ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ലോകമെമ്പാടും ഇന്ന് ആഘോഷിക്കും. ഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തി ഗുരുകുലത്തിലും സമാധി കൊണ്ട് പരിപാവനമായ ശിവഗിരിയിലും അരുവിപ്പുറം, ആലുവ അദ്വൈതാശ്രമം എന്നിവ ഉൾപ്പെടെയുള്ള അനുബന്ധ മഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും എസ്.എൻ.ഡി.പി യോഗം ഉൾപ്പെടെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലും ഭക്തിസാന്ദ്രമായ ആഘോഷ പരിപാടികൾ നടത്തും.
ചെമ്പഴന്തി ഗുരുകുലത്തിൽ വൈകിട്ട് 6.30ന് ഗുരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ജയന്തി സന്ദേശം നൽകും. സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ശശി തരൂർ എം.പി, കെ.ജി.ബാബുരാജൻ, ഗോകുലം ഗോപാലൻ, മുരള്യ കെ.മുരളീധരൻ, ജി.മോഹൻദാസ് എന്നിവർ സംസാരിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറയും. രാവിലെ 10ന് ശ്രീനാരായണ ദാർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വൈകിട്ട് 3ന് തിരുജയന്തി ഘോഷയാത്ര മന്ത്രി വി.ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും.
ശിവഗിരിയിൽ രാവിലെ 7ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. 9.30ന് ജയന്തി സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, മുനിസിപ്പൽ ചെയർമാൻ കെ.എം.ലാജി, കെ.ജി.ബാബുരാജൻ, കെ.മുരളീധരൻ തുടങ്ങിയവർ സംസാരിക്കും. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നന്ദിയും പറയും. 11.30ന് തിരുജയന്തി വിശ്വസാഹോദര്യ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും.
ഗുരു എന്ന ജീവാമൃതം
5.30ന് മഹാസമാധിയിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിക്കും. ആത്മീയ, സാമൂഹിക, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ ചതയദീപം തെളിക്കും.
- ഗുരുദേവന്റെ തത്വദർശനത്തിന്റെ അടിസ്ഥാനം അറിവാണ്. അറിവ് ഈശ്വര സ്വരൂപമാണ്. ഗുരുദേവൻ, കൃതികളിലുടനീളം അറിവെന്ന പദം ഈശ്വരവാചിയായി പ്രയുക്തമാക്കിയിരിക്കുന്നു. അറിവ് എന്ന കൃതിയിൽ 15 ശ്ലോകങ്ങളുണ്ട്. 60 വരികളിലായി വിവിധ അർത്ഥം സൂചിപ്പിച്ച് 70 പ്രാവശ്യം അറിവെന്ന പദമുണ്ട്! ദ്വിതീയാക്ഷര പ്രാസം, അനുപ്രസം എന്നിങ്ങനെ പ്രാസവഴക്കുകൾ നടന്നിരുന്ന കാലത്ത് ഗുരുദേവൻ രചിച്ച സർവ്വപ്രാസ നിബദ്ധമായ അറിവെന്ന കൃതിയുടെ ആകാരം അത്ഭുതാവഹം തന്നെ.
- ‘അറിയപ്പെടുമിതു വേറ –
- ല്ലറിവായീടും തിരഞ്ഞിടും നേരം
- അറിവിതിലൊന്നായതു കൊ-
- ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും!”
