ചണ്ഡിഗഡ്: പ്രായപരിധിയിൽ ഇളവു നൽകി തമിഴ്നാട് സ്വദേശിയും ദളിത് മുഖവുമായ ഡി.രാജയെ (76) ജനറൽ സെക്രട്ടറിയായി സി.പി.ഐ 25-ാം പാർട്ടി കോൺഗ്രസ് നിലനിറുത്തി. 125 അംഗ ദേശീയ കൗൺസിലിനെയും 31 അംഗ ദേശീയ എക്സിക്യുട്ടീവിനെയും 11 അംഗ ദേശീയ സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ അംഗം ഗോവിന്ദൻ പള്ളിക്കാപ്പിൽ, ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചോലോസ് എന്നിവർ ദേശീയകൗൺസിലിൽ പുതുമുഖങ്ങൾ. 75വയസ് പ്രായപരിധി കഴിഞ്ഞ മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ, അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരുടെ ഒഴിവിലാണിത്.
കെ.പ്രകാശ്ബാബുവും രാജ്യസഭാംഗം പി.സന്തോഷും ദേശീയ സെക്രട്ടേറിയറ്റിലെത്തിയപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പ് ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഒഴിഞ്ഞു. 2019ൽ സുധാകർ റെഡ്ഡി ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞപ്പോൾ സ്ഥാനമേറ്റ രാജയ്‌ക്ക് 2022ലെ വിജയവാഡ പാർട്ടി കോൺഗ്രസിൽ തുടർച്ച ലഭിച്ചിരുന്നു.
പ്രായപരിധി പാലിക്കണമെന്ന കേരള, തമിഴ്നാട്, തെലങ്കാന, ആന്ധ്ര ഘടകങ്ങളുടെ നിലപാടിനെ തുടർന്ന് നാലുമണിക്കൂർ ചർച്ച ചെയ്‌താണ് ദേശീയ എക്‌സിക്യുട്ടീവ് രാജയ്‌ക്ക് 75 പ്രായപരിധിയിൽ ഇളവു നൽകാൻ ധാരണയായത്. പ്രായപരിധിയെ ചൊല്ലി പ്രതിനിധി ചർച്ചയിലും ബഹളമുണ്ടായി. 75 വയസ് തികഞ്ഞ സെക്രട്ടേറിയറ്റിലെ ഡോ. കെ.നാരായണ, പല്ലഭ് സെൻ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ എന്നിവർ ഒഴിഞ്ഞു. കെ.നാരായണയെ കൺട്രോൾ കമ്മിഷൻ അദ്ധ്യക്ഷനും പല്ലഭ് സെൻ ഗുപ്‌തയെ എല്ലാ സമിതികളിലും ആജീവനാന്ത ക്ഷണിതാവുമാക്കി.
ദേശീയ സെക്രട്ടേറിയറ്റ്:
ഡി.രാജ, അമർജിത് കൗർ, ഡോ. ബാലചന്ദ്രകുമാർ കാംഗോ, രാമകൃഷ്ണ പാണ്ഡെ, ആനി രാജ, ഗിരീഷ് ശർമ്മ, പ്രകാശ് ബാബു, പി. സന്തോഷ് കുമാർ, സഞ്ജയ് കുമാർ, പല്ലവെങ്കട്ട് റെഡ്ഡി (പഞ്ചാബ് പ്രതിനിധി ഒഴിവ്).
പ്രായ പരിധി ഇളവിൽ ഉടക്കി പ്രതിനിധികൾ, പാതിരാവരെ നീണ്ട സമവായ ചർച്ചകൾ
ചണ്ഡിഗഡ്: വീണ്ടും ജനറൽ സെക്രട്ടറിയാകാൻ ഡി.രാജയ്‌ക്ക് 75 പ്രായ പരിധിയിൽ ഇളവു നൽകാനുള്ള തീരുമാനം സി.പി.ഐ പാർട്ടി കോൺഗ്രസിൽ പതിവില്ലാത്ത തർക്കങ്ങൾക്കും ചർച്ചകൾക്കുമാണ് വഴിവച്ചത്. ജനറൽ സെക്രട്ടറിയെ തീരുമാനിക്കാൻ ബുധനാഴ്‌ച രാത്രി ചേർന്ന യോഗം അഞ്ചു മണിക്കൂർ നീണ്ടു. പ്രായപരിധി ഇളവിനെതിരെ കേരള നേതാക്കൾ തുറന്നടിച്ചു.
ഒരാൾക്ക് മാത്രമായി ഇളവു നൽകുന്നത് തെറ്റായ സന്ദേശമാണെന്ന് കേരളത്തിൽ നിന്നുളള ലതാ ദേവി, വി.എസ്. സുനിൽകുമാർ, രാജാജി മാത്യു എന്നിവർ ചൂണ്ടിക്കാട്ടി. പ്രായ പരിധി കർശനമായി നടപ്പാക്കുന്നതുകൊണ്ടാണ് കേരളത്തിൽ നിന്ന് ചന്ദ്രശേഖരൻ ഒഴിയുന്നത്. അനുഭവസ്ഥരായ നേതാക്കളെ മാറ്റി നിർത്തി യുവാക്കൾക്ക് അവസരം നൽകാനാണിത്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇടപെട്ട് കേരള പ്രതിനിധികളോട് ശാന്തരാകാൻ ആവശ്യപ്പെട്ടു.
