സംസ്ഥാനത്ത് മെഡി. സീറ്റുകളിൽ വർദ്ധന കൂടിയത് 649 സീറ്റുകൾ രാജ്യത്താകെ കൂടിയത് 10,650

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ കോളേജുകളിൽ 2025-26 അദ്ധ്യയന വർഷം 10,650 എം.ബി.ബി.എസ് സീറ്റുകൾ കൂടി അനുവദിച്ച് ദേശീയ മെഡിക്കൽ കമ്മിഷൻ. കേരളത്തിൽ കൂടിയത് 649 സീറ്റുകൾ. രാജ്യത്ത് 41പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരവും നൽകി. 3500 മെഡിക്കൽ പി.ജി സീറ്റുകൾക്കുള്ള അപേക്ഷയും അംഗീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സീറ്റുകളുടെ എണ്ണം 1,37,600 ആയി. പി.ജി സീറ്റ് 67,000ഉം. 41 പുതിയ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകിയതോടെ എണ്ണം 816 ആയി.


കേരളത്തിൽ 10 മെഡിക്കൽ കോളേജുകൾക്കായി 700 പുതിയ സീറ്റുകളാണ് അനുവദിച്ചതെങ്കിലും രണ്ട് കോളേജുകളിലെ 51 സീറ്റുകൾ കുറച്ചതിനാൽ ഫലത്തിൽ വർദ്ധന 649 ആണ്. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ 50 സീറ്റും എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിലെ ഒരു സീറ്റുമാണ് കുറച്ചത്.

അമൃതയിൽ 150ൽ നിന്ന് 149ആയും പാലക്കാട്ട് 150ൽ നിന്ന് 100 ആയും കുറഞ്ഞു. ദേശീയ മെഡിക്കൽ കമ്മിഷൻ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണിത്. ഇതുൾപ്പെടെ രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളലായി 456 സീറ്റുകളാണ് സമാന രീതിയിൽ വെട്ടിക്കുറച്ചത്. അടുത്ത അഞ്ചു വർഷത്തിനകം രാജ്യത്ത് 75,000 മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് 2024ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

കേരളത്തിൽ സീറ്റ് വർദ്ധിപ്പിച്ച

മെഡിക്കൽ കോളേജുകൾ

(ബ്രായ്ക്കറ്റിൽ പഴയ സീറ്റ്)

തൊടുപുഴ അൽ അസർ………………… 250 (150)
തൃശൂർ ജൂബിലി മിഷൻ…………………….150 (100)
പാലക്കാട് കരുണ…………………………….150 (100)
കോഴിക്കോട് മലബാർ…………………….. 250 (200)
പാലക്കാട് പി.കെ. ദാസ്…………………… 250 (200)
തിരു. ശ്രീ ഉത്രാടം തിരുനാൾ…………….250 (150)
കൊല്ലം ട്രാവൻകൂർ…………………………. 200 (150)
കാസർകോട് ഗവ.മെഡി.കോളേജ്….. 50 (0)
വയനാട് ഗവ. മെഡി. കോളേജ്…………50 (0)
പാലക്കാട് മാങ്ങോട് കേരള…………….. 150 (0)

ഫൊറൻസിക് നഴ്സിംഗ്/ഡെന്റിസ്ട്രിയിൽ എം.എസ്‌സി

  • നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ (N.F.S.U) ഗുജറാത്ത് ഗാന്ധിനഗർ ക്യാമ്പസിൽ ഫൊറൻസിക് സയൻസ് ഉന്നത പഠനത്തിന് അവസരം. 2025-26 അദ്ധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ്,എം.എസ്‌സി ഡെന്റിസ്ട്രി കോഴ്സുകളിലാണ് അവസരം.രണ്ടു പ്രോഗ്രാമുകളിലും 20സീറ്റുകളിൽ വീതമാണ് പ്രവേശനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് N.F.S.U.
  • * ഫൊറൻസിക് നഴ്സിംഗ്
  • 55ശതമാനം മാർക്കോടെ നഴ്സിംഗ് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50ശതമാനം മാർക്കു മതി. നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷനും ഒരു വർഷ പ്രവൃത്തിപരിചയവും വേണം. ക്ലാസുകൾക്ക് പുറമേ ക്ലിനിക്കൽ സെഷൻ,മോക്ക് കോർട്ട് റൂം,കേസ് സ്റ്റഡി അവതരണം,കോർട്ട് വിസിറ്റ് എന്നിവയും കരിക്കുലത്തിന്റെ ഭാഗമാണ്.കോഴ്സ് ദൈർഘ്യം രണ്ടു വർഷം. സെമസ്റ്റർ ഫീസ് 65000 രൂപ.
  • * ഫൊറൻസിക് ഡെന്റിസ്ട്രി
  • 55 ശതമാനം മാർക്കോടെ ഡെന്റൽ സർജറിയിൽ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്കു മതി. ക്ലാസുകൾക്ക് പുറമേ ഫൊറൻസിക് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട പരിശീലനം,ക്ലിനിക്കൽ സെഷൻ,മോക്ക് കോർട്ട് റൂം, കേസ് സ്റ്റഡി അവതരണം,കോർട്ട് വിസിറ്റ് എന്നിവയും കരിക്കുലത്തിന്റെ ഭാഗമാണ്. കോഴ്സ് ദൈർഘ്യം രണ്ടു വർഷം. സെമസ്റ്റർ ഫീസ് 65000 രൂപ.2026 ജനുവരി 5ന് ക്ലാസുകൾ ആരംഭിക്കും. ഓൺലൈനായി നവം.8നു മുൻപ് അപേക്ഷിക്കണം. ഡിസംബർ 9ന് ഓഫ്‌ലൈൻ കൗൺസിലിംഗ് നടക്കും.വെബ്സൈറ്റ്: nfsu.ac.in.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top