ന്യൂഡൽഹി: ബീഹാറിലെ നിത്യജീവിതത്തിന്റെയും ഉപജീവനത്തിന്റെയും മുഖ്യഭാഗമായ മീൻ,താമരവിത്ത്,വെറ്രില എന്നിവ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാണ്. ബീഹാറി ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് മീൻ. പ്രത്യേകിച്ചും വടക്കൻ ബീഹാറിലെ ദർദംഗ, സമസ്തിപൂർ, മുസാഫർപൂർ മേഖലകളിലെ ജനങ്ങൾ അധികവും ഉപയോഗിക്കുന്നത് ചോറും മീൻ വിഭവങ്ങളുമാണ്. ഗ്രാമങ്ങളിൽ വിവാഹമായാലും ഛഠ് പൂജയായാലും ചോറും മീൻകറിയും പ്രധാനം. ആയിരകണക്കിന് കുടുംബങ്ങൾക്ക് മത്സ്യബന്ധമാണ് ഏക ഉപജീവനമാർഗം. നിർണായക വോട്ടുബാങ്കുകളിൽ ഒന്നായ നിഷാദ് വിഭാഗത്തിൽപ്പെട്ടവരാണ് ഏറെയും മത്സ്യത്തൊഴിലാളികൾ. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 9.6 ശതമാനമുള്ള ഇവരുടെ പിന്തുണ വിജയത്തിൽ നിർണായകം. എൻ.ഡി.എയും, ‘ഇന്ത്യ” മുന്നണിയും നിരവധി വാഗ്ദാനങ്ങൾ നൽകി ഇവരുടെ വോട്ട് ഉറപ്പിക്കാനുള്ള കരുനീക്കങ്ങളിലാണ്. ‘ഇന്ത്യ” മുന്നണിയിലെ വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി, താൻ നിഷാദ് വിഭാഗത്തിലെ ഉപജാതിയായ മല്ല വിഭാഗക്കാരനാണെന്ന് പരസ്യമായി പറയുന്നു. മീനിന് ന്യായവില ഉറപ്പാക്കും, കൂടുതൽ മീൻ ചന്തകൾ നിർമ്മിക്കും, മീൻവളർത്തലിന് കുളങ്ങൾ നിർമ്മിക്കാൻ സാമ്പത്തിക സഹായം നൽകും തുടങ്ങിയ ഉറപ്പുകളാണ് രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്നത്. മീനും കൂട്ടി വോട്ടർമാർക്കൊപ്പം ഭക്ഷണം കഴിച്ച് ‘നിങ്ങൾക്കൊപ്പമുണ്ട്” എന്ന സന്ദേശവും നൽകുന്നു.
മഖാന എന്ന താമരവിത്ത്
മിഥില മേഖലയുടെ അഭിമാനമായാണ് ‘മഖാന”യെ കണക്കാക്കുന്നത്. അവിടെ കുളങ്ങളിൽ വളർത്തുന്ന താമരയിലെ വിത്തുകൾ ഏറെ ജനപ്രിയം. ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവന മാർഗമാണിത്. നിതീഷ് കുമാർ സർക്കാർ ദർഭംഗയിൽ മഖാന റിസർച്ച് സെന്റർ ആരംഭിച്ചിരുന്നു. പ്രോട്ടീനും ഫൈബറും കൂടുതലുള്ള വറുത്തെടുത്ത താമരവിത്തുകൾ ലഘുഭക്ഷണമായും സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കുന്നു. കറികളിലുമിടാറുണ്ട്. ബീഹാറി സംസ്കാരത്തിന്റെ ഭാഗമാണ് പാൻ. മുക്കിലും മൂലയിലും പാൻ ഷോപ്പുകൾ കാണാം. വെറ്റില ഉത്പാദനം സെൻട്രൽ ബീഹാറിലെ മഗധ മേഖലയിലെ ആയിരകണക്കിന് കുടുംബങ്ങളുടെ വരുമാനമാർഗമാണ്. മീൻ,താമരവിത്ത്,വെറ്രില എന്നിവയിലൂടെ 8000 കോടിയുടെ വ്യാപാരമാണ് ബീഹാറിൽ നടക്കുന്നത്. അടുത്തിടെ നടന്ന സ്വകാര്യ സർവേയിൽ മത്സ്യബന്ധന മേഖലയിൽ 15 ലക്ഷം പേരും മഖാന ഉത്പാദനത്തിൽ 3 ലക്ഷവും പാൻ മേഖലയിൽ 2 ലക്ഷം പേരും പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ആ വോട്ടുബാങ്കാണ് രാഷ്ട്രീയപാർട്ടികൾ കണ്ണുവയ്ക്കുന്നതും.
