എം.എൽ.എയായി തുടരും, സഭയിൽ ഏകനാവും
യുവ നേതാക്കളുടെ സമ്മർദ്ദത്തിന് പാർട്ടി വഴങ്ങി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവച്ചേ മതിയാവൂ എന്ന കടുത്ത നിലപാടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഉറച്ചുനിന്നെങ്കിലും നടപടി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള സസ്പെൻഷനിൽ ഒതുങ്ങി.
വനിതാനേതാക്കളുടെ കൂട്ടായ മുറവിളിയും ഫലം കണ്ടില്ല. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കി എന്ന സമാശ്വാസത്തിലാണ് കെ.പി.സി.സി നേതൃത്വം.
എം.എൽ.എയായി തുടരാമെങ്കിലും പാർലമെന്ററി പാർട്ടി അംഗത്വമുണ്ടാവില്ല. അടുത്ത നിയമസഭ സമ്മേളനം നടക്കുമ്പോൾ, അവധി എടുപ്പിക്കാനാണ് സാദ്ധ്യത. ഇരിപ്പിടം മാറ്റാൻ സ്പീക്കർക്ക് കത്ത് നൽകുന്നത് യു.ഡി.എഫ് തീരുമാനിക്കും.
രാഹുലിന് പരസ്യമായി കവചം തീർത്ത ഷാഫിപറമ്പിൽ എം.പിയുടെയും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥിന്റെയും ഇടപെടലും ഹൈക്കമാൻഡിന്റെ മൃദുസമീപനവുമാണ് നടപടി സസ്പെൻഷനിൽ ഒതുങ്ങാൻ കാരണമെന്ന് സൂചന.എം.എൽ.എ സ്ഥാനം രാജി വച്ചാൽ ഉപതിരഞ്ഞെടുപ്പ് വന്നേക്കാമെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് ഷാഫിയും വിഷ്ണുനാഥും എ.ഐ.സി.സി നേതൃത്വത്തെ തങ്ങളുടെ പാതയിലേക്കു കൊണ്ടുവന്നത്. ഇലക്ഷൻ കമ്മിഷനും കോൺഗ്രസും കൊമ്പുകോർത്തിരിക്കുന്ന പശ്ചാത്തലത്തിൽ അതിനു സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകി.
കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണിജോസഫ് എം.എൽ.എ ഇന്നലെ ഉച്ചയ്ക്ക് വാർത്താസമ്മേളനത്തിലാണ് നടപടി അറിയിച്ചത്. എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് പറയുന്നതിൽ ഒരു യുക്തിയുമില്ലെന്നും പരാതിയും കേസുമില്ലാത്ത ആരോപണങ്ങളുടെ പേരിൽ രാജി വയ്ക്കുന്ന കീഴ്വഴക്കം കേരളത്തിലില്ലെന്നും സണ്ണിജോസഫ് പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാർ എന്നിവരുമായി കൂടിയാലോചിച്ച് എടുത്ത തീരുമാനം ഹൈക്കമാൻഡിനെ അറിയിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തി. സസ്പെൻഷൻ നടപടിയോട് യോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും കെ.മുരളീധരനുമൊന്നും തൃപ്തരല്ലെന്നാണ് അറിയുന്നത്. കടുത്ത നടപടി സ്വീകരിക്കാതെ എങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സമീപിക്കുമെന്ന വികാരം അവർ അടുപ്പക്കാരോട് പങ്കുവച്ചിരുന്നു. ആരും പരാതിപ്പെട്ടില്ല, കേസില്ല തുടങ്ങിയ വാദങ്ങൾ ഉന്നയിക്കാമെങ്കിലും പൊതു സമൂഹത്തിലെ അവമതി മായ്ക്കുക എളുമല്ല.
നിയമസഭയിൽ നിശബ്ദനാകും
1.രാഹുൽമാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി ഇരുളിലായി. നിയമസഭയിൽ നിശബ്ദനായി ഇരിക്കേണ്ടിവരും. പ്രസംഗത്തിന് സമയം കിട്ടില്ല, പ്രതിപക്ഷ ബ്ളോക്കിൽ ഇരിപ്പിടം ഉണ്ടാവില്ല.
2. സസ്പെൻഷന് കാലാവധി പറഞ്ഞിട്ടില്ല, നീണ്ടു പോകാം. നിശ്ചയിച്ചിരുന്ന പൊതു പരിപാടികളിൽ നിന്നു ഒഴിവാക്കുകയാണ്. മണ്ഡലത്തിലേക്ക് എത്തിയാൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവരും.
3.യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദവി നഷ്ടപ്പെട്ട രാഹുലിനെ
ഇനിയൊരു പദവിയിലേക്കു പരിഗണിക്കുക എളുപ്പമല്ല. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ മൂകസാക്ഷിയാകേണ്ടി വന്നേക്കും.
