ആലപ്പുഴയിൽ കേരള ചിക്കൻ സ്റ്റാളുകൾ ഒരുമാസത്തിനകം

ആലപ്പുഴ: ഗുണമേന്മയോടെ ന്യായവിലയിൽ കോഴിയിറച്ചി ലഭ്യമാക്കാൻ കുടുംബശ്രീ കേരള ചിക്കൻ ഔട്ട്ലെറ്റുകൾ ആലപ്പുഴയിൽ ആരംഭിക്കും.

ഇതിനായി അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. ഒരുമാസത്തിനകം ഔട്ട്ലെറ്റുകൾ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ അഞ്ച് ഔട്ട്ലെറ്റുകളാണ് ആരംഭിക്കുക. ഹരിപ്പാട്, ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.

നിലവിൽ മലപ്പുറം,തൃശൂർ,എറണാകുളം,കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഔട്ട്ലെറ്റുകളുള്ളത്. ജില്ലയിൽ കാർത്തികപ്പള്ളി,കായംകുളം, ചേർത്തല എന്നിവിടങ്ങളിലായി 12ഫാമുകൾ കേരള ചിക്കനുണ്ട്. പുതിയ ഫാമുകൾ ആരംഭിക്കാനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫാമുകൾ നടത്തുന്ന കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം.415 കോടിയുടെ വിറ്റുവരവാണ് കേരളചിക്കൻ ഇതുവരെ നേടിയത്.

ആദ്യഘട്ടം അഞ്ച് ഔട്ട്ലെറ്റുകൾ

1.ജില്ലയിൽ ആദ്യംഘട്ടം എന്ന നിലയിലാണ് അഞ്ച് ഔട്ട്ലെറ്റുകൾ തുറക്കുന്നത്.എല്ലാബ്ലോക്കുകളിലും ഓരോ ഔട്ട്ലെറ്റാണ് ലക്ഷ്യം.ജില്ലയിൽ 12 ബ്ലോക്കുകളാണുള്ളത്

2.ഫ്രോസൺ, ചിൽഡ്, ലൈവ് ഉത്പന്നങ്ങൾ ഔട്ട്ലെറ്റുകൾ വഴി വിൽക്കുമെങ്കിലും ചിൽഡ് ഉത്പന്നങ്ങൾക്കായിരിക്കും പ്രാധാന്യം.പക്ഷിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലയായത് കൊണ്ടാണിത്

3. അഞ്ചുദിവസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്നതാണ് ചിൽഡ് ഉത്പന്നങ്ങൾ.പക്ഷിപ്പനികാരണം മാസങ്ങൾ വരെ ചിക്കൻ ഉത്പന്നങ്ങൾക്ക് ജില്ലയിൽ നിരോധനം ഏർപ്പെടുത്താറുണ്ട്

4. ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിവയാണ് ചിൽഡ് ചിക്കൻ ഉത്പന്നങ്ങളായി വിപണിയിലെത്തിക്കുക

ജില്ലയിൽ കേരള ചിക്കന്റെ ഫാമുകൾ

12


കേരളചിക്കന്റെ ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നതിനുള്ള അപേക്ഷകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ഇവ പരിഗണിച്ചുകഴിഞ്ഞാൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ സാധിക്കും

-എസ്. അഗിൻ, മാർക്കറ്റിംഗ് മാനേജർ, കേരളചിക്കൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top