ന്യൂഡൽഹി: ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപന റാങ്കിംഗ് പട്ടിക പുറത്തുവന്നപ്പോൾ, മികച്ച കോളേജുകളിൽ ആദ്യത്തെ 100ൽ കേരളത്തിൽ നിന്നുള്ള 15 കോളേജുകൾ ഇടംപിടിച്ചു. 53-ാം റാങ്കിലുള്ള തൃശൂർ സെന്റ് തോമസ് കോളേജാണ് കേരളത്തിൽ മികച്ചത്.
കേരളത്തിലെ മികച്ച കോളേജുകളും റാങ്കും
1.സെന്റ് തോമസ് കോളേജ് തൃശൂർ- 53
2.ഗവ.വിമൻസ് കോളേജ് തിരുവനന്തപുരം-54
3.എസ്.ബി കോളേജ് ചങ്ങനാശ്ശേരി- 56
4.സെന്റ് തെരേസാസ് കോളേജ് എറണാകുളം- 60
5.മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം- 61
6.സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി- 74
7.മഹാരാജാസ് കോളേജ് എറണാകുളം- 75
8.വിമല കോളേജ് തൃശൂർ- 78
9.ഫാറൂഖ് കോളേജ് കോഴിക്കോട്- 82
10.സെന്റ് ജോസഫ്സ് കോളേജ് തൃശൂർ- 83
11.സി.എം.എസ് കോളേജ് കോട്ടയം- 86
12.ക്രൈസ്റ്റ് കോളേജ് തൃശൂർ- 87
13.മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം- 92
14.യു.സി കോളേജ് ആലുവ- 96
15.ഗവ.കോളേജ് ആറ്റിങ്ങൽ- 99
ആർകിടെക്ചറിൽ കോഴിക്കോട്
എൻ.ഐ.ടിക്ക് ദേശീയ 2ാം റാങ്ക്
ന്യൂഡൽഹി: ആർകിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിൽ കോഴിക്കോട് എൻ.ഐ.ടിക്ക് രാജ്യത്ത് രണ്ടാം റാങ്ക്, മാനേജ്മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐ.ഐ.എം മൂന്നാം റാങ്കും കരസ്ഥമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് ഇന്നലെ ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപന റാങ്കിംഗ് ചട്ടക്കൂട് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്-എൻ.ഐ.ആർ.എഫ്) പ്രസിദ്ധീകരിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ റാങ്ക് പട്ടിക പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഖിലേന്ത്യ റാങ്കിംഗിൽ മദ്രാസ് ഐ.ഐ.ടി തുടർച്ചയായി ഏഴാം തവണയും ഒന്നാമതെത്തി. ഐ.ഐ.എസ്.സി ബെംഗളൂരുവാണ് രണ്ടാം സ്ഥാനത്ത്. മാനേജ്മെന്റ് വിഭാഗത്തിൽ അഹമ്മദാബാദ് ഐ.ഐ.എം ഒന്നാം റാങ്ക് നേടി. ആർകിടെക്ചർ ആൻഡ് പ്ലാനിംഗ് വിഭാഗത്തിൽ ഐ.ഐ.ടി റൂർക്കിയാണ് മുന്നിൽ. രാജ്യത്തെ മികച്ച കോളേജുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങൾ ഡൽഹിയിലെ കോളേജുകളുകൾക്കാണ്.
ദേശീയറാങ്കിംഗ്:കുസാറ്റ്
ആറാം സ്ഥാനത്ത്
കൊച്ചി: ദേശീയറാങ്കിംഗിൽ നേട്ടവുമായി കുസാറ്റ്. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്കിന്റെ (എൻ.ഐ.ആർ.എഫ്) 2025ലെ റാങ്കിംഗിൽ സർക്കാർ സർവകലാശാലകളിൽ കുസാറ്റിന്റെ റാങ്ക് ആറാണ്. മുൻവർഷം പത്തായിരുന്നു റാങ്കിംഗ്.
സർക്കാർ, സ്വകാര്യ സർവകലാശാലകളിൽ റാങ്കിംഗ് 32 ആണ്. കഴിഞ്ഞവർഷം 34 ആയിരുന്നു. കോളേജുകളും സർവകലാശാലകളും ഉൾപ്പെടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയിൽ കുസാറ്റ് ആദ്യ 50 റാങ്കിംഗിൽ ഉൾപ്പെട്ടു.
രാജ്യത്തെ നിയമ കോളേജുകളിൽ കുസാറ്റിന്റെ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിന് 13, സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിന് 82 എന്നിങ്ങനെയാണ് റാങ്ക്. കേരളത്തിൽ കോഴിക്കോട് ഐ.ഐ.എം കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസ്.