- അറിവിൽ നിന്ന് അന്യമായി ഗുരു ഒന്നിനെയും കാണുന്നില്ല. അറിവും അറിയുന്നവനും അറിയപ്പെടുന്ന വസ്തുവും ഏകമാണ്. ആദിമമായ ഒരേ അറിവിൽ നിന്ന് ആവിർഭവിച്ച എണ്ണിയാലൊടുങ്ങത്ത ത്രിപുടികൾ (അറിവ്, അറിയുന്നവൻ, അറിയപ്പെടുന്ന വസ്തു) ഉൾക്കൊള്ളുന്നതാണ് ദൃശ്യപ്രപഞ്ചം. ഇത് ബുദ്ധികൊണ്ടറിഞ്ഞ് അനുഭവ ദശയിൽ സാക്ഷാത്കരിച്ച മഹത്വമാണ് ഗുരുദേവൻ. ഗുരു രചിച്ച ഗദ്യ പ്രാർത്ഥന എന്നൊരു കൃതിയുണ്ട്. അതിലൂടെ ഗുരുദേവൻ അവിടത്തെ ആത്മഭാവം വെളിപ്പെടുത്തുന്നുണ്ട്. ‘നാം ശരീരമല്ല; അറിവാകുന്നു- ഈശ്വരനാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ – ഈശ്വരനായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം അറിവായി- ഈശ്വരനായി പ്രകാശിച്ചുകൊണ്ട് തന്നെയിരിക്കും.” ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യാത്മതത്വം ഈ വരികളിലുണ്ട്.
- ചെമ്പഴന്തിയിൽ വന്നു ജനിച്ച നാരായണൻ ഒരു സുപ്രഭാതത്തിൽ ശ്രീനാരായണ ഗുരുവായില്ല. അതിന് കഠിനമായ തപശ്ചര്യ വേണ്ടിവന്നു. ഇരുപത്തിയഞ്ച് വയസിനുള്ളിൽ സംസ്കൃതം,മലയാളം, തമിഴ് ഭാഷകളിൽ മഹാപണ്ഡിതനായിത്തീർന്ന നാരായണൻ കുടുംബജീവിതത്തിലേക്ക് ഒരു എത്തിനോട്ടം പോലും നടത്താതെ ഭാരതമൊട്ടാകെ ചുറ്റിസഞ്ചരിക്കുകയും അവസാനം കന്യാകുമാരിക്കരികിലെ പിള്ളത്തടം ഗുഹയിൽ ഏകാന്ത ദീപ്തമായ മഹാതപസിൽ മുഴുകുകയും ചെയ്തത് സുവിദിതമാണ്. തപസാണ് നാരായണനെ ശ്രീനാരായണ ഗുരുവാക്കി മാറ്റിയത്. ബോധോദയം വന്ന് സിദ്ധാർത്ഥൻ ശ്രീബുദ്ധനായതു പോലെയും, യേശുദേവൻ ക്രിസ്തുവായതുപോലെയും മുഹമ്മദ് പ്രവാചകനായ നബിയായതു പോലെയുമാണ് അത്.
- ഗുരുവിന് ലഭിച്ച ആത്മീയാനുഭൂതിയെ ആത്മോപദേശശതകത്തിൽ വിവരിക്കുന്നുണ്ട്. അനുഭൂതി തലത്തിൽ പഞ്ചഭൂതങ്ങളും അന്തരേന്ദ്രിയങ്ങളും നിഖില സകല പ്രപഞ്ചവും ശുദ്ധമായ അറിവായി, ഈശ്വര സത്യമായി ഗുരുദേവന് അനുഭൂതമായി. ഗുരു ആദിമഹസായി, അറിവ് മാത്രമായി പ്രകാശിച്ചു. ശ്രീരാമകൃഷ്ണ പരമഹംസൻ പറയുന്നതുപോലെ, ഉപ്പുപ്പാവ സമുദ്രത്തിൽ ലയിച്ചു. ചെമ്പഴന്തിയിലെ നാരായണൻ അറിവിലമർന്ന് അതു മാത്രമായി. പരബ്രഹ്മ സത്യത്തെ പ്രാപിച്ച ഗുരുവും ഈശ്വരനും തമ്മിൽ മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വ്യത്യാസമേ ഉള്ളൂവെന്നാണ് ആചാര്യ മതം. പരബ്രഹ്മ സത്തയെ പ്രാപിച്ച ഗുരുദേവൻ സമൂഹത്തെ സമുദ്ധരിക്കുവാൻ താഴോട്ടിറങ്ങി വന്നപ്പോൾ അവതാര പുരുഷനും സിദ്ധനും ബുദ്ധനും പ്രവാചകനും ദൈവപുത്രനുമായി. ബ്രഹ്മസായുജ്യം നേടി ലോകസംഗ്രഹ പ്രവർത്തനത്തിൽ മുഴുകുന്ന ഏതൊരു മഹാത്മാവിനും ഈ വിശേഷണങ്ങളൊക്കെ ചേരുന്നതാണ്.
