ആലപ്പുഴ: അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി വീടും വസ്തുവുമില്ലെന്ന് കണ്ടെത്തിയ 3613 അതിദരിദ്ര കുടുംബങ്ങൾക്ക് വീടുകൾ ഉൾപ്പെട്ട മൂന്ന് സെന്റിൽ കുറയാത്ത ഭൂമി വാങ്ങി നൽകുന്നതിന് പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയുള്ളതാണ് പദ്ധതി.
താത്പര്യമുള്ളവർക്ക് 10 വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത വീടുകൾ ഉൾപ്പെട്ട ഭൂമി കണ്ടെത്താനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങളോട് അറിയിച്ചിട്ടുള്ളത്. പരമാവധി 6 ലക്ഷം രൂപ ഗ്രാമപഞ്ചായത്തിലും 6.70 ലക്ഷം രൂപ മുനിസിപ്പാലിറ്റിയിലും 9.25 ലക്ഷം രൂപ കോർപ്പറേഷൻ പ്രദേശത്തും അനുവദിക്കാമെന്നാണ് നിർദ്ദേശം.
ഗുണഭോക്താവ് ഉൾപ്പെട്ട തദ്ദേശസ്ഥാപനത്തിൽ വീടും സ്ഥലവും കണ്ടെത്താനായില്ലെങ്കിൽ തൊട്ടടുത്ത തദ്ദേശസ്ഥാപന പരിധിയിൽ കണ്ടെത്താം. ഗുണഭോക്താക്കൾ ലൈഫ് മിഷന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നിലവിലെ രീതിയിൽ ലൈഫ് മിഷനും തദ്ദേശസ്ഥാപനങ്ങളും വീടോട് കൂടിയ സ്ഥലത്തിന് വിഹിതം അനുവദിച്ചശേഷം ലൈഫ് പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
വീട് 400 ചതുരശ്ര അടിയിൽ കുറയരുത്
കുറഞ്ഞത് 400 ചതുരശ്ര അടിയിൽ (37.16 ചതുരശ്ര മീറ്റർ) തറ വിസ്തീർണ്ണമുള്ള വീടുള്ള വസ്തുവാങ്ങണം
വസ്തുവിലേക്ക് വഴി വേണം. വെള്ളക്കെട്ടോ ചതുപ്പോ ആകരുത്.
അടുക്കള,ഡ്രോയിംഗ് കം ഡൈനിംഗ് റൂം,രണ്ട് കിടപ്പുമുറി,സെപ്റ്റിക് ടാങ്ക് ഉള്ള ടോയ്ലറ്റ് എന്നിവ ഉണ്ടായിരിക്കണം.
മുൻ-പിൻ വാതിലുകൾ,പ്ലംബിംഗ്,വയറിംഗ്,ഫ്ലോറിംഗ് എന്നിവ നിർബന്ധം
ലൈഫ് ഭവന പദ്ധതി മാർഗരേഖയിലെ എല്ലാ സൗകര്യങ്ങളും നിർവഹണ ഉദ്യോഗസ്ഥൻ ഉറപ്പാക്കണം
വീടിന്റെ മേൽക്കൂര കോൺക്രീറ്റോ ഗാൽവനൈസ്ഡ് സ്റ്റീലിലോ,തടിയിലോ തീർത്ത ഫ്രൈയിമിൽ ഓട് പാകിയതോ ആയിരിക്കണം.
തദ്ദേശ സ്ഥാപനം കെട്ടിട നമ്പർ അനുവദിച്ചതായിരിക്കണം. വീട് വാസയോഗ്യമാണെന്ന എൻജിനിയറുടെ സാക്ഷ്യപത്രവും വേണം.
” പദ്ധതി നടത്തിപ്പിനുള്ള മാർഗനിർദ്ദേശം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. അതിദരിദ്ര വിഭാഗത്തിൽ
വീടില്ലാത്ത മുഴുവൻ പേർക്കും നവംബറിന് മുമ്പ് ഭൂമിയും വീടും ഉറപ്പാക്കുകയാണ് ലക്ഷ്യം”
തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടറേറ്റ്
വീട് പൗരന്റെ മൗലികാവകാശം, കേന്ദ്രം പുനരുജ്ജീവന ഫണ്ട് രൂപീകരിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: വീടിനുള്ള അവകാശം ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. പാതി വഴിയിൽ നിന്നു പോകുന്ന റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളെ സാമ്പത്തികമായി സഹായിക്കാൻ കേന്ദ്രസർക്കാർ പുനരുജ്ജീവന ഫണ്ട് രൂപീകരിക്കണം. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ സ്വകാര്യ കമ്പനികളുടെ ഭവന നിർമ്മാണ പദ്ധതികൾ പാതിവഴിയിൽ നിലച്ചത് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ചിലയിടങ്ങളിൽ പണി ആരംഭിച്ചിട്ടു പോലുമില്ല. ഒരു വീടല്ലെങ്കിൽ ഫ്ളാറ്റ് ആഗ്രഹിച്ച് പണം മുടക്കിയവരാണ് പെട്ടു പോകുന്നത്. വീടിനുള്ള അവകാശം കമ്പനിയുമായുള്ള കരാർ പ്രകാരമുള്ളത് മാത്രമല്ല. മൗലികാവകാശവുമാണ്. വീട് വാങ്ങുന്നവർ ഇന്ത്യയുടെ നഗര വികസനത്തിന്റെ നട്ടെല്ലാണ്. അവരെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് കേന്ദ്രത്തെ കോടതി ഓർമ്മിപ്പിച്ചു.
വീട് സുരക്ഷിത ഇടം
വീട് തലയ്ക്ക് മുകളിലുള്ള മേൽക്കൂര മാത്രമല്ല. പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും സാക്ഷാത്കാരമാണ്. കുടുംബത്തിന് സുരക്ഷിതമായ ഇടവും, ലോകത്തിലെ ആശങ്കകളിൽ നിന്നുള്ള അഭയ കേന്ദ്രവുമാണ്. അവരുടെ താത്പര്യം സംരക്ഷിക്കാതെ നിശബ്ദനായ കാഴ്ചക്കാരനായി നിൽക്കാൻ സർക്കാരിന് കഴിയില്ല. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിട്ടിയെ പല്ലു കാെഴിഞ്ഞ സിംഹമായി പരുവപ്പെടുത്താൻ കഴിയില്ല. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും ട്രൈബ്യൂണലുകൾ സ്ഥാപിച്ചും റിയൽ എസ്റ്റേറ്റ് രംഗത്തെ മോശം പ്രവണതകൾക്ക് തടയിടണം. മുടങ്ങിയ പദ്ധതികൾ പൂർത്തിയാക്കുന്നതിന് പ്രത്യേക സംവിധാനം രൂപീകരിക്കാൻ ഉത്തരവിടുമെന്നും കോടതി സൂചന നൽകി.
