എൻ.എം.വിജയന്റെ മരണം: കോൺ.നേതാക്കളെ വെട്ടിലാക്കി തിരുവഞ്ചൂരിന്റെ ഓഡിയോ

സുൽത്താൻ ബത്തേരി: രാഷ്ട്രീയത്തിലെ തരികിടപ്പണി തനിക്ക് ഇഷ്ടമല്ലെന്ന ആമുഖത്തോടെ പാർട്ടി നേതൃത്വത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ഫോൺസംഭാഷണം വിവാദമായി. ഇതിന്റെ ഓഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. പാർട്ടി നേതാക്കൾ കാരണം മുൻ ഡി.സി.സി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തിനുണ്ടായ ബാദ്ധ്യത തീർക്കുന്നതുമായി ബന്ധപ്പെട്ട കരാർ പാലിക്കാത്തതിനെതിരെ വിജയന്റെ മകനും മരുമകളും തിരുവഞ്ചൂരുമായി നടത്തിയ ഫോൺ സംഭാഷണം എന്നതരത്തിലാണ് പ്രചരിക്കുന്നതെങ്കിലും ബന്ധപ്പെട്ടവർ സ്ഥിരീകരിച്ചിട്ടില്ല .എൻ.എം.

വിജയന്റെ കുടുബമാണ് ഇത് പുറത്ത് വിട്ടത്.

‘സണ്ണി ജോസഫ് സാറിനെ വിളിച്ച് കാര്യം പറയൂ ‘എന്ന് വിജയന്റെ മകൻ തിരുവഞ്ചൂരിനോട് പറയുന്നു. അതിന് മറുപടിയായിട്ടാണ് തിരുവഞ്ചൂർ പ്രതികരിക്കുന്നത്.

‘ഒരു കാര്യം പറയാം. പാർട്ടി നേതൃത്വത്തിന്റെ ഒളിച്ചുകളി എനിക്കിഷ്ടമല്ല. രാഷ്ട്രീയത്തിലെ തരികിടപ്പണി എനിക്കിഷ്ടമല്ല. പറഞ്ഞ വാക്കിന് വിലയുണ്ടാകണം. പറയുന്ന കാര്യത്തിൽ നിശ്ചയം വേണം. ഒരാൾ പരാതി പറഞ്ഞാൽ കേൾക്കണം. നമ്മൾ പറയുന്നത് ഇഷ്ടമല്ല. പിന്നെ എന്തിനാണ് ഞാൻ പറയുന്നത്.’

സമിതിയിൽ സാറും ഉണ്ടായിരുന്നല്ലോ എന്ന ചോദ്യത്തിന് സമിതിയിലൊക്കെയുണ്ട്’ എന്ന് മറുപടി. ‘എന്തെങ്കിലും വീഴ്ചയുണ്ടായാൽ വിളിച്ച് ശാന്തമായി സംസാരിക്കുകയാണ് വേണ്ടത്. ഇത് കൊടുക്കാമെന്ന് പറഞ്ഞ തുകയാണ്. ഇത് നടപ്പാകാതെ വന്നതോടെ അവിടെ തന്നെ പോയി. കൊടുക്കാൻ തീരുമാനിച്ച തുക കൊടുക്കണം. നാട്ടുകാരുടെ കണ്ണീര് കാണാൻ ഞാനില്ല. സെറ്റിൽമെന്റ് കൃത്യമായി പാലിക്കുകയാണ് വേണ്ടത്. എല്ലാം പരിഹരിക്കാമെന്ന് ടി.സിദ്ദിഖും എ.പി.അനിൽകുമാറും പറഞ്ഞിരുന്നു.’

എഗ്രിമെന്റ് കോപ്പിയുടെ ഫോട്ടോ കോപ്പി എന്തു കൊണ്ട് എടുത്തില്ലെന്ന തിരുവഞ്ചൂരിന്റെ ചോദ്യത്തിന് മറുപടിയായി വിജയന്റെ മരുമകൾ പറയുന്നത്, ഫോട്ടോ കോപ്പി എടുക്കരുതെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നു എന്നാണ്. സിദ്ദീഖ് പറഞ്ഞ എന്തെങ്കിലും കാര്യം നടന്നിട്ടുണ്ടോയെന്ന്

തിരുവഞ്ചൂർ പറയുന്നതായാണ് ശബ്ദ സന്ദേശത്തിലുള്ളത്.