- ബുദ്ധന്റെയും ക്രിസ്തുവിന്റെയും നബിയുടെയും പേരിൽ ബുദ്ധമതവും ക്രിസ്തുമതവും ഇസ്ലാം മതവും സ്ഥാപിതമായി. ഗുരുദേവനാകട്ടെ, ഒരു വിശ്വമാനവിക തത്വദർശനം ചമക്കുകയാണ് ചെയ്തത്. ഗുരുദേവനും സി.വി. കുഞ്ഞുരാമനുമായി നടന്ന സംഭാഷണത്തിൽ ഓരോ മതങ്ങളുടെയും ആവിർഭാവത്തെക്കുറിച്ച് പറയുന്നുണ്ട്. ‘ഹിന്ദുമതമെന്നു പറയുന്നത് ഷഡ് മതങ്ങളുടെയും സാംഖ്യം, യോഗം, പൂർവമീമാംസ, ഉത്തരമീമാംസ, ന്യായം, വൈശേഷികം എന്നീ ദർശനങ്ങളുടെയും ഒരു സമന്വയഭാവമാണ്. അതുപോലെ ക്രിസ്തുമതം, പഴയനിയമം, പുതിയനിയമം, ശാലോമിന്റെ ഉപദേശങ്ങൾ എന്നിവ അടങ്ങിയ ഒരു പൊതു പേരാണ്. ഇസ്ലാം മതമാകട്ടെ പ്രവാചക മതങ്ങളുടെ ഒരു കൂടിച്ചേരലാണ്. ഇപ്രകാരം അനേക മതങ്ങൾ ചേർന്ന ഒരു മതമാകാമെങ്കിൽ ആ എല്ലാ മതങ്ങളും കൂടിച്ചേർന്ന് മനുഷ്യ മതമെന്ന് എന്തുകൊണ്ട് ഒരു പൊതു പേര് ഇട്ടുകൂടാ” എന്ന് ഗുരുദേവൻ ചോദിക്കുന്നു.
- ‘ മനുഷ്യരെല്ലാം ഒന്ന്. അതാണ് നമ്മുടെ മതം”എന്ന് ഗുരുദേവൻ ഉപദേശിക്കുന്നു. ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരിൽ ലോകത്ത് നടമാടുന്ന സമസ്ത പ്രശ്നങ്ങൾക്കുമുള്ള സിദ്ധൗഷധമാണ് ഗുരുദർശനം. മത തീവ്രവാദം, മതപരിവർത്തനം, ജാതീയമായ ഉച്ചനീചത്വങ്ങൾ, വംശീയ പ്രശ്നങ്ങൾ, പശ്ചിമേഷ്യൻ പ്രശ്നങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് ഗുരുവിന്റെ മനുഷ്യത്വ ദർശനം. അത് അറിവിൽ അധിഷ്ഠിതമാണ്. പ്രപഞ്ചത്തിലുള്ള എല്ലാ ജീവന്മാരും ഒന്നിന്റെ മാത്രം സ്ഫുരണങ്ങൾ മാത്രം. അതിനാൽ എല്ലാവരും ആത്മ സഹോദരങ്ങളാണ്. ഗുരുവിന്റെ അദ്വൈത തത്വം അറിവിന്റെ പൂർണതയാണ്. ഗുരുദേവൻ ആ അറിവായി പ്രകാശിക്കുന്നു. പ്രസിദ്ധ – യോഗീശ്വരനായ സദ്ഗുരു നിത്യാനന്ദ മഹർഷി ഒരിക്കൽ പറഞ്ഞു: ശ്രീനാരായണഗുരു ജ്ഞാനിയല്ല. ജ്ഞാനമാണ്.”