- ബി.എസ്സി നഴ്സിംഗ് @ ജിപ്മെർ
നീറ്റ് യു.ജി 2025 ന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി ജിപ്മെറിൽ ബി.എസ്സി നഴ്സിംഗ്, നാലുവർഷ ബി.എസ്സി മെഡിക്കൽ ലബോറട്ടറി സയൻസ്, അനസ്തേഷ്യ ടെക്നോളജി, കാർഡിയാക് ലബോറട്ടറി ടെക്നോളജി, ഒപ്റ്റോമെട്രി, മെഡിക്കൽ റേഡിയോളജി & ഇമേജിംഗ് ടെക്നോളജി, ഡയാലിസിസ് തെറാപ്പി & ടെക്നോളജി, ന്യൂറോടെക്നോളജി, പെർഫ്യൂഷൻ ടെക്നോളജി തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാം.പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയിരിക്കണം. 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.jipmer.edu.in
വേൾഡ് ബാങ്ക് യംഗ് പ്രൊഫഷണൽസ് പ്രോഗ്രാംവേൾഡ് ബാങ്ക് യംഗ് പ്രൊഫഷണൽസ് പ്രോഗ്രാമിന്
30- നകം ലോകബാങ്കിന്റെ വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.
ബിരുദാനനന്ത ബിരുദമോ പിഎച്ച്.ഡിയോ 2026 സെപ്തംബറിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം. 2- 6 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇന്റർനാഷണൽ ഡെവലപ്മെന്റിൽ താത്പര്യം വേണം.
ഐ.ഐ.ടി ജാം രജിസ്ട്രേഷൻ ഇന്നു മുതൽ
കൊച്ചി: ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) 2026ന് ഇന്ന് മുതൽ ഒക്ടോബർ 12 വരെ അപേക്ഷിക്കാം. 2026 ഫെബ്രുവരി 15ന് രണ്ടു ഷിഫ്റ്രുകളായാണ് പരീക്ഷ. മാർച്ച് 20ന് ഫലം പ്രസിദ്ധീകരിക്കും.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികൾ (ഐ.ഐ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (IISc) തുടങ്ങിയ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ എം.എസ്സി, മറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് സയൻസ് പ്രോഗ്രാമുകൾ (ഇന്റഗ്രേറ്റഡ് എം.എസ്സി- പിഎച്ച്.ഡി പ്രോഗ്രാമുകൾ) പ്രവേശനം ജാം സ്കോർ അടിസ്ഥാനമാക്കിയാണ്. മൂവായിരത്തോളം സീറ്റുകളിലേക്കാണ് പ്രവേശനം. ഐ.ഐ.ടി ബോംബെയ്ക്കാണ് പരീക്ഷാ ചുമതല. വെബ്സൈറ്റ്: jam2026.iitb.ac.in.
യോഗ്യത
……………….
ബാച്ച്ലർ ഡിഗ്രി പൂർത്തിയാക്കുകയോ ബാച്ച്ലർ ഡിഗ്രി അവസാന വർഷ പരീക്ഷയ്ക്ക് എൻറോൾ ചെയ്യുകയോ ചെയ്തവർക്ക് ജാമിന് അപേക്ഷിക്കാം. എന്നാൽ, അവസാന വർഷക്കാർ അഡ്മിഷന് മുമ്പ് ഡിഗ്രി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
2000 രൂപയാണ് ഒരു പരീക്ഷയുടെ അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി. PwD വിഭാഗക്കാർക്ക് 1000 രൂപ. രണ്ടു ടെസ്റ്റ് പേപ്പറുകളും എഴുതുന്നതിന് 2700 രൂപയാണ് പൊതു വിഭാഗത്തിലെ ഫീസ്. മറ്റുള്ളവർക്ക് 1350 രൂപ.
അപേക്ഷാ ഫീസ് തിരിച്ചു ലഭിക്കില്ല.
ഇടുക്കിയിൽ ആർമി റിക്രൂട്ട്മെന്റ്
തിരുവനന്തപുരം:കരസേനയിലേക്ക് ആർമി റിക്രൂട്ട്മെന്റ് റാലി 10മുതൽ 16 വരെ ഇടുക്കിയിലെ നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും.ജൂണിൽ നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ വിജയിച്ചവർക്ക് പങ്കെടുക്കാം.അഗ്നിവീർ വിഭാഗത്തിലേക്ക് തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിൽ നിന്നുള്ളവർക്കും മത അദ്ധ്യാപകർ, കാറ്ററിംഗ് എന്നീ ജൂനിയർ കമ്മിഷൻഡ് ഓഫീസർമാർ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ, ഹവിൽദാർ എഡ്യൂക്കേഷൻ തസ്തികകളിലേക്ക് കേരളം,കർണാടക സംസ്ഥാനങ്ങളിൽ നിന്നുളളവർക്കും പങ്കെടുക്കാം.പങ്കെടുക്കാവുന്നവരുടെ പട്ടിക വെബ്സൈറ്റിലുണ്ട്.
