ബിഹാർ മഹാസഖ്യത്തിൽ ആർ.ജെ.ഡി ആധിപത്യം #തേജസ്വി മുഖ്യമന്ത്രി സ്ഥാനാർത്ഥി

ന്യൂഡൽഹി: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായും വികാസ്ശീൽ ഇൻസാൻ പാർട്ടി (വി.ഐ.പി) മേധാവി മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയായും പ്രഖ്യാപിച്ചു. അതേസമയം, മുന്നണിയിലെ ഓരോ കക്ഷിയും എത്ര സീറ്റ് പങ്കിടുമെന്ന് വ്യക്തമാക്കിയില്ല.

വോട്ടർ അധികാർ യാത്ര സൃഷ്‌ടിച്ച അനുകൂല തരംഗം തിരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്താൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തേജസ്വിയും സംയുക്ത റാലി നടത്തും. 28ന് മുന്നണി പ്രകടന പത്രിക പുറത്തിറക്കും. പാട്‌നയിൽ മഹാമുന്നണിയുടെ സംയുക്ത പത്രസമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടാണ് പ്രഖ്യാപനം നടത്തിയത്. തിരഞ്ഞെടുപ്പിനുശേഷം ഉപമുഖ്യമന്ത്രിയായി മറ്റു നേതാക്കളെയും പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തേജസ്വി ഊർജ്ജസ്വലനായ യുവ നേതാവാണെന്നും പ്രതീക്ഷകൾ നിറവേറ്റുമെന്നുമെന്നും ഗെലോട്ട് ചൂണ്ടിക്കാട്ടി.

സീറ്റ് വിഭജന ചർച്ചകളിലെ പ്രധാന തർക്കം തിരഞ്ഞെടുപ്പിന് മുമ്പ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആർ.ജെ.ഡി ആവശ്യം കോൺഗ്രസ് അംഗീകരിക്കാത്തതായിരുന്നു. കഴിഞ്ഞദിവസം ഗെലോട്ട് ആർ.ജെ.ഡി നേതാക്കളായ ലാലു പ്രസാദ്, തേജസ്വി എന്നിവരുമായി നടത്തിയ ചർച്ചയിൽ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായി.

സീറ്റ് ധാരണ സംബന്ധിച്ച പ്രഖ്യാപനമാണ് പ്രതീക്ഷിച്ചതെങ്കിലും

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സംയുക്ത പത്രസമ്മേളനമാണ് നടത്തിയത്. തേജസ്വി, കോൺഗ്രസ് നേതാക്കളായ ഗെലോട്ട്, പവൻ ഖേര, സംസ്ഥാന അദ്ധ്യക്ഷൻ രാജേഷ് റാം, കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലുവരു, വി.ഐ.പി നേതാവ് മുകേഷ് സഹാനി, സി.പി.ഐ (എം-എൽ) എൽ നേതാവ് ദീപങ്കർ ഭട്ടാചാര്യ എന്നിവർ പങ്കെടുത്തു. വാർത്താ സമ്മേളന വേദിയിൽ സ്ഥാപിച്ച ബാനറിൽ മഹാസഖ്യത്തിലെ മറ്റു നേതാക്കളെ അവഗണിച്ച് തേജസ്വിയുടെ ചിത്രം മാത്രം പതിച്ചതിനെ ബി.ജെ.പി പരിഹസിച്ചു.

നിതീഷിന്റെ അവസാന

തിരഞ്ഞെടുപ്പ്: തേജസ്വി

മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും എൻ.ഡി.എ മൗനം പാലിക്കുകയാണെന്ന് തേജസ്വി പറഞ്ഞു.

ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ ഒതുക്കാനാണ് അവരുടെ ശ്രമം. തിരഞ്ഞെടുപ്പിന് ശേഷം എം.എൽ.എമാർ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന അമിത് ഷായുടെ പ്രസ്‌താവന അതുറപ്പിക്കുന്നു. ഇത് നിതീഷിന്റെ അവസാന തിരഞ്ഞെടുപ്പാണ്. ജെ.ഡി.യു നേതാക്കൾ പാർട്ടിയെ ഇല്ലാതാക്കാൻ ബി.ജെ.പിക്ക് വേണ്ടി പ്രവർത്തിക്കുന്നു. ബി.ജെ.പിയുടെ ഇ.ഡി, സി.ബി.ഐ ഭീഷണികളിൽ വഴങ്ങില്ലെന്നും ബിഹാറിൽ ഭരണത്തിലെത്തിയാൽ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും തേജസ്വി പറഞ്ഞു.

