അരി വെട്ടിക്കുറച്ചു,​ വരുമാന നഷ്ടത്തിൽ റേഷൻ വ്യാപാരികൾ

ആലപ്പുഴ: സംസ്ഥാനത്ത് പൊതുവിഭാഗങ്ങൾക്കുള്ള (വെള്ളക്കാർഡ്) അരിവിഹിതം വെട്ടിക്കുറച്ചതോടെ റേഷൻ വ്യാപാരികൾ നഷ്ടത്തിലേക്ക്. പൊതുവിഭാഗത്തിന് നൽകിയിരുന്ന ആറുകിലോ അരി,​ രണ്ടുകിലോ ആക്കിയതാണ് വരുമാന നഷ്ടത്തിന് കാരണം. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ ആറുകിലോ വീതവും ഓണത്തിന് സ്പെഷ്യലായി 15 കിലോ അരിയുമാണ് നൽകിയത്. എന്നാൽ,​ പിന്നീട് അരിവിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു.

ഒരു വ്യാപാരി 44 ക്വിന്റൽ അരി ഒരുമാസം വിറ്രാൽ മാത്രമേ അടിസ്ഥാന വേതനമായ 18,​000 രൂപ ലഭിക്കൂ. ഇതിൽ 8500 രൂപ സപ്പോർട്ടിംഗ് പെയ്മെന്റാണ്. ഇതിനൊപ്പം 44 ക്വിന്റലിൽ ഓരോ ക്വിന്റലിനും 220 രൂപ വീതവും നൽകും. ഇതെല്ലാം ഉൾപ്പടെ ഏകദേശം മാസം 18180 രൂപയാണ് ലഭിക്കുക. 44 ക്വിന്റലിന് മുകളിൽ വിൽക്കുന്ന വ്യാപാരികൾക്ക് തുടർന്നുള്ള ഓരോ ക്വിന്റലിനും 180 രൂപ അധികമായും ലഭിക്കും. എന്നാൽ പൊതുവിഭാഗത്തിനുള്ള അരിവിഹിതം വെട്ടിക്കുറച്ചതോടെ വിവിധ താലൂക്കുകളിലായി നൂറോളം വ്യാപാരികൾക്ക് 44 ക്വിന്റൽ എന്ന അളവിലേക്ക് അരി വിൽക്കാൻ കഴിയുന്നില്ല.

പൊതുവിഭാഗത്തിന്റെ അരിവിഹിതം വെട്ടിക്കുറച്ചതുകൂടാതെ നീലകാർഡുകാർക്ക് സ്പെഷ്യലായി നൽകിയിരുന്ന മൂന്നുകിലോ അരിയും ഇത്തവണ ഉണ്ടായില്ല. ഇതും വില്പനയെ ബാധിച്ചു.

40 ക്വിന്റൽ കഷ്ടി

അരി വിഹിതം കുറച്ചതോടെ പല വ്യാപാരിൾക്കും 10,​000 രൂപയിൽ താഴെയാണ് മാസ വരുമാനം. ഇതിൽ നിന്നുവേണം കടവടാക, തൊഴിലാളികളുടെ ശമ്പളം എന്നിവ നൽകാൻ. ബി.പി.എൽ കാർഡ് ഉടമകൾ കൂടുതലുള്ള കടകൾക്ക് മാത്രമേ 44 ക്വിന്റൽ എന്ന ലക്ഷ്യത്തിൽ എത്താൻ സാധിക്കുന്നുള്ളൂ. ഇത്തരം കടകളിൽ 60-100 ക്വിന്റൽ വരെ മാസത്തിൽ വില്പന നടക്കുന്നുണ്ട്. എന്നാൽ,​ ഭൂരിഭാഗം റേഷൻകടകളും 40 ക്വിന്റൽ പോലും വിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണെന്ന് വ്യാപാരികൾ പറയുന്നു.

വെട്ടിക്കുറച്ച അരിവിഹിതം എത്രയും വേഗം പുനസ്ഥാപിക്കണം. ഒപ്പം കാലോചിതമായി റേഷൻ വേതന പരിഷ്കരണവും നടപ്പിലാക്കണം. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top