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ 171-ാം തിരുജയന്തിയാണ് ഇന്ന്. ഗുരുദേവന്റെ ഓരോ ജയന്തിയും വിശ്വസാഹോദര്യത്തിന്റെയും വിശ്വമാനവികതയുടെയും ഉദ്ഗീതങ്ങളാണ് പ്രകാശിപ്പിക്കുന്നത്. മനുഷ്യനെ അസ്വതന്ത്രമാക്കുന്നതും വിഭാഗീകരിക്കുന്നതുമെന്തെല്ലാമാണോ, അവയുടെയെല്ലാം ഒഴിഞ്ഞുപോകലിനുള്ള ദാർശനിക ഉദ്ബോധനമാണ് ഈ സുദിനം ലോകത്തിനു നൽകുന്നത്.
മനുഷ്യജീവിതത്തിന്റെ ഉത്കർഷത്തിനു വേണ്ടതെല്ലാം ആത്മീയമായും ദാർശനികമായും ധാർമികതയിൽ അധിഷ്ഠിതമായ സംഹിതകളായും ഗുരുദേവൻ സമഗ്രമായി നമുക്ക് നൽകിയിട്ടുണ്ട്. അതനുസരിച്ച് ജീവിതത്തെ പുനരാവിഷ്കരിക്കാനും നവീകരിക്കാനും ക്രമപ്പെടുത്താനും പരോപകാരം ചെയ്യാനുമുള്ള ബാഹ്യാഭ്യന്തര ഉദ്ദീപനം നൽകുന്ന പുണ്യദിനമാണ് ഗുരുവിന്റെ ജയന്തിദിനം. ഗുരുദേവന്റെ അവതാരദൗത്യം തന്നെ ലോകമംഗളമാണ്. ‘നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല” എന്ന വിളംബരം വഴി സമസ്ത ലോകരുടെയും ഹൃദയാകാശത്തിലേക്ക് നേരിട്ട് കടന്നുചെന്ന ഗുരുദേവന്റെ സമ്പൂർണ മാനവികതയിലേക്കാണ് നാം കടന്നു ചെല്ലേണ്ടത്. ‘നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ”എന്ന മഹാകവി കുമാരനാശാന്റെ ഹൃദയകാവ്യം ഈ സമ്പൂർണ മാനവികതയുടെ സ്വാനുഭവ സാക്ഷ്യമാണ്.
മതത്തിലും വിശ്വാസത്തിലുമായി മനുഷ്യൻ മറയുന്ന കാഴ്ച മനുഷ്യത്വം മറയുന്നതിന്റെയോ മറയ്ക്കപ്പെടുന്നതിന്റെയോ മുന്നറിയിപ്പാണ്. ഇതിനെതിരെയുള്ള തിരിച്ചറിവിന്റെ അഥവാ അതിജീവനത്തിന്റെ സന്ദേശമാണ് ഗുരുദേവന്റെ മഹിതജീവിതത്തിൽ നിന്ന് സമൂഹം കാലാകാലം സ്വാംശീകരിക്കേണ്ടത്. ‘മനുഷ്യൻ എന്തിനാണ് വിശ്വാസത്തിന്റെ പേരിൽ അന്യോനം പൊരുതുന്നത്; അത് ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല”എന്ന ഗുരുവചനം ഇന്നത്തെ ലോകത്തിന്റെ ശ്രദ്ധയിൽ ശക്തമായി പതിയണം. അതിനുള്ള പ്രയത്നത്തിനാണ് ശ്രീനാരായണീയ സമൂഹം മുന്നിട്ടിറങ്ങേണ്ടത്.
ലൗകിക ജീവിതത്തിലെ വിഷയാനന്ദങ്ങൾക്കതീതമായുള്ള അലൗകികാനുഭൂതി നിരന്തരം നുകർന്ന ഭാനുമാന്മാരാണ് ഭാരതത്തിലെ ഗുരുക്കന്മാർ. അവരനുഭവിച്ച ആ അലൗകികാനുഭൂതികളിൽ നിന്ന് വെളിപ്പെട്ടുവന്ന ദർശനങ്ങളാണ് വേദാന്ത സംഗ്രഹങ്ങളായും സത്യദർശനങ്ങളായും നിലകൊള്ളുന്നത്. ലൗകിക ജീവിതത്തിലെ എല്ലാ സംശയങ്ങളെയും പ്രതിസന്ധികളെയും ആശങ്കകളെയും നിർബന്ധങ്ങളെയും പാടെ നിവാരണം ചെയ്യുന്നതിനുള്ള ശുദ്ധജ്ഞാനമാണ് വേദാന്തം നൽകുന്നത്.