- ബീഹാർ: എൻ.ഡി.എ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും
ന്യൂഡൽഹി: ബീഹാറിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടഞ്ഞുനിൽക്കുന്ന ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ (എച്ച.എ.എം) ജിതൻ റാം മാഞ്ചി, ലോക്ജൻശക്തി പാർട്ടി (രാംവിലാസ്) നേതാവ് ചിരാഗ് പാസ്വാൻ എന്നിവരെ അനുനയിപ്പിക്കാൻ ഇന്നലെ ഡൽഹിയിൽ നിർണായക ചർച്ചകൾ നടന്നു. എൻ.ഡി.എ സ്ഥാനാർത്ഥികളെ ഇന്നു പ്രഖ്യാപിക്കുമെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ദിലീപ് ജയ്സ്വാൾ ഇന്നലെ അറിയിച്ചു. എൻ.ഡി.എയിൽ ഭിന്നതയില്ലെന്നും വ്യക്തമാക്കി. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ വസതിയിൽ നടന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിൽ എൻ.ഡി.എയിലെ പ്രധാന നേതാക്കൾ പങ്കെടുത്തു. 243 അംഗ നിയമസഭയിലേക്ക് 40ൽപ്പരം സീറ്റുകൾ ചിരാഗ് പാസ്വാൻ ചോദിച്ചുവെന്നാണ് വിവരം. ജിതൻ റാം മാഞ്ചി 15 സീറ്റും. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇരുനേതാക്കൾക്കും മേൽ നേതാക്കൾ സമ്മർദ്ദം ചെലത്തിയെന്നാണ് സൂചന. ജെ.ഡി.യു 102 സീറ്റിലും, ബി.ജെ.പി 101 സീറ്റുകളിലേക്കും മത്സരിച്ചേക്കും.
മാന്യമായി പരിഗണിക്കപ്പെടണം
മാന്യമായ രീതിയിലുള്ള സീറ്രെണ്ണമാണ് പ്രതീക്ഷിക്കുന്നതെന്നും, ഇല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്നുമാണ് ജിതൻ റാം മാഞ്ചിയുടെ നിലപാട്. മുന്നണിയിൽ ഭിന്നതയില്ലെന്നും സീറ്റ് വീതംവയ്പ്പിൽ അസ്വസ്ഥനല്ലെന്നും ചിരാഗ് പാസ്വാൻ പ്രതികരിച്ചു. നവംബർ 6, 11 തീയതികളിലാണ് വോട്ടെടുപ്പ്. നവംബർ 14ന് വോട്ടെണ്ണും.
അഞ്ചു സീറ്റുകളിൽ ഉടക്കി
കോൺഗ്രസും ആർ.ജെ,ഡിയും
‘ഇന്ത്യ” മുന്നണിയിലെ പാർട്ടികൾ ബീഹാറിൽ മഹാസഖ്യമെന്ന നിലയിലാണ് മത്സരിക്കുന്നത്. ബയ്സി, ബഹാദൂർഗഞ്ച്, റാണിഗഞ്ച്, കഹൽഗാവ്, സഹർസ സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും ആർ.ജെ.ഡിയും തമ്മിൽ ധാരണയിലെത്തിയിട്ടില്ല. ഇന്നലെ പാട്നയിൽ ആർ.ജെ.ഡിയുടെ ഉന്നതതല യോഗം ചേർന്നു. ഒരുവിഭാഗം ആർ.ജെ.ഡി എം.എൽ.എമാരും എം.പിമാരും ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. രണ്ട് ആർ.ജെ.ഡി എം.എൽ.എമാർ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. അമേഠിയിൽ രാഹുൽ ഗാന്ധി തോറ്രതു പോലെ രാഘോപൂരിൽ തേജസ്വി യാദവും തോൽക്കുമെന്ന് ജൻ സുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ പറഞ്ഞു. പ്രചാരണത്തിന് രാഘോപൂരിൽ തുടക്കമിട്ടുകൊണ്ടാണ് പ്രതികരണം. താൻ മത്സരിക്കുമോയെന്ന് പ്രശാന്ത് കിഷോർ വ്യക്തമാക്കിയിട്ടില്ല.
