തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ,ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ സൂചിപ്പിച്ചു. വോട്ടർ പട്ടിക ഒരു വട്ടം കൂടി പുതുക്കും. ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതികൾ ചുമതല ഏൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തുമോ എന്നതിൽ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാരുമായും പൊലീസ് മേധാവി,ചീഫ് സെക്രട്ടറി തുടങ്ങിയവരുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചനകൾക്ക് ശേഷമായിരിക്കും തീരുമാനം.കൊവിഡ് കണക്കിലെടുത്ത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളായാണ് നടത്തിയത്. 2020 ഡിസംബർ 8,10,14 തീയതികളിലായിരുന്നു വോട്ടെടുപ്പ്. 16നാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ വോട്ടർമാരുടെ എണ്ണം കൂടുകയും ഒരു ബൂത്തിൽ 1200 വോട്ടർമാരായി ചുരുക്കുകയും, ബൂത്തുകളുടെ എണ്ണം കൂടുകയും ചെയ്തത് കണക്കിലെടുത്തായിരിക്കും വോട്ടെടുപ്പ് ക്രമീകരിക്കുക.
സംവരണ നറുക്കെടുപ്പ്
ഒക്ടോ.13 മുതൽ 21 വരെ
തദ്ദേശ തിരഞ്ഞെടുപ്പ് കാഹളം ഉയർന്നു, എങ്ങും നെട്ടോട്ടം
തദ്ദേശ തിരഞ്ഞെടുപ്പിന് കാഹളമുയരുമ്പോൾ ജനപ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും നെട്ടോട്ടത്തിലാണ്. പെരുമാറ്റച്ചട്ടത്തിന് മുൻപേ പദ്ധതികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്തണം, പിടിവിട്ടുപോയ ഭരണം തിരിച്ചു പിടിക്കാൻ തന്ത്രങ്ങൾ പയറ്റണം. ഇതിനിടയിൽ ഫണ്ടും കണ്ടെത്തണം. 26 ന് കളക്ടറേറ്റിലാണ് സംവരണ വാർഡുകളുടെ നറുക്കെടുപ്പ് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ പരിശീലനം. ഇതിന് ശേഷം 13 മുതൽ 21 വരെയാണ് നറുക്കെടുപ്പ്. തുടർന്നുള്ള ദിവസങ്ങളിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തീയതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ തിരക്കിട്ട ഓട്ടത്തിലാണ് ഓരോ പഞ്ചായത്ത് ഭരണസമിതികളും അംഗങ്ങളും. മിക്ക പഞ്ചായത്തുകളിലും പല പദ്ധതികളും പാതിവഴിയിലും ചിലത് മുടന്തി നീങ്ങുന്നവയുമാണ്. ഗ്രാമീണ റോഡുകൾ, പാലങ്ങൾ, കുഴൽക്കിണറുകൾ, മഴവെള്ള സംഭരണികൾ, വഴിവിളക്കുകൾ, ബസ് സ്റ്റാൻഡുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, മാർക്കറ്റ് സമുച്ചയം, ഗ്യാസ് ക്രിമിറ്റോറിയം തുടങ്ങി പലതും നിർമ്മാണം പൂർത്തിയായിട്ടില്ല. ഇതിനിടെ സെക്രട്ടറിമാർ, എ.ഇ.മാർ, വി.ഇ.ഒ മാർ അടക്കം പല ജീവനക്കാരും ഇല്ലാതെ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാതെ ഭരണ സമിതി അംഗങ്ങളും ജീവനക്കാരും തമ്മിൽ ശീതസമരം നടത്തുന്ന പഞ്ചായത്തുകളുമുണ്ട്.
ഒരുപാടുണ്ട് ചെയ്യാൻ
പദ്ധതികളുടെ പൂർത്തിയാക്കൽ
പൂർത്തിയായവയുടെ ഉദ്ഘാടനം
കരാറുകാരുടെ വീഴ്ചയിൽ മുടങ്ങിയവ
വാർഡ് വിഭജനം : സമവാക്യങ്ങൾ മാറി
വാർഡ് വിഭജനത്തിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പുത്തൻപരീക്ഷണമാണ്. വാർഡുകൾ എല്ലാ പഞ്ചായത്തുകളിലും വർദ്ധിച്ചതോടെ പഴയ സമവാക്യങ്ങൾ മാറി. വാർഡുകളിലെ രൂപമാറ്റങ്ങൾ പഠന വിധേയമാക്കി പുതിയ വാർഡുകളിൽ ആരെ പരീക്ഷിക്കും എന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കണം. എണ്ണം വർദ്ധിച്ചതോടെ സീറ്റുമോഹികളെ സമാധാനിപ്പിക്കണം. വിമതശല്യം ഒഴിവാക്കുകയും വേണം.
പഞ്ചായത്തുകൾ : 72
ബ്ളോക്ക് പഞ്ചായത്ത് : 11
നഗരസഭകൾ : 6
