മലയോര റെയിൽ സ്വപ്നം ട്രാക്കിലേക്ക് ശബരിപാത നെടുമങ്ങാട് വഴി

അടുത്തും അകന്നും പ്രതീക്ഷയുടെ ഇരമ്പം തീർത്ത മലയോര റെയിൽപ്പാത പദ്ധതി ഒന്നേകാൽ നൂറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിൽ ട്രാക്കിലേക്ക്. എരുമേലി -നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്ന വിധമാണ് നിർദിഷ്ട അങ്കമാലി-ശബരി പാതയുടെ പുതുക്കിയ റൂട്ട് നിശ്ചയിട്ടുള്ളത്. എരുമേലി മുതൽ ബാലരാമപുരം വരെ 160 കി.മീറ്ററാണ് പുതിയ റെയിൽപ്പാത.ബാലരാമപുരം,കാട്ടാക്കട,നെടുമങ്ങാട്,വെഞ്ഞാറമൂട്, കിളിമാനൂർ,അഞ്ചൽ,പുനലൂർ,പത്തനാപുരം,കോന്നി,പത്തനംതിട്ട,പെരിനാട്,അത്തിക്കയം,എരുമേലി എന്നിവയാണ് പുതുക്കിയ റൂട്ടിലെ പ്രധാന സ്റ്റേഷനുകൾ. കുളത്തൂപ്പുഴ-പാലോട്-വിതുര പ്രദേശങ്ങൾ ലൈനിന്റെ പരിധിയിൽ വന്നിട്ടില്ലെന്നത് ന്യൂനതയാണ്.

1997-98 കാലയളവിലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയാണ് എരുമേലി-ശബരി പാത.മൊത്തം ചെലവിന്റെ അമ്പത് ശതമാനം സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനിച്ചതോടെയാണ് നടപടികൾക്ക് വേഗമേറിയത്.കിഫ്‌ബി മുഖേന പണം ലഭ്യമാക്കുമെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.

ആദ്യ സർവേ 1901ൽ

1901ൽ ചെങ്കോട്ട റെയിൽവേ ജംഗ്ഷൻ രൂപപ്പെടുന്നതിന് രണ്ടു വർഷം മുമ്പുതന്നെ നെടുമങ്ങാട് – തിരുവനന്തപുരം ലൈനിന്റെ സർവേ നടന്നിരുന്നതായി ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.തിരുവിതാംകൂർ സർക്കാർ ധനസഹായത്തിന് പ്രാപ്തരായ വ്യവസായികളുടെ പിന്തുണ തേടിയെങ്കിലും ലഭിച്ചില്ല. കൊല്ലത്തെ വ്യവസായികൾ സഹായഹസ്തം നൽകാൻ സന്നദ്ധരായി.അങ്ങനെയാണ്, 1904ൽ കൊല്ലം – ചെങ്കോട്ട ലൈൻ യാഥാർത്ഥ്യമായത്.

കൂട്ടായ ശ്രമത്തിൽ പുതിയ റൂട്ട്

പതിറ്റാണ്ടുകൾക്ക് മുമ്പ് പുനലൂർ- തെന്മല പാത നിർമ്മാണ ഘട്ടത്തിൽ കുളത്തൂപ്പുഴ-പാലോട് -നെടുമങ്ങാട് വഴി മലയോര പാത പരിഗണനയിലുണ്ടായിരുന്നു. നെടുമങ്ങാട് താലൂക്ക് റെയിൽവേ ഭൂപടത്തിൽ അന്യം നിൽക്കുന്നത് ആദ്യമായി അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നത് കേരളകൗമുദിയാണ്. നിരവധി സെമിനാറുകളും സംഘടിപ്പിച്ചു.2022ൽ മന്ത്രിമാരായ ജി.ആർ.അനിലും വി.ശിവൻകുട്ടിയും കേന്ദ്ര റെയിൽവേ സഹമന്ത്രിയേയും ബോർഡ് ചെയർമാനെയും സന്ദർശിച്ച് പാത നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ വിഹിതം സംബന്ധിച്ച് ഉറപ്പ് നൽകി.അടൂർ പ്രകാശ് എം.പിയും മുൻ എം.പി എ.സമ്പത്തും പലവട്ടം ലോക്സഭയിൽ ഇക്കാര്യമുന്നയിച്ചിട്ടുണ്ട്.കേന്ദ്രസഹ മന്ത്രിയായിരുന്ന വി.മുരളീധരൻ അടുത്തിടെ പ്രധാനമന്ത്രിക്ക് നിവേദനം നൽകി.

പി.എം ഗതിശക്തി

ഡയറക്ടറുടെ നിർദേശം

റെയിൽവേ കണക്റ്റിവിറ്റിയല്ലാത്ത അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെയും ജില്ലാ ആസ്ഥാനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കാൻ പി.എം ഗതിശക്തി ഡയറക്ടർ 2022 നവംബറിൽ റെയിൽവേ സോണൽ ജനറൽ മാനേജർമാർക്ക് നൽകിയ സുപ്രധാന നിർദേശമാണ് വഴിത്തിരിവായത്. ഇതനുസരിച്ച് കെ.റെയിൽ പ്രാഥമിക പഠനം നടത്തി ഗതാഗത വകുപ്പുമായി സഹകരിച്ചാണ് പുതുക്കിയ റൂട്ട് തയ്യാറാക്കിയത്.ഈ നിർദേശത്തിനാണ് കേന്ദ്ര റെയിൽവേ ബോർഡ് പ്രാഥമികാംഗീകാരം നൽകിയിരിക്കുന്നത്.

