ചെന്നൈ: യുവാക്കൾ ഡി.എം.കെ സർക്കാരിനെ താഴെയിറക്കുമെന്നും യുവജന വിപ്ലവത്തിന് സമയമായെന്നും ടി.വി.കെ പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന. ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് പൊലീസ് നിൽക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിലിറങ്ങണമെന്നും ആധവ് എക്സിലൂടെ പറഞ്ഞു. അതിനിടെ ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ആധവിനെതിരെ പൊലീസ് കേസെടുത്തു.
ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിൻവലിച്ചു. പൊലീസ് ടി.വി.കെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ആധവിന്റെ പോസ്റ്റ്. ടി.വി.കെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ജനറൽ സെക്രട്ടറിയായ ആധവ് അർജുനയ്ക്കാണ്. ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്നാരോപിച്ച് ആധവ് മദ്രാസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
അതേസമയം,കരൂർ ദുരന്തത്തിൽ പ്രാദേശിക നേതാവ് കരൂർ സ്വദേശി പൗൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ കരൂരിൽ വിജയ്ക്കെതിരെ ഉയർന്ന പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.
ആധവ് വി.സി.കെയിൽ നിന്നും
പുറത്തായ നേതാവ്
ഡി.എം.കെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം തുടർച്ചയായി നടത്തിയതിന്റെ പേരിൽ വി.സി.കെയിൽ നിന്നും പുറത്താക്കിയ നേതാവാണ് ആധവ് അർജുന. ഡി.എം.കെ മുന്നണിയിൽപെട്ട പാർട്ടിയാണ് വി.സി.കെ. കഴിഞ്ഞ സിസംബറിലാണ് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനെ ആറ് മാസത്തേക്ക് വി.സി.കെ സ്ഥാപകനും ചിദംബരം എം.പിയുമായ തോൽ തിരുമാവളവൻ സസ്പെൻഡ് ചെയ്തത്.
സുരക്ഷ ഒരുക്കിയെന്ന്
തമിഴ്നാട് സർക്കാർ
കരൂർ ദുരന്തത്തിൽ വിജയ്യുടെ വിഡിയോക്കു പിന്നാലെ വിശദീകരണവുമായി തമിഴ്നാട് സർക്കാർ. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പുമായിരുന്നുവെന്നാണ് സർക്കാരിന്റെ മീഡിയ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമുത അറിയിച്ചു. രണ്ടാമതായി, ഉഴവർ മാർക്കറ്റ് പ്രദേശം ആവശ്യപ്പെട്ടു. ഈ പ്രദ്രേശങ്ങൾ വളരെ ഇടുങ്ങിയതാണ്. ഇവിടെ അയ്യായിരം പേർക്ക് മാത്രമേ ഒത്തുകൂടാൻ കഴിയൂ. വേലുച്ചാമിപുരം നൽകാമെന്ന് പറഞ്ഞപ്പോൾ ടി.വി.കെ അത് സ്വീകരിക്കുകയായിരുന്നു എന്നും അമുത പറഞ്ഞു.
കരൂർ ദുരന്തത്തെ കുറിച്ച് ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടി.വി.കെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. സാധാരണയായി, ഓരോ 50 പേർക്കും ഒരു പൊലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ, ഓരോ 20 പേർക്കും ഒരു പൊലീസുകാരനെയാണ് വിന്യസിച്ചത് എന്നും അമുത വിശദീകരിച്ചു.
ടി.വി.കെ ബ്രാഞ്ച് സെക്രട്ടറി
ആത്മഹത്യ ചെയ്തു
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്യുടെ പ്രചാരണ റാലിൽ 41പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ,വില്ലുപുരം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വി.അയ്യപ്പനാണ് (52) മരിച്ചത്. കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഡി.എം.കെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെയും പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ്. ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടി.വി.കെ ആരോപിക്കുന്നത്.