രാജയ്‌ക്ക് പ്രായപരിധി ഇളവ് നൽകാൻ തീരുമാനിച്ച എക്‌സിക്യൂട്ടീവ് തീരുമാനം കൗൺസിലിൽ അവതരിപ്പിച്ചപ്പോഴും രൂക്ഷമായ എതിർപ്പുയർന്നു. തീരുമാനത്തെ അനുകൂലിക്കുന്നവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ കേരള അംഗങ്ങൾ പ്രതികരിച്ചില്ല. ദേശീയ കൗൺസിൽ അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്ന ചർച്ചയിലും വിഷയം തർക്കത്തിന് വഴി തെളിച്ചു. പ്രായപരിധിയെ ചൊല്ലി തമിഴ്നാട് ഘടകത്തിനുള്ളിലെ ഭിന്നത നാഷണൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് വഴി തെളിച്ചു. 75 വയസ്സിന്മേൽ പ്രായമുള്ളവർ തുടരുന്നതിൽ പ്രതിഷേധിച്ച് 11 ഒഴിവിലേക്ക് 15 പേർ മത്സരിച്ചതോടെയാണിത്.
80കാരനായ ബിഹാർ സംസ്ഥാന സെക്രട്ടറി രാം നരേഷ് പാണ്ഡയെ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തുന്നതിനെ ;പാട്‌ന ജില്ലാ സെക്രട്ടറിയായ ബിശ്വജിത് എതിർത്തതും രംഗം കലുഷമാക്കി.
അഴിമതിയുടെ കറ പുരളാത്ത വ്യക്തിത്വവും ദേശീയ രാഷ്ടീയത്തിലെ പരിചയസമ്പത്തും ദളിത് മുഖവും ഉയർത്തിക്കാട്ടിയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ രാജയെ അനുകൂലിച്ചത്.രാജയ്‌ക്ക് ഇളവുനൽകാനുള്ള ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിലെ തർക്കം ഇന്നലെ സമാപന ദിവസത്തെ ചടങ്ങുകളെയും ബാധിച്ചു ചർച്ചകൾ നീണ്ടതിനാൽ രണ്ടരയ്‌ക്ക് പകരം പാർട്ടി കോൺഗ്രസ് സമാപിച്ചത് രാത്രിയോടെ.
- പ്രായ പരിധിയില്ലാതെ കൺട്രോൾ കമ്മിഷൻ
ചണ്ഡിഗഡ്: സി.പി.ഐ കൺട്രോൾ കമ്മിഷൻ വയസൻമാരുടെ കൂട്ടായ്മയാണെന്ന് പാർട്ടി കോൺഗ്രസ് ചർച്ചയ്ക്കിടെ ചില പ്രതിനിധികൾ പരാതിപ്പെട്ടു. ഭരണഘടന പ്രകാരം കൺട്രോൾ കമ്മിഷനിൽ പ്രായ പരിധി ബാധകമാക്കേണ്ടതില്ലെന്ന് നേതാക്കൾ വിശദീകരിച്ചു. ദേശീയ സെക്രട്ടേറിയറ്റിൽ നിന്നൊഴിഞ്ഞ കെ. നാരായണയെ കൺട്രോൾ കമ്മിഷൻ ചെയർമാൻ ആയി നിയമിച്ചതിന് പിന്നാലെയായിരുന്നു വിമർശനം. കേരളത്തിൽ നിന്ന് സത്യൻ മൊകേരി അടക്കം 11 അംഗങ്ങളുണ്ട് കമ്മിഷനിൽ.
ദേശീയ സെക്രട്ടേറിയറ്റിൽ അഞ്ചൊഴിവ്
75 വയസ് തികഞ്ഞ ഡോ. കെ.നാരായണ, പല്ലഭ് സെൻ ഗുപ്ത, സയ്യിദ് അസീസ് പാഷ, നാഗേന്ദ്രനാഥ് ഓഝ എന്നിവരും കേരള സെക്രട്ടറി ബിനോയ് വിശ്വവും ഒഴിഞ്ഞപ്പോൾ കേന്ദ്ര സെക്രട്ടേറിയറ്റിൽ അഞ്ചൊഴിവാണുണ്ടായത്. കേരളത്തിൽ നിന്ന് പ്രകാശ് ബാബു, കേന്ദ്ര ക്വാേട്ടയിൽ നിന്നുള്ള പി. സന്തോഷ് കുമാർ എന്നിവരെ കൂടാതെ സഞ്ജയ് കുമാർ (ബിഹാർ), പല്ല വെങ്കിട്ട റെഡ്ഡി (തെലങ്കാന) എന്നിവരെ നിയമിച്ചു. 11 അംഗ സെക്രട്ടേറിയറ്റിൽ പഞ്ചാബിൽ നിന്നുള്ള പ്രതിനിധിയെ നിയമിച്ചിട്ടില്ല.
ട്രഷറർ തസ്‌തിക
തിരിച്ചെത്തി
2022 വിജയ വാഡ പാർട്ടി കോൺഗ്രസിൽ നിന്ന് വ്യത്യസ്‌തമായി ചണ്ഡിഗഡ് പാർട്ടി കോൺഗ്രസിൽ ട്രഷറർ സ്ഥാനത്തേക്ക് നിയമനമായി. ഡൽഹിയിൽ നിന്നുള്ള മുൻ പഞ്ചാബ് നാഷണൽ ബാങ്ക് യൂണിയൻ നേതാവ് മിത്ര വഷുവാണ് ട്രഷറർ. 2022ൽ സ്ഥാനമൊഴിഞ്ഞ ട്രഷറർ സോമസുന്ദരത്തിന്റെ സഹായിയായി പ്രവർത്തിച്ചു വരികയായിരുന്നു.
