ഗുരുദേവൻ ലോകത്തിന്റെ മഹാപുരുഷൻ : രാഷ്ട്രപതി

തിരുവനന്തപുരം: ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ഗുരുദേവ ദർശനം കാലാതിവർത്തിയാണെന്നും ഭാരതം ലോകത്തിന് നൽകിയ മഹാപുരുഷനാണ് ശ്രീനാരായണഗുരുവെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ഗുരുദേവന്റെ മഹാസമാധി ശതാബ്ദിയുടെ രണ്ടുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ ശിവഗിരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.

തലമുറകളെ മനുഷ്യത്വത്തിൽ വിശ്വസിക്കാൻ പഠിപ്പിച്ച ഗുരുതത്വങ്ങൾ ലോകം നേരിടുന്ന സംഘർഷങ്ങൾക്ക് പരിഹാരമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ നവോത്ഥാനത്തിനു നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു നാരായണഗുരു. അന്ധവിശ്വാസത്തിലൂടെയല്ല, അറിവിലൂടെയും അനുകമ്പയിലൂടെയുമാണ് ദുരിതങ്ങളിൽ നിന്ന് മോചനം കിട്ടുകയെന്ന് അദ്ദേഹം പഠിപ്പിച്ചു.

രാജ്യത്തെ സാമൂഹ്യ, ആത്മീയ അന്തരീക്ഷത്തെ സ്വാധീനിച്ച സന്യാസി ശ്രേഷ്ഠനായിരുന്നു ഗുരു. ആത്മശുദ്ധി, ലാളിത്യം, സാർവത്രികസ്‌നേഹം എന്നിവയ്ക്ക് ശ്രീനാരായണഗുരു ഊന്നൽ നൽകി. അദ്ദേഹം സ്ഥാപിച്ച നിരവധി ക്ഷേത്രങ്ങളും സ്‌കൂളുകളും സാമൂഹ്യസ്ഥാപനങ്ങളും തലമുറകൾക്ക് സാമൂഹ്യ ഉന്നതി യാഥാർത്ഥ്യമാക്കി.

അടിച്ചമർത്തപ്പെട്ട സമൂഹങ്ങൾ സാക്ഷരത, സ്വയം പര്യാപ്തത, നൈതികമൂല്യങ്ങൾ എന്നിവ നേടുന്നതിന് അദ്ദേഹം പ്രോത്സാഹനമേകി. മനുഷ്യജീവിതത്തെയും ആത്മീയതയെയും കുറിച്ചുള്ള അഗാധമായ അറിവാണ് ഗുരുദേവന്റെ കൃതികളിൽ പ്രതിഫലിക്കുന്നത്. ഏവരെയും നിസ്വാർത്ഥമായി സേവിക്കാനും അവരിൽ ദൈവികത ദർശിക്കാനും നമുക്കു കഴിയുമ്പോഴാണ് ഗുരുദർശനം സാദ്ധ്യമാകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ശിവിഗിരി തീർത്ഥാടന ഹാളിൽ നൂറ് കണക്കിന് ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ ഗുരുസ്മരണ നടത്തി. ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്നിവർ പ്രഭാഷണം നടത്തി. മന്ത്രിമാരായ വി.എൻ.വാസവൻ, വി.ശിവൻകുട്ടി, അടൂർപ്രകാശ് എം.പി, വി.ജോയ് എം.എൽ.എ, മുൻകേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ പങ്കെടുത്തു.

ഗുരുപൂ‌ജ പ്രസാദം

മുർമുവിന് ഉച്ചഭക്ഷണം

ശിവഗിരി മഠത്തിലെ സ്വാമിമാർ ഗുരുപൂജ പ്രസാദം കഴിക്കാൻ ക്ഷണിച്ചപ്പോൾ രാഷ്ട്രപതി സ്നേഹപൂർവം സ്വീകരിച്ചു. പ്രസാദമായിരുന്നു രാഷ്ട്രപതിയുടെ ഉച്ചഭക്ഷണം. നേരത്തേ, മഹാസമാധിയിൽ പുഷ്പാഞ്ജലി നടത്തി പ്രാർത്ഥിച്ച ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് നീങ്ങിയത്. ഉച്ചയ്ക്ക് 12ന് ഹെലികോപ്‌ടറിൽ വർക്കല ഹെലിപ്പാഡിലിറങ്ങിയ ദ്രൗപദി മുർമു റോഡ് മാർഗമാണ് ശിവഗിരയിലെത്തിയത്. സ്വാമി സച്ചിദാനന്ദയും ഗവർണറും മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.

  • മഹാസമാധിയിൽ ഹൃദയ വന്ദനം

വഗിരി: ഗുരുദേവ പരിനിർവ്വാണ ശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്‌ട്രപതിയെ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് ശിവഗിരിയിൽ വരവേറ്റു. മഹാസമാധി സന്നിധിയിൽ മുർമു രണ്ട് മിനുട്ട് പ്രാർത്ഥനയിൽ ലയിച്ചു. ആരതി തൊഴുത് തീർത്ഥവും പ്രസാദവും സ്വീകരിച്ചു. ഒഡിഷ ഭാഷയിലേക്ക് തർജ്ജമ ചെയ്ത ദൈവദശകം വിശ്വപ്രാർത്ഥനയും ശ്രീശാരദാദേവിയുടെ ചിത്രവും ഗുരുധർമ്മപ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി രാഷ്ട്രപതിക്ക് നൽകി.

