ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വികസന സഹകരണം, വിദ്യാഭ്യാസം, മത്സ്യത്തൊഴിലാളികളുടെ ക്ഷേമം എന്നിവയുൾപ്പെടെ നിരവധി ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തു. ഹരിണിയുടെ സന്ദർശനം ഇന്ത്യ-ശ്രീലങ്ക ബന്ധത്തിന് പുതിയ ഗതിവേഗം നൽകുമെന്ന് മോദി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ശ്രീലങ്കൻ സന്ദർശനത്തിനിടെ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി എല്ലാ മേഖലകളിലും ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് അദ്ദേഹം ഓർമ്മിച്ചു. ഇന്ത്യ-ശ്രീലങ്ക പ്രത്യേക ബന്ധം കണക്കിലെടുത്ത് വികസന യാത്രയിൽ ഒരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിതി ആയോഗ് ആസ്ഥാനം സന്ദർശിച്ച ഹരിണി വൈസ് ചെയർമാൻ സുമൻ ബെറിയുമായി കൂടിക്കാഴ്‌ച നടത്തി. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പ്രധാനമന്ത്രി ഗതി ശക്തി, ദേശീയ വിദ്യാഭ്യാസ നയം 2020, ടൂറിസം, സാംസ്കാരിക വിനിമയം തുടങ്ങിയ പ്രധാന സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ ഹരിണി ഡൽഹിയിൽ ഗവേഷകരുമായും അക്കാഡമിക് വിദഗ്ദ്ധരുമായും സംവദിച്ചു. സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ, നൂതനമായ അദ്ധ്യാപന രീതികൾ, ഡിജിറ്റൽ പഠന അന്തരീക്ഷം എന്നിവ നേരിട്ട് വിലയിരുത്താൻ ഡൽഹി വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദിനൊപ്പം രോഹിണിയിലെ സർവോദയ കോ-എഡ് വിദ്യാലയം സന്ദർശിച്ചു.
മത്സ്യത്തൊഴിലാളികളുടെ
പ്രശ്നങ്ങളും
മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ സേന പതിവായി കസ്റ്റഡിയിലെടുക്കുന്നത് ചർച്ച ചെയ്യണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു. 2021 മുതൽ 106 സംഭവങ്ങളിലായി തമിഴ്നാട്ടിൽ നിന്നുള്ള 1,482 മത്സ്യത്തൊഴിലാളികളെയും 198 മത്സ്യബന്ധന ബോട്ടുകളെയും ശ്രീലങ്കൻ നാവികസേന പിടികൂടിയതായി സ്റ്റാലിൻ മോദിയെ അറിയിച്ചിരുന്നു.
- ഹരിണിക്ക് ഡോക്‌ടറേറ്റ് അടുത്ത തവണ
ന്യൂഡൽഹി: പഠിച്ച കോളേജിൽ മൂന്നു ദശകങ്ങൾക്കുശേഷമെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയ്‌ക്ക് ഡോക്‌ടറേറ്റ് നൽകാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഡൽഹി സർവകലാശാല അധികൃതർ. 1991-94ലാണ് ഡൽഹി സർവകലാശാലയ്‌ക്ക് കീഴിലെ ഹിന്ദു കോളേജിൽ ഹരിണി സോഷ്യോളജി പഠിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പോടെയായിരുന്നു പഠനം. ഈമാസം ഹരിണി കോളേജ് സന്ദർശിക്കുമെന്ന് സെപ്‌തംബറിൽ അറിഞ്ഞപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. അയൽരാജ്യത്തിന്റെ പ്രധാനമന്ത്രിയായി മടങ്ങിയെത്തുന്ന പൂർവ വിദ്യാർത്ഥിനിയെ ഡോക്‌ടറേറ്റ് നൽകി ആദരിക്കാൻ ഡൽഹി സർവകലാശാല എക്‌സിക്യുട്ടീവ് കൗൺസിൽ അടിയന്തരയോഗം ചേർന്ന് തീരുമാനിച്ചു. എന്നാൽ, പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാൻ പല കാരണങ്ങളാൽ സാധിച്ചില്ലെന്ന് സർവകലാശാല വി.സി യോഗേഷ് സിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തവണ ഹരിണിയെത്തുമ്പോൾ വിപുലമായ ചടങ്ങ് സംഘടിപ്പിച്ച് ഡോക്‌ടറേറ്റ് നൽകി ആദരിക്കും. അതേസമയം, ഹരിണിക്ക് ആദരമായി കോളേജ് ഹരിണി അമരസൂര്യ സോഷ്യൽ ആൻഡ് എത്തനോഗ്രാഫിക് റിസർച്ച് ലാബ് ആരംഭിച്ചു.
മതിലുകളല്ല,
പാലങ്ങൾ നിർമ്മിക്കൂ
കോളേജിൽ ഹരിണിക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും വൻ സ്വീകരണമാണ് ഒരുക്കിയത്. പഠിച്ചിരുന്ന ക്ലാസ് മുറിയിലെത്തി ഹരിണി ഓർമ്മകൾ പങ്കുവച്ചു. ചില വിദ്യാർത്ഥികൾ ഹരിണിയുടെ ചിത്രം വരച്ച് സമ്മാനിച്ചു. എൻ.സി.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണറും നൽകി. രാജ്യങ്ങൾക്കും വീടുകൾക്കുമിടയിൽ മതിലുകളല്ല, പാലങ്ങൾ നിർമ്മിക്കണമെന്ന് ഹരിണി വിദ്യാർത്ഥിനികളോട് അഭ്യർത്ഥിച്ചു. രാഷ്ട്രീയം അവഗണിക്കരുത്. രാജ്യത്തിന്റെ മാറ്റത്തിന് രാഷ്ട്രീയം പ്രധാന ഉപകരണമാണെന്നും കൂട്ടിച്ചേർത്തു. സന്ദർശനത്തിന്റെ ഓർമ്മയ്‌ക്ക് വൃക്ഷത്തൈ നട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശ്രീവാസ്‌തവയ്‌ക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഫോട്ടോയുമെടുത്താണ് ഹരിണി മടങ്ങിയത്.