നിരുപാധികം
ആനന്ദജീവിതം
ഒരാളുടെ ലൗകിക ജീവിതമെന്നത് പൂർണമായും ഉപാധിസംബന്ധമാണ്. അതായത്, മറ്റൊന്നിനെ ആശ്രയിച്ചു മാത്രം നിലകൊള്ളുന്നതാണ്. എന്നാൽ വേദാന്തമാകട്ടെ, ഉപാധിരഹിതമായ ഒരു ജീവിതത്തിലേക്കാണ് നമ്മെ നയിക്കുന്നത്. ഉപാധികളെല്ലാം അസ്തമിക്കുമ്പോഴാണ് ജീവിതത്തിൽ നിരതിശയവും നിരാമയവുമായ ആനന്ദപ്രാപ്തി കൈവരുന്നത്. മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം തന്നെ ആനന്ദമായ ജീവിതമാണ്. ഇഹലോക ജീവിതത്തിൽ ഒരുവൻ സർവകർമ്മങ്ങളും അനുഷ്ഠിക്കുന്നത് ഈ ആനന്ദാനുഭവത്തിനായിട്ടാണെങ്കിലും ആ സത്യം ആരും തിരിച്ചറിയുന്നില്ലെന്നേയുള്ളൂ. രണ്ടെന്ന അനുഭവം എവിടെയുണ്ടാകുന്നുവോ അവിടെ ആനന്ദപ്രാപ്തി ഉണ്ടാവുകയില്ല. ആത്മസുഖം എന്ന് ഗുരുദേവൻ പറഞ്ഞത് ഈ ആനന്ദപ്രാപ്തിയുടെ കരകവിയലിനെയാണ്.
ഇക്കാണുന്ന പ്രപഞ്ചവും അതിൽ ഉൾപ്പെട്ടു നിൽക്കുന്ന മനുഷ്യവർഗം ഉൾപ്പെടെയുള്ള സർവചരാചരങ്ങളും യഥാർത്ഥസത്തയിൽ നിന്നും അന്യമല്ലെന്നതാണ് അദ്വൈത വേദാന്ത ശാസ്ത്രത്തിന്റെ ആകെപ്പൊരുൾ. നിത്യസാധനകൊണ്ട് ഈ അറിവിനെ നിലനിറുത്തണം എന്നതായിരുന്നു ഗുരുവിന്റെ ഉപദേശം. ലൗകിക[ജീവിതത്തിന്റെ എല്ലാ അതിരുകളും എല്ലാ വ്യതിരിക്തതകളും അകന്നുപോകുമ്പോഴാണ് ജീവിതം നിർവൃതമായിത്തീരുന്നതെന്ന ബോദ്ധ്യപ്പെടുത്തലാണ് അത്. ‘മനുഷ്യൻ ഒരു ജാതി” എന്ന അനുഭവം യാഥാർത്ഥ്യമാകുന്നത് ഈ നേരറിവിന്റെ പ്രായോഗികതയിലാണ്. ആ പ്രായോഗികതയിലേക്ക് നമ്മെ നയിക്കുന്ന ഗുരുമാർഗങ്ങൾ അനുഭവമാക്കിത്തീർക്കണമെന്ന സന്ദേശമാണ് 171-ാം ഗുരുദേവ ജയന്തി ആഘോഷങ്ങൾ വിളംബരം ചെയ്യുന്നത്.
