ശ്രീനാരായണഗുരു ഓപ്പൺ യൂണി. അഡ്മിഷൻ 25വരെ

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2025-26 അദ്ധ്യയന വർഷത്തെ യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം 25 വരെ നീട്ടി.

16യു.ജി പ്രോഗ്രാമുകളും, 12പി.ജി പ്രോഗ്രാമുകളുമാണുള്ളത്. 6പ്രോഗ്രാമുകൾ നാലുവർഷ ബിരുദ ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ് ഓപ്ഷനുണ്ട്. മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. ടി.സി നിർബന്ധമല്ല. ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി, പി.ജി പ്രോഗ്രാമുകൾക്കും യു.ജി.സി, പി.എസ്.സി, യു.പി.എസ്.സി എന്നിവയുടെ അംഗീകാരമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്. നിലവിൽ ഒരു അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാം. www.sgou.ac.in. ഫോൺ: 0474 2966841,9188909901,9188909902,9188909903.

  • ഇൻസ്പയർ ഫെല്ലോഷിപ്പ്

കൊച്ചി: കേന്ദ്ര സയൻസ് & ടെക്നോളജി വകുപ്പ് നടപ്പാക്കുന്ന ഇന്നവേഷൻ ഇൻ സയൻസ് പെർസ്യൂട്ട് ഫോർ ഇൻസ്പയേർഡ് റിസർച്ച് (INSPIRE) ഫാക്കൽറ്റി ഫെല്ലോഷിപ്പിന് 14വരെ അപേക്ഷിക്കാം. സയൻസ്, അപ്ലൈഡ് സയൻസ് മേഖലകളിൽ സ്വതന്ത്ര ഗവേഷണം ചെയ്യുന്നവർക്കുള്ള ഫെല്ലോഷിപ്പാണിത്. എൻജിനിയറിംഗ്, മെഡിസിൻ, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ് ഗവേഷണം.

യോഗ്യത

സയൻസ്, മാത്തമാറ്റിക്സ്, എൻജിനിയറിംഗ്, മെഡിസിൻ, ഫാർമസി, അഗ്രിക്കൾച്ചർ, വെറ്ററിനറി സയൻസ് അനുബന്ധ വിഷയങ്ങളിൽ അംഗീകൃത സർവകലാശാലയിൽനിന്ന് പി.എച്ച്ഡി ബിരുദം. പി.എച്ച്ഡി തിസീസ് സമർപ്പിച്ച് ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഗവേഷണ ലേഖനങ്ങൾ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിരിക്കണം. പ്ലസ് ടു മുതൽ എല്ലാ പ്രോഗ്രാമുകൾക്കും കുറഞ്ഞത് 60% മാർക്ക് വേണം.

ട്രാൻസ്‌ലേഷണൽ റിസർച്ച് ഇൻ സയൻസ് & ടെക്നോളജി വിഷയത്തിൽ അപേക്ഷിക്കുന്നവർക്ക് ഒരു പേറ്റന്റ് എങ്കിലും അവരുടെ പേരിലുണ്ടായിരിക്കണം. റഗുലർ/ കരാർ ജോലിയുള്ളവർക്കും അപേക്ഷിക്കാം. എന്നാൽ, തിരഞ്ഞെടുക്കപ്പെട്ടാൽ ജോലി രാജിവയ്ക്കണം. ജെ.ഇ.ഇ, നീറ്റ് റാങ്ക് ജേതാക്കൾ, പ്ലസ് ടു-ബിരുദ- ബിരുദാനന്തര ബിരുദ ആദ്യ റാങ്കുകാർ എന്നിവർക്ക് മുൻഗണനയുണ്ട്.

ഫെല്ലോഷിപ്പ്

5വർഷമാണ് ഫെല്ലോഷിപ്പ് കാലാവധി. 125000 രൂപയാണ് പ്രതിമാസ ഫെല്ലോഷിപ്. വാർഷിക ഇൻക്രിമെന്റായി 2000 രൂപയും റിസർച്ച് ഗ്രാന്റായി പ്രതിവർഷം 7ലക്ഷം രൂപ വീതവും ലഭിക്കും. പ്രായം 32. വനിതകൾക്കും എസ്.സി/ എസ്.ടി വിഭാഗക്കാർക്കും 37വയസു വരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാർക്ക് 42 ആണ് ഉയർന്ന പ്രായ പരിധി. വെബ്സൈറ്റ്: www.online-inspire.gov.in

പി.എസ്.സി അറിയിപ്പുകൾ

എൻഡ്യൂറൻസ് ടെസ്റ്റ്

കേരള എക്‌സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 743/2024) തസ്തികയിലേക്ക് 16,17 തീയതികളിൽ രാവിലെ 5മുതൽ തിരുവനന്തപുരം ജില്ലയിലെ വെട്ട്റോഡ് (കഴക്കൂട്ടം) -പോത്തൻകോട് റോഡിൽ സൈനിക സ്‌കൂളിന് സമീപം 2.5കി.മീ റോഡിൽവച്ച് എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും. ഉദ്യോഗാർത്ഥികൾ ചന്തവിള ഗവ.യു.പി.സ്‌കൂളിൽ എത്തിച്ചേരണം. അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജൻ/ജൂനിയർ കൺസൾട്ടന്റ് റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസറിൽ നിന്നും ലഭിക്കുന്ന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

അഭിമുഖം

ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 219/2024-വിശ്വകർമ്മ) തസ്തികയിലേക്കുള്ള അഭിമുഖം 17നും, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024) തസ്തികയുടെ രണ്ടാംഘട്ട അഭിമുഖം 18നും പി.എസ്.സി ഇടുക്കി ജില്ലാ ഓഫീസിൽ നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭിക്കും.
 എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 663/2024) തസ്തികയിലേക്ക് 18ന് രാവിലെ 9.30ന് പി.എസ്.സി എറണാകുളം ജില്ലാ ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top