കരൂർ ദുരന്തം; മാതൃകാ നടപടിക്രമത്തിന് രൂപം നൽകാൻ തമിഴ്നാട്, വിജയ്‌യെ അറസ്റ്റു ചെയ്യാൻ മടിക്കില്ലെന്ന് ഡി.എം.കെ

ചെന്നൈ: കരൂർ ദുരന്തത്തിൽ മദ്രാസ് ഹൈക്കോടതി നിർദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് റാലികൾക്കായി മാതൃകാ നടപടിക്രമം (എസ്.ഒ.പി) കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഇതുസംബന്ധിച്ച് വിദഗ്ദ്ധരുമായും രാഷ്ട്രീയ നേതാക്കളുമായും പൊതുജനങ്ങളുമായി കൂടിയോലോചന നടത്തും. 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്താൻ ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപീകരിച്ചുവെന്നും സ്റ്റാലിൻ പറ‌ഞ്ഞു.

‘സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ എല്ലാ സത്യവും വെളിച്ചത്തുകൊണ്ടുവരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. എല്ലാ തലങ്ങളിലും ഉത്തരവാദിത്വം ഉറപ്പാക്കും. ഇന്ത്യയിലെ പല മേഖലകളിലും മുൻപന്തിയിൽ നിൽക്കുന്ന തമിഴ്നാട്,തിക്കിലും തിരക്കിലും പെട്ട സംഭവങ്ങൾ തടയുന്നതിൽ രാജ്യത്തിന് മാതൃകയാകും. ദുരന്തത്തെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കില്ല’ -മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം,കരൂർ ദുരന്തത്തിനു പിന്നിൽ ഡി.എം.കെ ഗൂഢാലോചനയുണ്ടെന്ന് ടി.വി.കെ അദ്ധ്യക്ഷൻ വിജയ് ആരോപിച്ചെങ്കിലും അരുണ ജഗദീശൻ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ ഒരു രാഷ്ട്രീയ പരാമർശവും നടത്തില്ലെന്ന നിലപാടിലാണ് സ്റ്റാലിൻ. അതിനിടെ അറസ്റ്റു ചെയ്യേണ്ട സാഹചര്യമുണ്ടായാൽ വിജയിയെ അറസ്റ്റു ചെയ്യാൻ മടിക്കില്ലെന്ന് ഡി.എം.കെ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈമുരുകൻ പറഞ്ഞു.

വിജയ്‌യുടെ വാഹനം

കസ്റ്റഡിയിലെടുക്കും

ഇരുചക്രവാഹനത്തിൽ ഇടിച്ച വിജയിയുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ നാമക്കൽ പൊലീസ് തീരുമാനിച്ചു. ഹൈക്കോടതിയുടെ വിമർശനത്തെ തുടർന്നാണിത്. വാഹനം പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്യാത്തതെന്താണെന്നു കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. കോടതിയുടെ നിർദ്ദേശപ്രകാരം കരൂർ സിറ്റി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള അന്വേഷണ രേഖകൾ ചെന്നൈയിലേക്ക് കൊണ്ടുപോയി എസ്‌.ഐ.ടിക്ക് കൈമാറും. പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ പ്രതികളായ ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ്,ജോയിന്റ് ജനറൽ സെക്രട്ടറി നിർമ്മൽ കുമാർ എന്നിവരെ അറസ്റ്റു ചെയ്തട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top