എരുമേലി-പുനലൂർ-ബാലരാമപുരം: ശബരി റെയിൽ വിഴിഞ്ഞത്തേക്ക്,​വികസന പാളത്തിന് അംഗീകാരം

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ സമഗ്ര വികസനത്തിന് പാളമൊരുക്കുന്ന ശബരി റെയിൽപാത എരുമേലിയിൽ നിന്ന് പുനലൂർ വഴി ബാലരാമപുരത്തേക്ക് നിർമ്മിക്കുന്ന പദ്ധതിക്ക് തത്വത്തിൽ അംഗീകാരം. വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതോടെ പുനലൂർ വരെ നീളുന്ന വ്യവസായ മേഖലയ്ക്ക് കരുത്തേകുന്നതാണ് പുതിയ പാത.

എന്നാൽ യാഥാർത്ഥ്യമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വരും. എരുമേലിയിൽ നിന്ന് ആരംഭിക്കുന്ന റെയിൽപാത ബാലരാമപുരം വരെ എത്താൻ പതിമൂന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ വേണ്ടിവരും.

ശബരിമല തീർത്ഥാടകരെ ലക്ഷ്യമിട്ടാണ് റെയിൽ പാതയെങ്കിലും റെയിൽവേ കടന്നെത്താത്ത പ്രദേശങ്ങളിൽ പുതിയ പാത വന്നാൽ വൻ വികസന കുതിപ്പുണ്ടാകും. അങ്കമാലി ശബരി റെയിൽപാത വിഴിഞ്ഞത്തേക്ക് നീട്ടണമെന്ന് അടൂർ പ്രകാശ് എം.പി ലോക് സഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. ഇതിലൂടെ എം.സി റോഡിലെ തിരക്ക് കുറയ്ക്കാൻ കഴിയും.
2022ൽ റെയിൽവേ കണക്ടിവിറ്റിയില്ലാത്ത അമ്പതിനായിരത്തിലധികം ജനസംഖ്യയുള്ള സ്ഥലമായി നെടുമങ്ങാട് ഉൾപ്പെട്ടതാണ്. ഇതുവഴി ബന്ധിപ്പിച്ചാണ് പുതിയ റൂട്ട് തയ്യാറാക്കിയിരിക്കുന്നത്. എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, എ.എ.റഹീം എന്നിവരും പുതിയ പാതയ്ക്കായി ഇടപെട്ടിരുന്നു. മദ്ധ്യകേരളത്തിന്റെ കാർഷിക-വ്യാവസായിക വളർച്ചയ്ക്ക് കരുത്താകുന്ന പാത റെയിൽവേയ്ക്ക് ലാഭകരമായ റൂട്ടായിരിക്കും. കൂടുതൽ ദീർഘദൂര – ചരക്ക് ട്രെയിനുകൾക്കും പാത പ്രയോജനപ്പെടുത്താം.

ട്രെയിനിലേറും കണ്ടെയ്നറുകൾ

 വിഴിഞ്ഞം പോർട്ടിൽ നിന്നുള്ള കണ്ടെയ്നർ നീക്കം ട്രെയിൻമാർഗമാക്കാം

 റോഡുകളിലെ തിരക്ക് ഒഴിവാക്കാം

 ഗ്രാമീണ മേഖലയ്ക്ക് യാത്രാ ചെലവിലും വലിയ ആശ്വാസം

 പത്തനംതിട്ട-തിരുവനന്തപുരം ജില്ലകളെ ബന്ധിപ്പിക്കും

 റെയിൽപാത പുനലൂരിൽ സംഗമിക്കുമ്പോൾ ചെങ്കോട്ട- കൊല്ലം റൂട്ടിലും യാത്രക്കാർ വർദ്ധിക്കും

 ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞത്തേക്ക് റെയിൽ സാഗർ പദ്ധതിയിൽ ഉൾപ്പെടുത്തി പാത നീട്ടണമെന്ന കേരള സർക്കാരിന്റെ ആവശ്യം കേന്ദ്ര പരിഗണനയിൽ

സ്റ്റേഷനുകൾ

 എരുമേലി  അത്തിക്കയം  പെരിനാട്  പത്തനംതിട്ട  കോന്നി  പത്തനാപുരം  പുനലൂർ  അഞ്ചൽ  കിളിമാനൂർ  വെഞ്ഞാറമൂട്  നെടുമങ്ങാട്  കാട്ടാക്കട  ബാലരാമപുരം

ദൂരം

160 കിലോ മീറ്റർ


പദ്ധതിക്ക് വേണ്ടിവരുന്നത്

₹ 4800 കോടി

(പ്രാഥമിക വിലയിരുത്തൽ)

പുതിയ റെയിൽപാതയ്ക്ക് സ്ഥലം ഏറ്റെടുപ്പാകും പ്രധാന കടമ്പ. പാത സഫലമാകാൻ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരും.

ജനപ്രതിനിധികൾ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top