വൈരമില്ലാത്തൊരു ലോകത്തിന്റെ പുലരലാണ് തൃപ്പാദങ്ങൾ വിഭാവനം ചെയ്തിരുന്നത്. അതിനായി വൈരത്തിനു കാരണമായിത്തീരുന്ന സർവഭേദങ്ങളെയും സൗമ്യമായി ഉന്മൂലനംചെയ്യുവാൻ ഉപദേശങ്ങൾകൊണ്ടും സ്വജീവിതം കൊണ്ടും ഗുരുദേവൻ നമ്മെ പഠിപ്പിച്ചു. ആ പാഠത്തിന്റെ ആദ്യാദ്ധ്യായമായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയും അവിടെ ആലേഖനം ചെയ്ത വിശ്വസന്ദേശവും. അറിവിനെ അനുഭവമാക്കാനും അനുഭവത്തെ അറിവാക്കാനും മനുഷ്യനു മാത്രമേ കഴിയൂ. അതുപോലെ, തന്നെ ജന്മം കൊണ്ടും ജീവിതംകൊണ്ടും സ്വന്തം വർഗത്തെ പലതായി വിഭജിക്കുന്നതിനും ആ പലതുകൾക്കിടയിൽ വിയോജിപ്പിന്റെ അതിരുകൾ ഉറപ്പിക്കുന്നതിനും മനുഷ്യനു മാത്രമേ കഴിയൂ. ഇപ്രകാരം ഏകത്വത്തിൽ നാനാത്വവും, നാനാത്വത്തിൽ ഏകത്വവും ദർശിക്കുന്ന മനുഷ്യനാണ് ചരിത്രത്തിന്റെ നിർമ്മാതാവ് ആയിരിക്കുന്നതും. അപ്രകാരം മഹിതമാർന്ന ജീവിതം നയിക്കേണ്ട മനുഷ്യൻ പരസ്പരം ഭിന്നിച്ചും കലഹിച്ചും ആത്മവിരോധികളായിത്തീർന്ന് വൈരത്തിന്റെ ചരിത്രനിർമ്മിതി നടത്തുന്നത് കണ്ടുകൊണ്ടാണ് ചെമ്പഴന്തി വയൽവാരം വീട്ടിൽ ജാതനായ നാണു, നാണുച്ചട്ടമ്പിയും നാണുഭക്തനും നാണുവാശാനും ഒക്കെയായി ഒടുവിൽ ആത്മസാക്ഷാത്കാരം നേടിയ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളായി രൂപാന്തരപ്പെട്ടത്.
വൈരത്തിന്റെ
അതിരുകൾ
സനാതനമായ സത്യത്തിന്റെ അനുഭവ ജാലകത്തിലൂടെയല്ലാതെ ഒരുവൻ മറ്റൊരുവനെ നോക്കിക്കാണുന്നതായാൽ ‘ഞാൻ വേറെ, അവൻ വേറെ” എന്ന ചിന്തയുണ്ടാകും. അത്തരം ചിന്തയിൽ നിന്നാണ് മറ്റെല്ലാത്തരം ഭിന്നതകളും വൈരങ്ങളും ഉദ്ഭവിക്കുന്നത്. അതുകൊണ്ട് നിരുപാധികമല്ലാത്ത ആ ചിന്തയുടെയും വൈരത്തിന്റെയും ഉദ്ഭവസ്ഥാനത്തെത്തന്നെ തിരുത്തിയെടുക്കുന്ന ഒരു ദാർശനിക ആത്മീയ, മാനവിക, സാംസ്കാരിക, നവീകരണത്തിനാണ് ഗുരുദേവൻ മുതിർന്നത്.
1888 മുതൽ 1927 വരെ ഗുരുദേവൻ നടത്തിയ ക്ഷേത്രപ്രതിഷ്ഠകളെല്ലാം തന്നെ ദൈവികതയുടെ സ്വച്ഛതയിലൂടെ മാനവികതയുടെ സർവാത്മകതയിലേക്ക് മനുഷ്യനെ നയിക്കുവാനുള്ള ശ്രീകോവിലുകളായിരുന്നു. അതുവഴി മനുഷ്യന്റെ വിശ്വാസമണ്ഡലത്തിനപ്പുറം ശുദ്ധമായൊരു ജ്ഞാനമണ്ഡലത്തെ മറയില്ലാതെ പ്രതിഷ്ഠിക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. പ്രകാശമുള്ളിടത്തേ വസ്തുബോധം ദൃഢമാകൂ എന്നതുപോലെ ജ്ഞാനമുള്ളിടത്തേ സനാതനമൂല്യവും ആത്മബോധവും തെളിഞ്ഞു ദൃഢമാവുകയുള്ളൂ.
