ന്യൂഡൽഹി: പ്രതിപക്ഷ മഹാസഖ്യത്തിനുള്ളിൽ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ,2020ൽ ജയിച്ചതും നേരിയ വ്യത്യാസത്തിൽ തോറ്റവയും ഉൾപ്പെടെ 70 സീറ്റുകൾ വേണമെന്ന ആവശ്യത്തിലുറച്ച് കോൺഗ്രസ്. 2020ൽ കോൺഗ്രസ് ജയിച്ച 19 സീറ്റുകളിൽ വീണ്ടും മത്സരിക്കണമെന്നതാണ് കോൺഗ്രസ് ആവശ്യം. കൂടാതെ പാർട്ടി സ്ഥാനാർത്ഥികൾ 5,000ൽ താഴെ വോട്ടുകൾക്ക് പരാജയപ്പെട്ട സീറ്റുകളിലും അവകാശവാദം ഉന്നയിക്കുന്നു. രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബീഹാറിലുടനീളം ഉണർവുണ്ടാക്കിയെന്നും കൂടുതൽ സീറ്റുകളിൽ ജയിക്കാമെന്നും പാർട്ടി കരുതുന്നു.
മുന്നണിയിലെ പ്രധാന കക്ഷിയായ ആർ.ജെ.ഡിക്കും മറ്റ് സഖ്യകക്ഷികൾക്കും ജയ സാദ്ധ്യത കുറഞ്ഞ സീറ്റുകൾ മാത്രം നൽകുന്ന പതിവ് പാടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കും. എല്ലാ ആനുകൂല്യവും ഒരു പാർട്ടിക്ക് ലഭിക്കുന്ന തരത്തിലുള്ള സീറ്റ് പങ്കിടലിനോട് യോജിപ്പില്ലെന്നും പാർട്ടി ഇതിനകം വ്യക്തമാക്കി.
2020ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 70 സീറ്റുകളിൽ മത്സരിച്ചാണ് 19 സീറ്റുകൾ നേടിയത്. 2015ൽ 41 സീറ്റുകളിൽ മത്സരിച്ച് 27 സീറ്റുകൾ നേടിയിരുന്നു. ഇക്കുറി സംസ്ഥാനത്തെ സാഹചര്യം ഏറെ മെച്ചപ്പെട്ടെന്നാണ് പാർട്ടി വിലയിരുത്തൽ. 2020ൽ,144 സീറ്റുകളിൽ മത്സരിച്ച ആർ.ജെ.ഡി 75 എണ്ണം നേടി. സഖ്യകക്ഷിയായ സിപിഐ(എം-എൽ)(എൽ) 19 ഇടത്ത് മത്സരിച്ച് 12 സീറ്റുകളിൽ ജയിച്ചു. ആറു സീറ്റിൽ മത്സരിച്ച സി.പി.ഐയും നാലിടത്ത് മത്സരിച്ച സി.പി.എമ്മും ഓരോ സീറ്റ് വീതവും നേടി
ഇത്തവണ മഹാസഖ്യത്തിൽ ഹേമന്ത് സോറന്റെ ജെ.എം.എമ്മും മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരാസിന്റെ രാഷ്ട്രീയ ലോക് ജനശക്തി പാർട്ടിയും (ആർ.എൽ.ജെ.പി) അടക്കം എട്ട് ഘടകകക്ഷികളുണ്ട്.
ബീഡി വിവാദം, കോൺ. ബീഹാറിനെ അപമാനിച്ചെന്ന് മോദി
ന്യൂഡൽഹി: കോൺഗ്രസ് കേരളാ ഘടകത്തിന്റെ സോഷ്യൽ മീഡിയ വിഭാഗം പുറത്തുവിട്ട ബീഡി പരാമർശം ബീഹാറിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഡി പരാമർശം ബീഹാറിന് അപമാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബീഹാറിലെ പൂർണിയയിൽ 40,000 കോടിയുടെ പദ്ധതികൾക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പതിറ്റാണ്ടുകളായി ബീഹാറിനെ ചൂഷണം ചെയ്തവരെ ഇപ്പോൾ സംസ്ഥാന വേഗത്തിൽ വികസിക്കുന്നത് അസ്വസ്ഥരാക്കുന്നു. മുന്നേറുന്ന ബീഹാറിനെ പ്രതിപക്ഷ പാർട്ടികൾ അപമാനിക്കുന്നു. ബീഹാറും ബീഡിയും ഒരേ അക്ഷരത്തിൽ തുടങ്ങുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. അത്തരം മാനസികാവസ്ഥയുള്ളവർക്ക് ഒരിക്കലും ബീഹാറിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കാനാവില്ല. ഈ അപമാനത്തിന് കോൺഗ്രസിനും സഖ്യകക്ഷികൾക്കും ബീഹാറിലെ ജനങ്ങൾ മറുപടി നൽകണം.
സ്വന്തം ഖജനാവ് നിറയ്ക്കുന്നതിൽ ശ്രദ്ധിച്ചവർക്ക് ദരിദ്രർക്ക് വീടുവച്ച് നൽകാനാകില്ല. മുൻപ് കേന്ദ്ര സർക്കാർ അയച്ച ഓരോ രൂപയിലും 0.85 രൂപ അഴിമതിയിലൂടെ നഷ്ടപ്പെട്ടിരുന്നു. പ്രതിപക്ഷം ഭരിച്ചപ്പോൾ എപ്പോഴെങ്കിലും ദരിദ്രർക്ക് നേരിട്ട് പണം ലഭിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അനധികൃത നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിച്ച പ്രതിപക്ഷ പാർട്ടികൾ ബീഹാറിന്റെ സ്വത്വത്തിനും ഭീഷണിയാണെന്നും മോദി ആരോപിച്ചു. സീമാഞ്ചലിലും കിഴക്കൻ ഇന്ത്യയിലും ഗുരുതരമായ ജനസംഖ്യാ പ്രതിസന്ധിയാണുള്ളത്. ഇതിന് പരിഹാരമായാണ് താൻ സ്വാതന്ത്ര്യദിനത്തിൽ പുതിയ പദ്ധതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്ന പ്രതിപക്ഷ സഖ്യം ബീഹാറിന്റെയും രാജ്യത്തിന്റെയും വിഭവങ്ങളെയും സുരക്ഷയെയും അപകടപ്പെടുത്തും. അതിനെതിരായ നടപടികളിലാണ് കേന്ദ്രം-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
