ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകവേ വാക്ശരങ്ങളുമായി പോരടിച്ച് നേതാക്കൾ. ഖഗാരിയയിലെ റാലിയിൽ മഹാസഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഞ്ഞടിച്ചു. ആർ.ജെ.ഡി അധികാരത്തിലെത്തിയാൽ ജംഗിൾ രാജ് തിരിച്ചുവരുമെന്നും
ജനങ്ങൾ ബുദ്ധിപൂർവ്വം വോട്ട് വിനിയോഗിക്കണമെന്നും ഷാ പറഞ്ഞു. എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയാൽ ബീഹാർ കൂടുതൽ വികസനത്തിലേക്ക് കുതിക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി മടക്കി അയയ്ക്കും. അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും ചരിത്രമാണ് മഹാസഖ്യത്തിലെ പാർട്ടികൾക്കുള്ളത്. നിതീഷ് കുമാർ സർക്കാർ കുറ്റകൃത്യങ്ങൾ കുറച്ചുവെന്നും ഷാ പറഞ്ഞു. ബീഹാറിനെ നയിക്കാനുള്ള കഴിവ് നിതീഷ് കുമാറിനിപ്പോൾ ഇല്ലെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തിരിച്ചടിച്ചു. മഹാസഖ്യം അധികാരത്തിലെത്തിയാൽ ബീഹാറിനെ നമ്പർ വൺ സംസ്ഥാനമാക്കും. ഒരു കുടുംബത്തിലെ ഒരംഗത്തിനെങ്കിലും സർക്കാർ ജോലി നൽകും. 20 ദിവസത്തിനകം ഇതിനായി നിയമനിർമ്മാണം നടത്തും. 20 മാസത്തിനകം റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാക്കുമെന്നും അലൗലിയിലെ റാലിയിൽ തേജസ്വി പറഞ്ഞു.
ഒരുകോടി തൊഴിലവസരങ്ങൾ
അധികാരത്തിലെത്തിയാൽ അഞ്ചുവർഷത്തിനിടെ ഒരുകോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്തെ തൊഴിലില്ലായ്‌മ മഹാസഖ്യം വ്യാപക പ്രചാരണ ആയുധമാക്കുന്നതിനിടെയാണ് പ്രഖ്യാപനം. അതേസമയം, ആർ.ജെ.ഡി നേതാവ് പ്രതിമ കുശ്വാഹ ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. താഴെത്തട്ടിലുള്ള നേതാക്കളെ ആർ.ജെ.ഡി മാനിക്കുന്നില്ലെന്ന് പ്രതികരിച്ചു.
ത്രിപുര സ്റ്റേറ്റ് റൈഫിൾസ് ബീഹാറിലേക്ക്
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 400ൽപ്പരം ത്രിപുര സ്റ്റേറ്റ് റൈഫിൾസ് സേനാംഗങ്ങൾ ബീഹാറിലേക്ക് തിരിച്ചു. പ്രത്യേക ട്രെയിനിലാണ് യാത്ര. ഇന്ന് പാട്നയിലെത്തും. നവംബർ 6, 11 തീയതികളിലാണ് വോട്ടെടുപ്പ്. 14ന് വോട്ടെണ്ണും.
- ബീഹാറിൽ അലയടിച്ച് പ്രാദേശിക ഗാനങ്ങൾ
ന്യൂഡൽഹി: ജാതിയും രാഷ്ട്രീയവും ഇഴചേർന്നു കിടക്കുകയാണ് ബീഹാർ രാഷ്ട്രീയത്തിൽ. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രാദേശിക ഗാനങ്ങളും ജാതി അടിസ്ഥാനമാക്കിയുള്ള പാട്ടുകളും റീലുകളും സജീവമാണ്. ഇവ പ്രചാരണത്തിന് അനിവാര്യമാണെന്ന നിലപാടിലാണ് പാർട്ടികൾ. ജാതി സമവാക്യത്തിലൂന്നിയുള്ള വരികൾ വോട്ടർമാർക്ക് കൃത്യമായ സന്ദേശം നൽകുന്നു. തങ്ങളുടെ വിഭാഗത്തിലെ നേതാവിനെ വിജയിപ്പിക്കാൻ വോട്ട് ഏകീകരണമാണ് ലക്ഷ്യം. പ്രാദേശിക ഗായകരുടെ പാട്ടുകൾ തെരുവുകളിലും സമൂഹ മാദ്ധ്യമങ്ങളിലും അലയടിക്കുകയാണ്. ഭോജ്പൂരി രാഷ്ട്രീയ ഗാനങ്ങളും, വീഡിയോകളും സജീവം. ഇൻഫ്ലുവേഴ്സും യുട്യൂബർമാരും കളത്തിലുണ്ട്. ലക്ഷക്കണക്കിനാളുകളാണ് ഇവ കാണുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ജാതി പേജുകളും തുറന്നു. യാദവ വോട്ടുകൾ ഏകീകരിക്കാനാണ് ആർ.ജെ.ഡി അനുകൂല റീലുകൾ. ഭൂമിഹർ ബ്രാഹ്മണർ, കുശ്വാഹ വിഭാഗക്കാരെ ഒപ്പം നിറുത്താനാണ് എൻ.ഡി.എ സമൂഹ മാദ്ധ്യമ വിഭാഗത്തിന്റെ ശ്രമം. നിതീഷ് കുമാർ സർക്കാരിന്റെ നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് കുർമി വിഭാഗവും സൈബർ പോരാട്ടത്തിൽ അണിചേർന്നു.
പൊലീസിന്റെ മുന്നറിയിപ്പ്
ഇത്തരത്തിലുള്ള വീഡിയോകൾക്കെതിരെ ബീഹാർ പൊലീസ് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കില്ലെന്നും പറയുന്നു. എന്നാൽ, ബീഹാറിലെ രാഷ്ട്രീയ സാഹചര്യത്തിൽ പൊലീസിന് എത്രത്തോളം ഇടപെടാൻ കഴിയുമെന്ന് രാഷ്ട്രീയവിദഗ്ദ്ധർ സംശയമുന്നയിക്കുന്നുണ്ട്.
എ.ഐ ദുരുപയോഗം വേണ്ട
ബീഹാർ തിരഞ്ഞെടുപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ദുരുപയോഗം തടയാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗനിർദ്ദേശങ്ങൾ നൽകി. രാഷ്ട്രീയ നേതാക്കളുടെ വൈകാരികമായ പ്രസംഗങ്ങൾ എ.ഐ വഴി പുനഃസൃഷ്‌ടിക്കുന്നത് അടക്കം തടയാനാണിത്. എ.ഐ വീഡിയോ ആണെങ്കിൽ അക്കാര്യം കൃത്യമായി രേഖപ്പെടുത്തണമെന്ന് പാർട്ടികളോട് കമ്മിഷൻ നിർദ്ദേശിച്ചു.
