തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ധർണയും ഉപരോധവും ആരംഭിച്ചു. വിവിധ ജില്ലയിൽ നിന്നുള്ള നൂറ് കണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നോർത്ത് ഗേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ,പി.കെ.കൃഷ്ണദാസ് തുടങ്ങി മുതിർന്ന നേതാക്കളും പ്രവർത്തകരും കനത്ത മഴയ അവഗണിച്ചും സമരത്തിലിരിക്കുകയാണ്. ഇന്ന് രാവിലെ 11ന് രാജീവ് ചന്ദ്രശേഖർ സമരം ഉദ്ഘാടനം ചെയ്യും.
ദൈവത്തിന്റെ സ്വർണം മോഷ്ടിച്ച ലോകത്തിലെ ആദ്യത്തെ സർക്കാർ പിണാറായി സർക്കാരാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. സർക്കാർ രാജിവച്ച് പോകേണ്ട സമയം അതിക്രമിച്ചു. പോറ്റിയെ ഉപയോഗിച്ചാണ് പിണാറായി സർക്കാർ സ്വർണ മോഷണം നടത്തിയത്. പോറ്റിയെയല്ല, പോറ്റിയെ പോറ്റി വളർത്തിയ പിണറായി വിജയനെയും സി.പി.എം നേതാക്കളെയുമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്യേണ്ടത്. ഇപ്പോഴത്തെ അന്വേഷണം തന്ത്രിമാരിലേക്കാണ് പോകുന്നതെന്നും തന്ത്രിമാരല്ല, മന്ത്രിമാരാണ് സ്വർണം കട്ടതെന്നും കൃഷ്ണദാസ് പറഞ്ഞു.ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം. ടി. രമേശ്, ശോഭാ സരേന്ദ്രൻ, അനൂപ് ആന്റണി, അഡ്വ. എസ്. സുരേഷ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
അയ്യന്റെ സ്വർണം പോറ്റി ബെല്ലാരി ജുവലറിയിൽ വിറ്റു
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്വർണപ്പാളികളിലെ സ്വർണം കർണാടകത്തിലെ സ്വർണവ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റു. ബെല്ലാരിയിലെ ഗോവർദ്ധനാണ് സ്വർണം വാങ്ങിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തി. പോറ്റിയുമായി തെളിവെടുപ്പിന് പ്രത്യേക അന്വേഷണ സംഘം കർണാടകയിലേക്ക് പോയി.
ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിൽപ്പനയ്ക്ക് കൊണ്ടുവന്നെന്നാണ് ഗോവർദ്ധൻ മൊഴി നൽകിയത്. സ്വർണം വിറ്റതായി പോറ്റിയും സമ്മതിച്ചു. പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജുവലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോൺസറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടർന്നു.
ഗോവർദ്ധൻ എന്ന
കൽപ്പേഷ്?
സ്വർണം കണ്ടെടുക്കാനായാൽ കേസ് ബലപ്പെടും. വേർതിരിച്ച സ്വർണം പോറ്റിയുടെ നിർദ്ദേശ പ്രകാരം കൽപ്പേഷ് എന്നയാളിന് നൽകിയെന്നാണ് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയുടെ മൊഴി. ഗോവർദ്ധൻ തന്നെയാണോ കൽപേഷ് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. കൽപ്പേഷിനെ തേടിയുള്ള അന്വേഷണമാണ് ഗോവർദ്ധനിലെത്തിയത്. പോറ്റിയുടെ ബംഗളുരുവിലെ വസതിയിലും സ്വർണപ്പാളികൾ പ്രദർശിപ്പിച്ച് പണം വാങ്ങിയ സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തും. സ്വർണ വിൽപ്പനയിലൂടെ ലഭിച്ച പണത്തിന്റെ ഒരു പങ്ക് പോറ്റിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
