ്ടതോടെ സൈനുലാബ്ദീൻ കഴുത്ത്‌ ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 17നാണ് കൊലപാതകം പുറത്തറിഞ്ഞത്. സ്വിച്ച് ഓഫായ ഫോൺ വെള്ളിയാഴ്ച കരുനാഗപ്പള്ളി ടവർ ലൊക്കേഷനിൽ പ്രവർത്തന സജ്ജമായി. തുടർന്നാണ് പിടിയിലായത്.

അബൂബക്കറിന് കൊലക്കുറ്റം ഇല്ല

കഴിഞ്ഞ ദിവസം പിടികൂടിയ അമ്പനാകുളങ്ങര പുത്തൻവീട്ടിൽ

അബൂബക്കറിന് (68)

കൊലപാതകവുമായി ബന്ധമില്ലെന്ന്‌ പൊലീസ്‌ സ്ഥിരീകരിച്ചു. സ്‌ത്രീയുമായി ദീർഘകാലത്തെ ബന്ധമുണ്ടായിരുന്ന അബൂബക്കർ സംഭവദിവസം കൊലപാതകം നടക്കുന്നതിനു മുമ്പേ ഇവരുടെ വീട്ടിലുണ്ടായിരുന്നു. പീഡനത്തിനിരയായതായി പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചതായി പൊലീസ്‌ പറഞ്ഞു. കടുത്ത ആസ്ത്മാരോഗിയായ വൃദ്ധ താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ മരിച്ചതായിരിക്കുമെന്ന്‌ കരുതിയ അബൂബക്കർ ചോദ്യം ചെയ്യലിൽ പൊലീസിനോട് കുറ്റം സമ്മതിച്ചു. അബൂബക്കറിനെതിരെ ചുമത്തിയ കൊലപാതകക്കുറ്റം ഒഴിവാക്കും. എന്നാൽ പീഡനക്കുറ്റമുൾപ്പെടെ നിലനിൽക്കുമെന്ന് പൊലീസ്‌ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top