മനുഷ്യനെ പലതാക്കുന്നതെല്ലാം പൂർണമായി ഒഴിയുമ്പോഴാണ് അതിനുള്ള മാർഗം നേരായി തെളിയുന്നത്. ആ തെളിച്ചമാണ് നമ്മെ നാമാക്കുന്നത്. അപ്പോഴാണ് സ്വച്ഛമായും സ്വതന്ത്രമായും നിർവൈരനായും ആഴാനും വാഴാനുമുള്ള ഒരു ലോകം പിറവികൊള്ളുന്നത്. ഈ പാഠമാണ് തൃപ്പാദങ്ങളുടെ ജീവിതം വചനമായും മൗനമായും ആഹ്വാനം ചെയ്യുന്നത്. ആ വചന- മൗനപ്പൊരുളിലേക്ക് ഹൃദയത്തെ ഒരു മലരെപോലെ സമർപ്പിക്കുന്നതിനായാൽ നമുക്ക് ഗുരുസ്വരൂപം അനുഭവമാകും. അതാണ് ഏറ്റവും മഹത്തരമായ ഗുരുപൂജ. ഈ പുതിയ ഗുരുവർഷവും ഗുരുദേവ ജയന്തിയും നമുക്കേവർക്കും ഒരു ജീവാമൃതമായിത്തീരട്ടെയെന്നു പ്രാർത്ഥിക്കുന്നു.
- യുഗസ്രഷ്ടാവിന്റെ ജയന്തി
ലോകത്ത് അനേകം ആളുകൾ ജനിക്കുകയും മരിക്കുകയും ചെയ്തുകൊണ്ടേയിരിക്കും അവരുടെ ജന്മദിനത്തെക്കുറിച്ചും വിയോഗ ദിനത്തെക്കുറിച്ചും ലോകം ചിന്തിക്കാറേയില്ല. എന്നാൽ അപൂർവം ചിലരുടെ ജന്മദിനം ലോകം ആഘോഷിക്കുന്നു. അവരെയാണ് മഹാത്മാക്കളായി ലോകം ഹൃദയത്തിലേറ്റിയിരിക്കുന്നത്. 171-ാം ശ്രീനാരായണ ഗുരുദേവ ജയന്തി നാം ആഘോഷിക്കുമ്പോൾ ഗുരുദേവന്റെ വ്യക്തിത്വമായി നമ്മളിൽ തെളിയുന്നത് ഗുരു ലോകത്തിനു നൽകിയ മഹത്വമാർന്ന സന്ദേശങ്ങളാണ്. ആ സന്ദേശത്തിന്റെ ആകെത്തെുക മനുഷ്യത്വവും മനുഷ്യ നന്മയുമാണ്. ഗുരുദേവൻ സഹോദരൻ അയ്യപ്പന് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ വിഖ്യാതമായ സന്ദേശം ഇങ്ങനെയാണ്: ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും, അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല.”
മനുഷ്യനെ മനുഷ്യൻ തൊട്ടാൽ ആശുദ്ധമാകുമെന്നും, ഒരുമിച്ചിരുന്ന് വിദ്യാഭ്യാസം ചെയ്യുന്നതിനും പരസ്പരം വിവാഹം ചെയ്യുന്നതിനുമൊക്കെ ജാതിയും മതവും എപ്പോഴും തടസമായി നിൽക്കുമ്പോഴും ഒരു നൂറ്റാണ്ടിനപ്പുറം ലോകനന്മയെ മാത്രം മുന്നിൽക്കണ്ട് ഗുരു നൽകിയ സന്ദേശങ്ങൾ സഫലീകൃതമാകാതിരിക്കുകയാണ്. ‘ധരയിൽ നടപ്പത് തീണ്ടലായ” കാലം മാറിയെങ്കിലും, തീണ്ടലും തൊടീലുമൊക്കെ പല രൂപത്തിൽ ഒളിഞ്ഞും മറഞ്ഞും ഇവിടെ നിലനിൽക്കുന്നു എന്നതാണ് സത്യം. കൂടൽമാണിക്യവും ഗുരുവായൂരും ഒക്കെ ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്.
