ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ രാസവസ്തുക്കൾ ചേർത്ത് മത്സ്യവില്പന

കിളിമാനൂർ: ഗ്രാമങ്ങളിലെ മാർക്കറ്റുകളിൽ രാസവസ്തുക്കൾ ചേർത്തും ഐസിലിടാതെയും മത്സ്യവിൽപ്പന തകൃതിയാകുന്നു. ഭൂരിഭാഗം മാർക്കറ്റുകളിലും ഐസില്ലാതെ രാസവസ്തുക്കൾ ചേർത്ത് മത്സ്യങ്ങൾ വിൽക്കുമ്പോളും ഇതുമായി ബന്ധപ്പെട്ട പരിശോധന പ്രഹസനം മാത്രമാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധകൾ മാസങ്ങളായി കാര്യക്ഷമമല്ലെന്ന പരാതിയും ശക്തമാണ്.

വിപണികളിലെത്തുന്ന മത്സ്യങ്ങളിൽ ഭൂരിഭാഗവും പഴകിയതും ഫോമാലിൻ, അമോണിയ തുടങ്ങിയ രാസവസ്തുക്കൾ ചേർത്തതുമാണ്. ഇതിന്റെ വീര്യം കൂടുന്നതിനനുസരിച്ച് മത്സ്യം കൂടുതൽ നാളുകൾ കേടാകാതെ സൂക്ഷിക്കാനാകും. ഉൾക്കടലിൽ നിന്ന് പിടിച്ച മത്സ്യം ഹാർബറുകളിലേക്കും പിന്നീട് നാട്ടിൻപുറങ്ങളിലും എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിടും. മത്സ്യം ഐസിടാതെ സൂക്ഷിക്കുമ്പോൾ അവ വേഗത്തിൽ ചീഞ്ഞു പോകും.

ഐസിൽ സൂക്ഷിച്ചില്ലെങ്കിലും ഫ്രഷ്

ചിലർ മത്സ്യത്തിൽ ഐസുകൾക്കൊപ്പം അമോണിയ വിതറി പെട്ടിയിലാക്കുന്നുണ്ട്. ഇവ മൊത്തവിതരണ കേന്ദ്രങ്ങളിലും ചില്ലറ വിൽപ്പനകേന്ദ്രങ്ങളിലേക്കും എത്തിക്കുമ്പോൾ വീണ്ടും രാസവസ്തുക്കൾ ചേർക്കും. ഇങ്ങനെ രാസവസ്തുക്കൾ ചേർന്ന മത്സ്യം ഐസിൽ സൂക്ഷിച്ചില്ലെങ്കിലും പുറംതോട് ചീയാതെ ഫ്രഷായിരിക്കും.

ഒരു കിലോ മത്സ്യം കേടുവരാതെ സൂക്ഷിക്കാൻ ഒരു കിലോ ഐസ് വേണം. എന്നാൽ പലപ്പോഴും കുറഞ്ഞ അളവ് ഐസിൽ കൂടുതൽ മത്സ്യം സൂക്ഷിക്കുന്ന സ്ഥിതിയാണ്.

മാർക്കറ്റിൽ നിന്ന് ചെറുകിട വ്യാപാരികളിലേക്ക് മത്സ്യം എത്തുമ്പോഴാണ് ഐസ് ഇടാതെ വിൽപ്പന നടത്തുന്നത്. ഇത്തരം കേടായ മത്സ്യങ്ങൾ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും

പരിശോധന പേരിനു മാത്രം

മൊത്തകച്ചവ‌ട മാർക്കറ്റിലും ചെറുകിടമാർക്കറ്റുകളിലും വിഷം ചേർത്ത മത്സ്യം വിൽക്കുന്നതായി വ്യാപക പരാതി ഉയർന്നാലും പരിശോധന പേരിന് മാത്രം. ആഴ്ചയിൽ ഒരിക്കലെങ്കിലും കൃത്യമായ പരിശോധന നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top