സ്റ്റാലിനെ വെല്ലുവിളിച്ച് വിജയ്: ‘പ്രവർത്തകരെ തൊടരുത്, ഞാൻ വീട്ടിലുണ്ടാകും”
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ടി.വി.കെ പ്രവർത്തകരെ തൊടരുതെന്നും, താൻ വീട്ടിലോ ഓഫീസിലോ ഉണ്ടാകുമെന്നും നടനും പാർട്ടി അദ്ധ്യക്ഷനുമായ വിജയ്. കരൂരിൽ ടി.വി.കെ റാലിക്കിടെയുണ്ടായ തിരക്കിൽ 41 പേർ മരിച്ച സംഭവത്തിൽ നാലാം നാളാണ് വിജയ് മൗനംവെടിഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വെല്ലുവിളിച്ചാണ് വീഡിയോ അവസാനിപ്പിച്ചത്. തന്റെ രാഷ്ട്രീയ യാത്ര തുടരും. കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ട്.
തന്റെ ഹൃദയം വേദനകൊണ്ട് പിടയുകയാണ്. സ്നേഹം കൊണ്ടാണ് ജനം റാലിക്കെത്തിയത്. ദുരന്തത്തിൽ രാഷ്ട്രീയം കലർത്താനില്ല. സത്യം പുറത്തുവരുമെന്നും വിജയ് കൂട്ടിച്ചേർത്തു.
‘നടക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇത്രയും ആളുകൾക്ക് ദുരിതമുണ്ടായപ്പോൾ എങ്ങനെയാണ് എനിക്ക് നാടുവിട്ട് വരാനാവുക. ചില പ്രത്യേക സാഹചര്യങ്ങൾ ഒഴിവാക്കാനാണ് അവിടേക്ക് വരാതിരുന്നത്. പരിക്കേറ്റവരെ ഉടൻ കാണും. വേദനയിൽ കൂടെ നിന്നവർക്കും നേതാക്കൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും നന്ദി. കരൂരിൽ നിന്നുള്ള ജനങ്ങൾ സത്യം വിളിച്ചു പറയുമ്പോൾ ദൈവം ഇറങ്ങി വന്ന് സത്യം വിളിച്ചു പറയുന്നതുപോലെ തോന്നി. മുഖ്യമന്ത്രി സാർ, നിങ്ങൾ ആഗ്രഹിക്കുന്നതെന്തും ചെയ്യൂ… എന്റെ പാർട്ടി പ്രവർത്തകരെ തൊടരുത്. ഞാൻ വീട്ടിലുണ്ടാകും. അല്ലെങ്കിൽ ഓഫീസിലുണ്ടാകും. രാഷ്ട്രീയ യാത്ര തുടരും’- വിജയ് പറഞ്ഞു.
ജന വികാരം ഡി.എം.കെയ്ക്കെതിരെ
കരൂർ ദുരന്തത്തിനിടയാക്കിയ റാലി നയിച്ചത് വിജയ്യാണെങ്കിലും സംഭവശേഷം നാലാം നാൾ ഭരണകക്ഷിയായ ഡി.എം.കെയ്ക്കെതിരെ കാര്യങ്ങൾ തിരിയുന്നു. ദുരന്തസ്ഥലം സന്ദർശിച്ച ഹേമമാലിനിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സംഘം വിജയ്യെ കുറ്റപ്പെടുത്താതെ സർക്കാരിനേയും പൊലീസിനേയുമാണ് വിമർശിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാകട്ടെ ടി.വി.കെയെ കുറ്റപ്പെടുത്തിയുമില്ല. വിഷയത്തിൽ വീഡിയോ പ്രതികരണവുമായി വിജയ് നേരിട്ടെത്തിയപ്പോഴേക്കും പൊതുവികാരം സർക്കാരിനെതിരാകുന്ന നിലയിലേക്കായി. ജയ്ക്കെതിരെ കേസെടുക്കാത്തതിൽ ഡി.എം.കെ നേതാക്കൾക്കിടയിൽ രണ്ടഭിപ്രമായവുണ്ട്. സംഭവുമായി ബന്ധപ്പെട്ടുള്ള കേസുകൾ മദ്രാസ് ഹൈക്കോടതി മൂന്നിനേ പരിഗണിക്കൂ. അപ്പോഴേക്കും കാര്യങ്ങൾ വിജയ്യുടെ വഴിയിലേക്ക് എത്തുമെന്നാണ് ടി.വി.കെ നേതൃത്വത്തിന്റെ പ്രതീക്ഷ.