  • നിർണായകം മഗധ് – ഭോജ്പൂർ മേഖല

എൻ.ഡി.എയ്‌ക്ക് ബീഹാറിൽ അധികാരം നിലനിറുത്താനും മഹാമുന്നണിക്ക് ഭരണം പിടിക്കാനും മഗധ്, ഭോജ്പൂർ മേഖലകളിലെ വോട്ടുകൾ നിർണായകമാകും. 2020ലെ തിരഞ്ഞെടുപ്പിൽ, മഗധ്-ഭോജ്പൂർ മേഖല മഹാമുന്നണിക്കൊപ്പമായിരുന്നു. അതിനാൽ എൻ.ഡി.എ ഇക്കുറി ഇവിടെ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്നു.

243 അംഗ ബീഹാർ നിയമസഭയിലെ 69 സീറ്റുകൾ മഗധ്, ഭോജ്പൂർ മേഖലയിലാണ്. അർവാൾ, ജഹാനാബാദ്, ഔറംഗാബാദ്, ഗയ, നവാഡ ജില്ലകൾ ഉൾപ്പെടുന്ന മഗധ് മേഖലയിലെ 26 സീറ്റുകളിൽ 2015 ൽ എൻ‌.ഡി‌.എ നേടിയത് വെറും ആറെണ്ണം. അന്ന് നിതീഷ് കുമാറും ജെ.ഡി.യുവും ആർ‌.ജെ‌.ഡി-കോൺഗ്രസ് സഖ്യത്തിനൊപ്പമായിരുന്നു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഈ മേഖലകളിൽ മുന്നിലെത്തി. പക്ഷേ പിന്നാലെ നടന്ന 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ഈ മണ്ഡലങ്ങളിൽ കണ്ടത് മഹാമുന്നണിയുടെ ആധിപത്യം.

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ ഗയയിൽ 12,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ചത് മഗധ് മേഖലയുടെ പ്രാധാന്യം മുന്നിൽ കണ്ടാണ്. മേഖലയിൽ സ്വാധീനമുള്ള ഭോജ്പുരി താരം പവൻ സിംഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിച്ചു. ഇദ്ദേഹം അകന്നുനിന്നത് രജപുത്ര വോട്ടുകൾ വിഭജിക്കാൻ കാരണമായിരുന്നു. ഷഹാബാദ്, ഭോജ്പൂർ മേഖലകളിൽ, പവൻ സിംഗിന് സവർണ വിഭാഗത്തെയും യുവാക്കളെയും ആകർഷിക്കാനാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു. ഗയ സദറിൽ നിന്ന് എട്ട് തവണ ജയിച്ച ഡോ. പ്രേം കുമാർ, വാരിസലിഗഞ്ചിൽ നിന്ന് നാല് തവണ എം.എൽ.എയായ അരുണ ദേവി എന്നിവർ ബി.ജെ.പിയിലെത്തി.

ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടർ അധികാർ യാത്ര മഗദ് മേഖലയ്‌ക്ക് ഏറെ പ്രാധാന്യം നൽകി. മുൻപ് തേജസ്വി ഒറ്റയ്‌ക്ക് ഇവിടെ യാത്ര നടത്തിയിരുന്നു. ആർ‌.ജെ‌.ഡിയിൽ ചേർന്ന മുൻ ജെ.ഡി.യു എം.പി ജഗദീഷ് ശർമ്മയുടെ മകൻ രാഹുൽ ശർമ്മ, ബങ്കയിൽ നിന്നുള്ള ജെ.ഡി.യു എം.പി ഗിർധാരി യാദവിന്റെ മകൻ ചാണക്യ പ്രകാശ്, മുൻ എൽ‌.ജെ‌.പി സ്ഥാനാർത്ഥി അജയ് കുശ്‌വാഹ എന്നിവർ മഗധ് മേഖലയിൽ സ്വാധീനമുള്ളവരാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടർ പരിഷ്‌കരണത്തെ തുടർന്ന് മഗധ് മേഖലയിൽ 1.6 ലക്ഷം പുതിയ വോട്ടർമാർ വന്നു ( 2.6 ശതമാനം വർദ്ധന). ഏകദേശം 65 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top