  • ആത്മഹത്യകൾ: വെട്ടിലായി വയനാട് കോൺഗ്രസ്

ൽപ്പറ്റ: വയനാട് മുൻ ഡി.സി.സി ട്രഷറർ എൻ.എം.വിജയൻ, മകൻ ജിജേഷ്, മുളളൻകൊല്ലി ഗ്രാമ പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നേല്ലേടം എന്നിവരുടെ ആത്മഹത്യ കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്നു.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് പാർട്ടിക്ക് വേണ്ടി രണ്ടേ കാൽ കോടി രൂപയുടെ കടക്കാരനായി പിടിച്ചുനിൽക്കാൻ കഴിയാതെ വന്നപ്പോഴാണ് എൻ.എം.വിജയൻ മകനൊപ്പം ആത്മഹത്യ ചെയ്തത്. നേതൃത്വവുമായി ഉണ്ടാക്കിയ ധാരണ ലംഘിക്കപ്പെട്ടതിനെ തുടർന്ന് വിജയന്റെ മകന്റെ ഭാര്യ പത്മജ ശനിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.ആശുപത്രിയിൽ വച്ച് ഇന്നലെയും പത്മജ നേതൃത്വത്തിനെതിരെ തുറന്നടിച്ചു.

പത്മജയെ കണ്ട് സംസാരിക്കാൻ ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം.വി.ജയരാജൻ വയനാട്ടിലെത്തി..വിജയന്റെ കുടുംബത്തെ കോൺഗ്രസ് സഹായിച്ചില്ലെങ്കിൽ, കുടുംബം ആവശ്യപ്പെടുന്ന പക്ഷം അവരെ സഹായിക്കാൻ തയ്യാറാണെന്ന് .ജയരാജൻ പറഞ്ഞു. കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിപ്പിക്കുന്ന തരത്തിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എം.വിജയന്റെ മക്കളുമായി നടത്തിയ സംഭാഷണം പുറത്താവുകയും ചെയ്തു. നേതാക്കളെടുക്കുന്ന നിലപാടുകളോട് യോജിപ്പില്ലെന്നാണ് തിരുവഞ്ചൂരിന്റെ വാക്കുകൾ.

ഇതിനിടെ ,ജോസ് നെല്ലേടം ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ് രംഗത്തെത്ഥി. മുഖ്യപ്രതി ഉടൻ പിടിയിലാകുമെന്ന് പൊലീസ് വ്യക്തമാക്കി.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ജോസ് നെല്ലേടം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. പെരിക്കല്ലൂരിലെ കോൺഗ്രസ് വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണങ്ങളെ തുടർന്ന് ജോസ് നെല്ലേടമുൾപ്പെടെയുള്ള ചില നേതാക്കൾക്കെതിരെ വ്യാപക പ്രചാരണങ്ങൾ നടന്നിരുന്നു. ഇതിൽ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയത്.

അതേസമയം പരസ്യ പ്രതികരണത്തിനില്ലെന്നാണ് ജോസിന്റെ കുടുംബാംഗങ്ങൾ പറഞ്ഞത്. പ്രതികരണങ്ങൾ നടത്തി മറ്റൊരു കുടുംബത്തെ ഇല്ലാതാക്കാനില്ല. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ കുപ്രചാരണങ്ങൾ നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി . ജോസ് നെല്ലേടത്തിന്റെ മരണം വയനാട് കോൺഗ്രസിൽ സമീപകാലത്തുണ്ടായ ദുരൂഹ മരണങ്ങളുടെ തുടർച്ചയാണെന്നാണ് സി.പി.എമ്മും സി.പി.ഐയും ആരോപിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top