- എം.എൽ.എയുടെ രാജി ധാർമ്മികത ഇല്ലാത്ത ആവശ്യം: സണ്ണി ജോസഫ്
പാർട്ടിക്കോ, നിയമ സംവിധാനങ്ങൾക്കോ പരാതികൾ ലഭിക്കാത്ത സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് എതിരാളികൾ ആവശ്യപ്പെടുന്നതിൽ യുക്തിയും ധാർമ്മികതയും ഇല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.
ആരോപണം ഉയർന്നപ്പോൾ തന്നെ പരാതികൾക്കോ കേസുകൾക്കോ കാത്തുനിൽക്കാതെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാഹുൽ ഒഴിഞ്ഞിരുന്നു.
പ്രതിപക്ഷനേതാവും കെ.പി.സി.സി പ്രസിഡന്റും മുതിർന്ന നേതാക്കളുമായും മുൻ കെ.പി.സി.സി പ്രസിഡന്റുമാരുമായും യു.ഡി.എഫ് കൺവീനറുമായും മറ്റ് നേതാക്കളുമായും കൂടിയാലോചിച്ചാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യാൻ ഐക്യകണ്ഠേന തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഗുരുതരമായ കേസുകളിൽ എഫ്.ഐ.ആർ ചാർജ് ഷീറ്റ് നൽകിയിട്ടും എം.എൽ.എ സ്ഥാനം രാജിവെക്കാത്ത നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ട്. അവർ ആരാണെന്ന് താൻ വ്യക്തമാക്കുന്നില്ല. എല്ലാം എല്ലാവർക്കും അറിയാവുന്നതാണ് . കോൺഗ്രസ് പാർട്ടി സ്ത്രീകളുടെ ആത്മാഭിമാനവും അന്തസ്സും മാന്യതയും സുരക്ഷിതത്വവും സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്യുന്നതെന്നും സണ്ണി ജോസഫ് വിശദീകരിച്ചു.
ഉപതിരഞ്ഞെടുപ്പാണെങ്കിൽ
പീരുമേട് മുന്നിലുണ്ടല്ലോ
ഉപതിരഞ്ഞെടുപ്പ് ഭീതികൊണ്ടാണോ രാഹുൽ മാങ്കുട്ടത്തിലിന്റെ എം.എൽ.എ സ്ഥാനം നിലനിർത്തുന്നത് എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയെങ്കിൽ പീരുമേട് മുൻപിൽ ഉണ്ടല്ലോ എന്നായിരുന്നു പ്രതികരണം.
ഉപതെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഭയപ്പെടുന്നില്ല. ഇത് പാർട്ടിയുടെ എല്ലാതലത്തിലുമുള്ള നേതാക്കളോടും ആലോചിച്ചെടുത്ത തീരുമാനമാണെന്നും പറഞ്ഞു.
രാഹുൽ സ്ഥാനം രാജിവയ്ക്കണം: സി.പി.ഐ
തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയുടെ എല്ലാ അവകാശങ്ങളേയും മാനിക്കണം. സമ്മതമില്ലാതെ സ്ത്രീക്കെതിരെ എന്തു ചെയ്താലും തെറ്റാണ്. ഈ സംഭവത്തിലെ മൂല്യബോധം കോൺഗ്രസ് തീരുമാനിക്കട്ടെ. മുകേഷ് എം.എൽ.എയുടെ കേസുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആക്ഷേപങ്ങൾ കൂട്ടിക്കുഴക്കേണ്ടെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
വീട്ടിൽ തുടർന്ന് രാഹുൽ
അടൂർ : കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെയും അടൂരിലെ വീട്ടിൽ തുടർന്നു.വനിതാ നേതാക്കൾ ഉൾപ്പടെ പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും രാഹുലിനെ കാണാനെത്തി. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
സൈബർ ആക്രമണം
ഗൗനിക്കില്ല : ഉമ തോമസ്
കൊച്ചി: മുൻ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പ്രതികരണങ്ങൾക്ക് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളെ ഗൗനിക്കുന്നില്ലെന്നും പറഞ്ഞ നിലപാടുകളിൽ മാറ്റമില്ലെന്നും ഉമ തോമസ് എം.എൽ.എ. രാഹുലിനെതിരായ വിമർശനം വ്യക്തിപരമായ നിലപാടാണ്. ഒന്നിലറെ സ്ത്രീകൾ രാഹുലിനെതിരെ പരാതി പറയുമ്പോൾ വിമർശിക്കാതിരിക്കാനാകില്ല. ബാക്കിയെല്ലാം പാർട്ടി തീരുമാനമാണ്.