മതവിദ്വേഷത്തിന്റെ തീപ്പൊരികൾ പലയിടത്തുനിന്നും പലരും വിതറി വിടുമ്പോൾ കേരളം ആളിക്കത്താതിരിക്കുന്നത് കേരള ഹൃദയത്തിൽ ഗുരു ഉള്ളതുകൊണ്ടാണ്. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്” എന്ന തിരുവാക്യം ഇല്ലായിരുന്നെങ്കിൽ ഇവിടം എന്നേ കലാപഭൂമിയാകുമായിരുന്നു. ഗുരുദേവൻ ഉപദേശിച്ച എല്ലാ സന്ദേശങ്ങളും നമുക്ക് ഉൾകൊള്ളാൻ സാധിച്ചില്ലെങ്കിലും എല്ലാവരുടെയും പൊതുനന്മയ്ക്ക് ആവശ്യമായവ ഉൾക്കൊണ്ടില്ലെങ്കിൽ സർവനാശമായിരിക്കും ഫലം. ലഹരിമുക്തമായ ഒരു ജീവിതത്തിന് ഗുരു വളരെ പ്രാധാന്യം നൽകിയിട്ടുണ്ടല്ലോ. അന്നത്തെ ലഹരിയായ മദ്യം ഉണ്ടാക്കുകയും കൊടുക്കുകയും കുടിക്കുകയും ചെയ്യരുത് എന്ന് ഗുരു സമൂഹത്തെ ശാസിച്ചു. മദ്യത്തിന്റെ എത്രയോ മടങ്ങ് മാരകമായ നൂതന രാസലഹരികൾ ഇന്ന് കേരളത്തെ ഗ്രസിക്കുമ്പോൾ ആർക്കാണ് മോചനമന്ത്രമരുളാൻ സാധിക്കുക?
നാം ഗുരുവിലേക്ക് മടങ്ങിയില്ലെങ്കിൽ സ്വാർത്ഥബുദ്ധികൾ ചേർന്ന് കുതന്ത്രങ്ങൾ മെനഞ്ഞ്, മാതൃകാസ്ഥാനമായ നമ്മുടെ നാടിനെ ഭ്രാന്തലായമാക്കി മാറ്റും എന്നുറപ്പാണ്. പലതരം ഭ്രാന്തുകൾ നടമാടുന്ന ഈ കാലത്ത് കേരള സമൂഹത്തിന്റെ എല്ലാ ഭ്രാന്തുകളും ചികിത്സിച്ച മഹാഗുരു എന്ന അപൂർവ വൈദ്യന്റെ വാക്കുകൾക്ക് വളരെ മൂല്യമാണുള്ളത്. അത് കേരളത്തിന്റെ ജീവന്റെ മൂല്യം തന്നെയാണ്. ഓരോ തിരുജയന്തിയും കടന്നുവരുമ്പോൾ നാം ചിന്തിക്കണം; ഒരു വർഷംകൊണ്ട് ഗുരുവിനോട് അടുത്തുവോ അകന്നുവോ എന്ന്. അന്ധമായ ആരാധനകൾക്കും ആഘോഷങ്ങൾക്കും അപ്പുറം ഹൃദയംകൊണ്ട് ഒരു അണുവളവെങ്കിലും ഗുരുവിനോട് അടുക്കുവാൻ സാധിച്ചാൽ അതുതന്നെയാണ് തിരുജയന്തി ദിനത്തിൽ നമുക്ക് നൽകുവാൻ പറ്റിയ ഏറ്റവും വലിയ ഗുരുപൂജ.
