ശബരിമല: കലിയുഗവരദൻ അയ്യപ്പസ്വാമിയെ അടുത്ത ഒരുവർഷം സേവിക്കാനുള്ള സൗഭാഗ്യം ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദിന്. സന്നിധാനത്ത് ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് നിയുക്ത മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി.മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.
വൃശ്ചികം ഒന്നുമുതൽ ഒരുവർഷം ഇരുവരും പുറപ്പെടാ മേൽശാന്തിമാരാകും. തൃശൂർ കോടശ്ശേരി ആറേശ്വരം ധർമ്മശാസ്താ ക്ഷേത്ര ശാന്തിയാണ് പ്രസാദ്. മനു കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെയും. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മ, മൈഥിലി വർമ്മ എന്നീ കുട്ടികളാണ് നറുക്കെടുത്തത്. ഇന്നലെ രാവിലെ സോപാനത്തായിരുന്നു ശബരിമല മേൽശാന്തി നറുക്കെടുപ്പ്. പട്ടികയിലെ 14 പേരുകളെഴുതി വെള്ളിക്കുടത്തിൽ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തിൽ 13 വെള്ളപ്പേപ്പറും മേൽശാന്തി എന്നെഴുതിയ ഒരു പേപ്പറും ഇട്ടു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കുടങ്ങൾ ശ്രീലകത്ത് പൂജിച്ച ശേഷം സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന് കൈമാറി. കശ്യപ് വർമ്മയാണ് നറുക്കെടുത്തത്. എട്ടാമത്തെ നറുക്കിൽ പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തിൽ നടന്നു. 13 പേരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. മൈഥിലി വർമ്മ നറുക്കെടുത്തു. ഇവിടെയും എട്ടാമത്തെ നറുക്കിലാണ് മനു തിരഞ്ഞെടുക്കപ്പെട്ടത്.
ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായർ മേൽനോട്ടം വഹിച്ചു. ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ, ബോർഡ് അംഗങ്ങളായ എ.അജികുമാർ, പി.ഡി.സന്തോഷ്‌കുമാർ, എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.
- സ്ത്രീകളുടെ ശബരിമലയിൽ നിന്ന് പൊന്നമ്പലത്തിലേക്ക്
കൊടകര : കോടശ്ശേരി മലമുകളിലെ ആറേശ്വരം ക്ഷേത്രത്തിൽ ധർമ്മശാസ്താവിനെ പൂജിക്കുന്നതിനിടെയാണ് ശബരിമല മേൽശാന്തിയായ വിവരം പ്രസാദ് നമ്പൂതിരി (46) അറിയുന്നത്.
സ്ത്രീകളുടെ ശബരിമലയെന്നാണ് കാനനക്ഷേത്രമായ ആറേശ്വരം അറിയപ്പെടുന്നത്. നാലു വർഷമായി ക്ഷേത്രത്തിലെ തന്ത്രിയുമാണ് പ്രസാദ്. ഇവിടത്തെ പതിനെട്ട് പടികൾ ഇറങ്ങിയ പ്രസാദ് ഇനി മേൽശാന്തിയായി കാനനവാസന്റെ പതിനെട്ടാം പടികയറും. ഇന്നുതന്നെ കെട്ട് നിറച്ച് ശബരിമലയിലേക്ക് പോകും.
ചെറുപ്പത്തിൽ ശാന്തിയാകാൻ ആഗ്രഹമില്ലായിരുന്നു. മുത്തച്ഛൻ വാസുദേവൻ നമ്പൂതിരിയുടെ നിർബന്ധത്തിന് വഴങ്ങി പൂജാകർമ്മം പഠിച്ചു. ഇതിനിടെ ഐ.ടി.ഐയിൽ പഠനം പൂർത്തിയാക്കി. കൊച്ചിൻ ദേവസ്വം ബോർഡിൽ ശാന്തിക്കാരനായി ജോലിയിൽ പ്രവേശിച്ച പ്രസാദ് ചോറ്റാനിക്കര ക്ഷേത്രത്തിൽ മൂന്നുതവണ മേൽശാന്തിയായി.
ഇറിഗേഷൻ വകുപ്പിൽ ഓവർസിയറായിരുന്ന പരേതനായ ദാമോദരൻ നമ്പൂതിരിയുടെയും ചെമ്പൂച്ചിറ ഗവ. സ്‌കൂളിൽ പ്യൂണായിരുന്ന പരേതയായ ദേവസേന അന്തർജനത്തിന്റെയും മകനാണ്. രജിലയാണ് ഭാര്യ. മക്കൾ : അച്യുത് ദാമോദർ (പ്ലസ് ടു), അനുജ് കൃഷ്ണ (ആറാം ക്ളാസ്).
വിവാദങ്ങൾ അതിന്റെ വഴിയേ പോകും. എന്നെ ബാധിക്കുന്ന വിഷയമല്ല. ഭഗവാനെ സേവിക്കാനാണ് തിരഞ്ഞെടുത്തത്. അത് ആത്മാർത്ഥമായി നിർവഹിക്കും. ഈ നിയോഗം ഗുരുകാരണവർക്കും ആറേശ്വരം ശാസ്താവിനും സമർപ്പിക്കുന്നു. തന്ത്രിയുടെയും ദേവസ്വം അധികാരികളുടെയും നിർദ്ദേശം അനുസരിച്ചാകും ചുമതലയേൽക്കൽ.