- ഇത് കർശന നടപടി വി.ഡി.സതീശൻ
പാർട്ടിക്കും പൊലീസിനും ഒരു പരാതിപോലും ലഭിക്കാതിരുന്നിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് കർശന നടപടി സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. തിരുവല്ലയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്തരം സംഭവത്തിൽ കാർക്കശ്യത്തോടെ നടപടിയെടുക്കുന്നത്. പാർട്ടിയുടെ മുൻനിരയിലുള്ള ആളായിരുന്നിട്ടും രക്ഷപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പീഡനക്കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ബി.ജെ.പിക്കും സി.പി.എമ്മിനും ധാർമ്മികത പറയാൻ എന്ത് അവകാശം. സി.പി.എം നേതാക്കൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുപോലും അവരൊക്കെ പദവികളിൽ തുടരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ ആരോപണവിധേയർ ഇരിക്കുകയാണ്.രാഹുലിന്റെ രാജി ആവശ്യപ്പെട്ട സി.പി.എം വനിതാനേതാക്കളാരും ആരോപണ വിധേയരായ സി.പി.എം നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് തോന്നിയപ്പോഴാണ് കോൺഗ്രസ് നടപടി സ്വീകരിച്ചത്. ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ സ്ത്രീകൾക്കെതിരെ സൈബർ ആക്രമണം കേരളത്തിൽ തുടങ്ങിവച്ചത് സി.പി.എം ആണെന്നായിരുന്നു മറുപടി. ഒരു സ്ത്രീ പോലും സൈബർ ഇടത്തിൽ ആക്രമിക്കപ്പെടരുത് എന്നതാണ് നിലപാട്. സ്ത്രീകളെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുന്നത് ഒരുതരം മനോരോഗമാണെന്നും പറഞ്ഞു.
സ്ത്രീപക്ഷ നിലപാട് കോൺഗ്രസ് അജൻഡ: ചെന്നിത്തല
തിരുവനന്തപുരം:സ്ത്രീപക്ഷ നിലപാട് കോൺഗ്രസ് അജൻഡയാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.രാഹുൽ മാങ്കുട്ടത്തിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത് നേതൃത്വം ഐകകണ്ഠ്യേന എടുത്ത തീരുമാനം. എന്നാൽ സി.പി.എം എല്ലാക്കാലത്തും സ്ത്രീപീഡകർക്ക് കൂടാരം ഒരുക്കുന്ന പാർട്ടിയാണ്. രാഹുൽ വിഷയത്തിൽ കോൺഗ്രസിന് എടുക്കാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമാണിത്.ചെന്നിത്തല പറഞ്ഞു.
രാഹുൽഗാന്ധിപറഞ്ഞാലും മാങ്കൂട്ടത്തിൽ കേൾക്കില്ല:പത്മജ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കെണ്ടെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെ വിമർശിച്ച് പത്മജ വേണുഗോപാൽ. രാഹുൽ മാങ്കൂട്ടത്തിലിന് എന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. രാഹുൽ ഗാന്ധി വന്നു പറഞ്ഞാൽ പാലക്കാട് എം.എൽ.എ.കേൾക്കില്ല.അദ്ദേഹത്തെ സംരക്ഷിക്കാൻ ആളുണ്ട് .പരാതി പറഞ്ഞവർ മോശക്കാരും തെറ്റുകാരൻ വിശുദ്ധനും ആകും. പത്മജ പറഞ്ഞു.
ഏറ്റവും ജീർണമായ അദ്ധ്യായം: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്രയും ജീർണമായ അദ്ധ്യായം ഉണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.രാഹുലിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിനകത്തുള്ള ജീർണത പുറത്തുവരുമെന്ന ഭയം നിലപാട് സ്വീകരിക്കുന്നതിന് തടസമാകുന്നുണ്ട്.ഇനി ആരുടെയൊക്കെ ആരോപണങ്ങൾ വരുമെന്ന് കാത്തിരുന്നുകാണാം.ഉപതിരഞ്ഞെടുപ്പ് ഭയന്നല്ല കോൺഗ്രസ് രാജി ചോദിക്കാത്തത്.കോൺഗ്രസ് നേതാക്കളാകെ ആവശ്യപ്പെട്ടത് രാഹുൽ രാജിവയ്ക്കണമെന്നാണ്.കേരളം ആഗ്രഹിക്കുന്നതുമതാണ്.ആ നിലപാടിനൊപ്പമാണ് സി.പി.എം.കോൺഗ്രസ് എന്ത് നടപടിയെടുക്കും എന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.വിഷയത്തിൽ സി.പി.എമ്മിന് ഗുണമൊന്നുമില്ല.ബി.ജെ.പിക്ക് എം.പിമാരെയും എം.എൽ.എമാരെയും സൃഷ്ടിച്ച പാർട്ടിയാണ് കോൺഗ്രസ്.രാഹുൽ മാങ്കൂട്ടത്തിലിന് എം.എൽ.എ ആയി പ്രവർത്തിക്കാമെന്ന തെറ്റിദ്ധാരണ വേണ്ടെന്നും സി.പി.എം ആത്മാഭിമാന സദസ് ഉൾപ്പെടെ നടത്തുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