ഒപ്പമുണ്ടായിരുന്ന ഗവർണർ ആർലേക്കറും മഹാസമാധിയിൽ പുഷ്പാർച്ചന നടത്തി പ്രസാദം സ്വീകരിച്ചു. സ്വാമിമാരായ ഹംസതീർത്ഥ, ശങ്കരാനന്ദ, അസംഗാനന്ദഗിരി,വിരജാനന്ദഗിരി എന്നിവർ പ്രാർത്ഥനാ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. മന്ത്രിമാരായ വി.എൻ. വാസവൻ, വി. ശിവൻകുട്ടി, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, വി.ജോയി എം.എൽ.എ എന്നിവരും സന്നിഹിതരായിരുന്നു.

മഹാസമാധി പ്രദക്ഷിണം നടത്തിയശേഷമാണ് രാഷ്‌ട്രപതി സമ്മേളന വേദിയിലെത്തിയത്. ധർമ്മസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ എന്നിവർ സമ്മേളന വേദിയിലേക്ക് ആനയിച്ചു. 12.20ന് ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഒരു മണിയോടെ സമാപിച്ചു. തുടർന്ന് ശിവഗിരി മഠം ഗസ്റ്റ് ഹൗസിൽ സന്യാസി ശ്രേഷ്ഠർക്കൊപ്പം രാഷ്‌ട്രപതി ഉച്ചഭക്ഷണം കഴിച്ചു. നാടൻ കുത്തരിച്ചോറ്, സാമ്പാർ, അവിയൽ, ഓലൻ, എരിശ്ശേരി, അച്ചാർ, പപ്പടം എന്നിവയായിരുന്നു ഗുരുപൂജാ പ്രസാദമായി വിളമ്പിയത്. ഒപ്പം പ്രഥമനും പാൽപ്പായസവും. പനീർ ബട്ടർമസാല, ആലുമസാല ഫ്രൈ, ദാൽ തക്ക, മഷ്‌റൂം മസാല, തൈര്, ഗ്രീൻപീസ് സൂപ്പ് എന്നിവ സ്പെഷ്യൽ വിഭവങ്ങളായി തയ്യാറാക്കിയിരുന്നു. 2.15ന് ശിവഗിരിയിൽ നിന്ന് രാഷ്ട്രപതി യാത്രപറഞ്ഞിറങ്ങി.

കെ.ആർ. നാരായണന്റെ ജീവിതം പ്രചോദനമാകണം:രാഷ്ട്രപതി

തിരുവനന്തപുരം: നീതിയുക്തവും അനുകമ്പാപൂർണവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും രാഷ്ട്രനിർമ്മാണത്തിനും വേണ്ടി സമർപ്പിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.

കെ. ആർ. നാരായണന്റെ അർദ്ധകായ പ്രതിമ രാജ്‌ഭവനിൽ രാഷ്ട്രപതി അനാവരണം ചെയ്തു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കെ.ആർ. നാരായണന്റെ ജീവിതം ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥയാണെന്ന് രാഷ്ട്രപതി പറഞ്ഞു. അങ്ങേയറ്റം അർപ്പണബോധത്തോടെയും വിദ്യാഭ്യാസത്തിന്റെ കരുത്തിലൂടെയും രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയിൽ എത്തിച്ചേർന്നു.

സമാധാനം, നീതി, സഹകരണം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. ജന്മനാടായ കേരളവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആഴത്തിൽ വേരൂന്നിയതാണ്. നാടിന്റെ സാമൂഹ്യപുരോഗതിയിൽ നിന്നും വിദ്യാഭ്യാസത്തിനും ഉൾച്ചേർക്കലിനും നൽകിയ ഊന്നലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു. ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിന്റെ പങ്കിന് ഊന്നൽ നൽകി. നാഗരികതയുടെ വളർച്ചയ്ക്കു മാനുഷികമൂല്യങ്ങൾ അനിവാര്യമാണെന്നും സമൂഹത്തിന്റെ വികസനത്തിന് അവ അടിസ്ഥാനപരമാണെന്നും അദ്ദേഹം വിശ്വസിച്ചു.

കെ.ആർ. നാരായണൻ ഭരണഘടനാതലവൻ മാത്രമായിരുന്നില്ല, ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകനുമായിരുന്നെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. കെ. ആർ. നാരായണൻ തന്റെ ജീവിതം രാജ്യത്തിനും ജനങ്ങൾക്കും വേണ്ടി സമർപ്പിച്ചിരുന്നെന്നും ഭരണഘടനാ മൂല്യങ്ങൾക്കും ഇന്ത്യയുടെ സംസ്കാരത്തിനും ഏറെ മുൻഗണന നൽകിയിരുന്നതായും ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുസ്മരിച്ചു.

ഗവർണറുടെ പത്നി അനഘ ആർലേക്കർ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, വി.എൻ. വാസവൻ, പി. പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സ്പീക്കർ എ.എൻ. ഷംസീർ, മേയർ ആര്യ രാജേന്ദ്രൻ, എം.പിമാരായ ശശി തരൂർ, അടൂർ പ്രകാശ്, ആന്റണി രാജു എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുത്തു. രാജ്ഭവനിൽ അതിഥി മന്ദിരത്തോടു ചേർന്നുള്ള സ്ഥലത്താണ് മൂന്നടി ഉയരമുള്ള അർദ്ധകായ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമ്മാണച്ചുമതല. ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഇ.കെ. നാരായണൻ കുട്ടിയുടെ മേൽനോട്ടത്തിൽ ശില്പി സിജോയാണ് രൂപകല്പന ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top