പാട്ന: വോട്ടുകൊള്ള ആരോപണത്തിൽ ‘ഹൈഡ്രജൻ ബോംബ്’ ഉടൻ വരുമെന്ന് മുന്നറിയിപ്പ് നൽകിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മിഷനുമെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് സൂചന നൽകി. ബീഹാറിൽ ആഗസ്റ്റ് 17ന് ആരംഭിച്ച ‘വോട്ടർ അധികാർ യാത്ര’ ഇന്നലെ പാട്നയിൽ സമാപിച്ചപ്പോഴാണ് പോരാട്ടത്തിന്റെ പുതിയ പോർമുഖം തുറക്കുമെന്ന് രാഹുൽ വ്യക്തമാക്കിയത്. അടുത്ത യാത്ര ഗുജറാത്തിലാണെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.
ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് വോട്ടു മോഷ്ടിക്കുകയാണെന്ന് രാഹുൽ ആവർത്തിച്ചു. ബി.ജെ.പി തയ്യാറായി ഇരുന്നുകൊള്ളൂ. കർണാടക മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ‘അണുബോംബിന്’ പിന്നാലെ ‘ഹൈഡ്രജൻ ബോംബ്’ വരാൻ പോകുകയാണ്. വോട്ടുക്കൊള്ള രാജ്യമെമ്പാടും തുറന്നുകാട്ടും. ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ അഭിമുഖീകരിക്കാനാവത്ത വെളിപ്പെടുത്തലുകളാണ് പുറത്തുവിടാൻ പോകുന്നതെന്നും പറഞ്ഞു. മോദി പദവിയൊഴിയണമെന്ന് ചൈനയിലും യു.എസിലും പോലും ആവശ്യമുയരുന്നു. മഹാരാഷ്ട്രയിൽ വോട്ടുകൊള്ള നടന്നു. മഹാദേവപുരയിലെ ക്രമക്കേടുകളിൽ രാജ്യത്തിന് മുന്നിൽ തെളിവുകൾ വച്ചാണ് സംസാരിച്ചത്. മഹാത്മാ ഗാന്ധിയുടെയും ഡോ.ബി.ആർ. അംബേദ്കറുടെയും ഭരണഘടനയെ ഉന്മൂലനം ചെയ്യാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു.
ബീഹാർ സന്ദേശം നൽകും
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ ‘വോട്ടർ അധികാർ യാത്ര’ രാഷ്ട്രീയമായി നേട്ടമുണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് ‘ഇന്ത്യ മുന്നണി’. ഇന്നലെ പതിനായിരങ്ങളാണ് യാത്രയുടെ സമാപന ദിവസം പാട്നയിലെത്തിയത്. ബീഹാർ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട സംസ്ഥാനമാണെന്നും,രാജ്യത്തിന് കൃത്യമായ സന്ദേശം നൽകുമെന്നും ഇന്നലെ രാഹുൽ പറഞ്ഞത് ശ്രദ്ധേയമാണ്. വോട്ടു മോഷണമെന്നാൽ ജനാധിപത്യം,അവകാശങ്ങൾ,തൊഴിൽ എന്നിവയുടെ കൂടി മോഷണമെന്നാണ് അർത്ഥമെന്നും കൂട്ടിച്ചേർത്തു.
രാഹുലിനെ തടഞ്ഞു
പാട്നയിലെ ഗാന്ധി മൈതാനത്തെ മഹാത്മാ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഏഴു കിലോമീറ്റർ അകലെയുള്ള ഡോ.ബി.ആർ. അംബേദ്കർ പാർക്കിലേക്ക് തുറന്ന വാഹനത്തിൽ നീങ്ങിയ രാഹുലിനെയും നേതാക്കളെയും ദാക് ബംഗ്ലാവ് ക്രോസിംഗിന് സമീപത്ത് പൊലീസ് തടഞ്ഞു. സമീപത്തൊരുക്കിയ താത്കാലിക വേദിയിൽ പ്രവർത്തകരെ ‘ഇന്ത്യ’ മുന്നണി നേതാക്കൾ അഭിസംബോധന ചെയ്യുകയായിരുന്നു.
- നിതീഷിനെതിരെ ‘ഇന്ത്യ’ മുന്നണി നേതാക്കൾ
പാട്ന: ബീഹാറിലെ ‘വോട്ടർ അധികാർ യാത്രയുടെ’ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ ‘ഇന്ത്യ’ മുന്നണി നേതാക്കൾ ആക്രമണം കടുപ്പിച്ചു. നിതീഷ് അഴിമതിയുടെ ഭീഷ്മ പിതാമഹൻ ആയിരിക്കുകയാണെന്നാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചത്. ക്രമക്കേടുകൾ ചൂണ്ടിക്കാണിക്കുമ്പോൾ ഒരക്ഷരം മറുപടി നൽകുന്നില്ല. ജനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സർക്കാരിനെ താഴെയിറക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണെന്നും തേജസ്വി യാദവ് ആരോപിച്ചു. നിതീഷിന്റെ സോഷ്യലിസ്റ്റ് ചിന്താഗതി ഇപ്പോൾ എവിടെയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ചോദിച്ചു. മോദിക്കും അമിത് ഷായ്ക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നും ബീഹാറിലെ ജനങ്ങൾ അതു തിരിച്ചറിയണമെന്നും പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, ജെബി മേത്തർ എം.പി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് ദീപാങ്കർ ഭട്ടാചാര്യ, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സഹാനി, സി.പി.ഐ നേതാവ് ആനി രാജ, തൃണമൂൽ കോൺഗ്രസ് എം.പിയായ യൂസഫ് പത്താൻ, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റൗത് തുടങ്ങിയവർ അണിചേർന്നു. കടുത്ത ചൂടിൽ ഡി.രാജ അവശനായി നിലത്തിരുന്നു.
കടുത്ത ചൂടിലും ആവേശം
കൊടുംചൂടിനെയും അവഗണിച്ച് ‘ഇന്ത്യ’ മുന്നണി പാർട്ടികളിലെ പതിനായിരകണക്കിന് പ്രവർത്തകരാണ് ഇന്നലെ പാട്നയിലെത്തിയത്. നിരത്തുകളിൽ വോട്ടുക്കൊള്ളയ്ക്കെതിരെയുള്ള പാട്ടുകളുമിട്ട് പ്രവർത്തകരുടെ വാഹനങ്ങളുടെ നീണ്ടനിര. നേതാക്കളെ കണ്ടപ്പോൾ അവരുടെ ആവേശം അണപൊട്ടി. പാട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്തു നിന്ന് ‘ഗാന്ധി മുതൽ അംബേദ്കർ വരെ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിപക്ഷ മുന്നണിയുടെ സമാപനയാത്ര.
വിമർശിച്ച് ബി.ജെ.പി
‘ഹൈഡ്രജൻ ബോംബ്’ ഉടൻ പുറത്തുവിടുമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ബി.ജെ.പി വിമർശിച്ചു. പ്രതിപക്ഷ നേതാവാണ് രാഹുൽ. ഉത്തരവാദിത്ത ബോധമില്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിൽ നിന്നുണ്ടാകുന്നത്. ബീഹാറിലെ ജനങ്ങളെ തെറ്രിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.
