പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം കേസൊതുക്കാൻ ഉദ്യോഗസ്ഥരുടെ വാഗ്ദാനം 20 ലക്ഷം വരെ

തൃശൂർ: കസ്റ്റഡി മർദ്ദനം ഒതുക്കിത്തീർക്കാൻ പൊലീസ് പണം വാഗ്ദാനം ചെയ്‌തെന്ന് വെളിപ്പെടുത്തി മർദ്ദനമേറ്റ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്ത്. സുജിത്തിനോടും പ്രാദേശിക നേതാവ് വർഗീസ് ചൊവ്വന്നൂരിനോടും 20 ലക്ഷം വരെ വാഗ്ദാനം ചെയ്തതായാണ് ആരോപണം.

അന്ന് പൊലീസ് ഡ്രൈവറായിരുന്ന സുഹൈറും മർദ്ദിച്ചെന്നും സുജിത്ത് വ്യക്തമാക്കി. ഇയാൾക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ഇപ്പോൾ റവന്യു വകുപ്പിലാണ് സുഹൈർ ജോലി ചെയ്യുന്നത്. പണം വാഗ്ദാനം ചെയ്തപ്പോൾ നിയമവഴിയിൽ കാണാമെന്ന് തിരിച്ചുപറഞ്ഞതോടെ ഉദ്യോഗസ്ഥർ പിന്തിരിഞ്ഞു. മർദ്ദിച്ച അഞ്ചു പേർക്കെതിരെയും നടപടി വേണമെന്നാണ് സുജിത്തിന്റെ ആവശ്യം. പ്രതികൾക്ക് പൊലീസ് കവചമൊരുക്കുകയാണെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.

എ.സി.പിയെ വിളിച്ചു

വരുത്തിയത് വാറണ്ട് അയച്ച്

പൊലീസ് മർദ്ദനത്തിനെതിരെ കുന്നംകുളം കോടതിയിൽ നൽകിയ പരാതിയിൽ മൊഴി നൽകാൻ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എ.സി.പി കെ.സി.സേതുവിന് സമൻസയച്ചെങ്കിലും ഒരുവർഷം ഹാജരായില്ല. പിന്നീട് എസ്.പി മുഖേന വാറണ്ട് അയച്ചാണ് എ.സി.പിയെ കോടതിയിൽ വരുത്തിയത്. അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ സത്യമാണെന്നും പൊലീസുകാർ മർദ്ദിച്ചിട്ടുണ്ടെന്നും സി.സി ടിവി ദൃശ്യങ്ങളുണ്ടെന്നും മൊഴി നൽകിയിരുന്നു. ഉന്നത പൊലീസുദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് കോടതിയിൽ മൊഴി നൽകാൻ പോകാതിരുന്നതെന്നും സുജിത്ത് പറഞ്ഞു.

പൊലീസ് മർദ്ദനമേറ്റ സുജിത്ത് വിവാഹ തിരക്കിൽ

തൃശൂർ: പൊലീസ് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിന് സി.സി.ടി.വി ദൃശ്യം ലഭിച്ചത് വിവാഹം ക്ഷണിക്കുന്നതിന്റെ തിരക്കിനിടെ.ഈ മാസം 15ന് ചൊവ്വന്നൂർ കമ്മ്യൂണിറ്റി ഹാളിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.ചൂണ്ടൽ പുതുശേരി കളരിക്കൽ വീട്ടിൽ ആശ സത്യനാണ് വധു.മർദ്ദനവുമായി ബന്ധപ്പെട്ട നിയമപോരാട്ടം നീണ്ടുപോകുന്നതിനാൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു.വിവാഹം ക്ഷണിക്കുന്ന തിരക്കിലേക്ക് നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി സി.സി.ടി.വി ദൃശ്യങ്ങൾ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ സുജിത്തിന് കൈമാറിയത്.ഇന്നലെ തൃശൂരിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്,മറ്റ് കോൺഗ്രസ് നേതാക്കൾ എന്നിവരെയെല്ലാം വിവാഹത്തിന് ക്ഷണിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top