86 ദിവസം,​ മലപ്പുറത്ത് തീർത്തത് 1000 കേസ്; ഏതുകേസും തീരും,​ മനസ്സുവെച്ചാൽ മതി

മലപ്പുറം: കേസുകൾ പതിറ്റാണ്ടുകൾ നീണ്ടുപോകുന്നത് പതിവായിരിക്കേ, 86 ദിവസത്തിനിടെ 1,000 കേസുകൾ പരിഹരിച്ച് മലപ്പുറം പുതുചരിത്രം രചിച്ചു.
കേസുകൾ അതിവേഗം തീർക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ച ‘മീഡയേഷൻ ഫോർ ദ നേഷൻ’ ക്യാമ്പയിൻ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ മലപ്പുറത്ത് നടപ്പാക്കുകയായിരുന്നു. വാദിയും പ്രതിയുമെന്ന ലേബലുകളില്ലാതെ കക്ഷികൾ പരസ്പരം ഒന്നിച്ചിരുന്ന് സൗഹാർദ്ദത്തോടെ ചർച്ച ചെയ്താണ് തീർപ്പാക്കിയത്.

മറ്റ് ജില്ലകളിൽ ഇക്കാലയളവിൽ മൊത്തം 4,997 കേസുകളാണ് പരിഹരിക്കാനായത്. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി കെ.സനിൽകുമാറിന്റെ ഇടപെടലാണ് മലപ്പുറത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. മദ്ധ്യസ്ഥ ചർച്ചകളുടെ പുരോഗതി കൃത്യമായി പരിശോധിച്ചും നേരിട്ടെത്തി വിലയിരുത്തിലും മാർഗനിർദ്ദേശങ്ങൾ നൽകിയും പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ജഡ്ജി മുന്നിൽ നിന്നതോടെ സഹപ്രവർത്തകരും വക്കീലന്മാരും ക്യാമ്പയിനെ ആവേശത്തോടെ ഏറ്റെടുത്തു. മൂന്ന് ലക്ഷം രൂപ ക്ലെയിം ചെയ്ത കേസിൽ 4.20 ലക്ഷം രൂപ പരാതിക്കാരന് ഇൻഷ്വറൻസ് കമ്പനിയിൽ നിന്ന് ലഭ്യമാക്കിയ നേട്ടമടക്കം പിന്നാലെയെത്തി.കേസുകൾ അതിവേഗത്തിൽ തീർപ്പാക്കുന്നത് നേരിൽകണ്ടതോടെ കൂടുതൽ കക്ഷികൾ താത്പര്യം പ്രകടിപ്പിച്ചതും തുണയായി.

584 കേസുകൾ തീർപ്പാക്കി രണ്ടാം സ്ഥാനത്ത് തൃശൂരാണ്. മൂന്നാംസ്ഥാനത്തുള്ള ആലപ്പുഴയിൽ 581 കേസുകളാണ് പരിഹരിച്ചത്. ഏറ്റവും കുറവ് കേസുകൾ തീർപ്പാക്കിയത് കാസർക്കോടാണ്, 142 എണ്ണം. ജൂലായ് ഒന്ന് മുതൽ സെപ്തംബർ 30 വരെ നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ സംസ്ഥാനത്ത് 26,466 കേസുകളാണ് മദ്ധ്യസ്ഥ ശ്രമങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇതുവരെ 5,997 കേസുകളാണ് പരിഹരിച്ചത്.

എല്ലാം സൗജന്യമായി

  • അപകട ക്ലെയിം, വൈവാഹിക കേസുകൾ, ചെക്ക് മടങ്ങൽ, ഗാർഹിക അതിക്രമം, ഭൂമയേറ്റെടുക്കൽ, ഒഴിപ്പിക്കൽ, ഭാഗംവയ്ക്കൽ കേസുകൾ, സിവിൽ കേസുകൾ, കൂടാതെ ക്രിമിനൽ കോംമ്പൗണ്ടബിൾ കേസുകൾ തുടങ്ങിയവ മദ്ധ്യസ്ഥ ശ്രമത്തിലൂടെ തീർക്കുകയാണ് ഉദ്ദേശ്യം.
  • കേരള ലീഗൽ സർവീസസ് അതോറ്റിറ്റിയുടെയും ഹൈക്കോടതിയുടെയും നേതൃത്വത്തിൽ 78 മീഡയേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. 700ഓളം വക്കീലന്മാരാണ് മദ്ധ്യസ്ഥതയ്ക്ക് നേതൃത്വം നൽകുന്നത്.
  • കക്ഷികൾ ഫീസ് നൽകേണ്ടതില്ല. ഒത്തുതീർപ്പാക്കിയ കേസുകളിൽ കോടതി ഫീസ് തിരികെ നൽകും. ഒത്തുതീർപ്പ് കരാർ കോടതി വഴി നടപ്പിലാക്കും.

കൂട്ടായ പരിശ്രമമാണ് മലപ്പുറം മുന്നിലെത്താൻ കാരണം. കക്ഷികൾ മദ്ധ്യസ്ഥതയ്ക്ക് താത്പര്യത്തോടെ സമീപിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനായി

കെ.സനിൽകുമാർ,

പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജി (മഞ്ചേരി)

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top