അതിർത്തിയിൽ സൈനികാഭ്യാസം: ‘ത്രിശൂലി’നെ ഭയന്ന് വ്യോമപാത പൂട്ടി പാകിസ്ഥാൻ

ന്യൂഡൽഹി: പാക് അതിർത്തയിലെ സർ ക്രീക്കിന് സമീപം സംയുക്ത സൈനിക അഭ്യാസത്തിനൊരുങ്ങി ഇന്ത്യ. 30 മുതൽ നവംബർ 10 വരെയാണ് കര-നാവിക-വ്യോമ സേനകളുടെ ‘തൃശൂൽ” എന്ന സൈനികാഭ്യാസം നടക്കുക. ഇതോടനുബന്ധിച്ച് സൈനികേതര വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി 28നും 29നും ‘നോട്ടാം” (നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു. ഇതോടെ പാകിസ്ഥാൻ വ്യോമാതിർത്തിയിൽ സുരക്ഷ ശക്തമാക്കി. വ്യോമഗതാഗതം നിയന്ത്രിച്ചു. സൈനികാഭ്യാസത്തിനുപുറമേ ഇന്ത്യ ആയുധ പരീക്ഷണവും നടത്തിയേക്കും. ഇതുഭയന്നാണ് പാകിസ്ഥാന്റെ നീക്കം.

രാജസ്ഥാനിലെ ഥാർ മരുഭൂമിയുടെ സർ ക്രീക്കിനോട് ചേർന്ന പ്രദേശത്താണ് ത്രിശൂൽ നടക്കുക. 28,000 അടി വരെയുള്ള വ്യോമഭാഗമാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സമീപകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംയുക്ത സൈനിക അഭ്യാസങ്ങളിലൊന്നായിരിക്കും ഇത്. മൂന്ന് സേനകളുടെയും സംയുക്ത പ്രവർത്തന മികവ്, സ്വയം പര്യാപ്തത, നവീനത എന്നിവ പ്രകടമാക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സർ ക്രീക്ക് മേഖലയിൽ പ്രകോപനമുണ്ടായാൽ കനത്ത മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. സർ ക്രീക്കിനോട് ചേർന്ന പ്രദേശത്ത് പാകിസ്ഥാൻ സൈനിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നായിരുന്നു മുന്നറിയിപ്പ്.

12 ദിവസം,​ 30,000 സൈനികർ

 ഗുജറാത്തിനും പാകിസ്താനിലെ സിന്ധിനും ഇടയിൽ ജനവാസമില്ലാത്ത ചതുപ്പുനിലമാണ് സർ ക്രീക്ക്
 അഭ്യാസം രാജസ്ഥാനിലെ ജയ്‌സാൽമീറിൽ നിന്ന് തുടങ്ങി ഗുജറാത്തിലെ കച്ച് കടൽത്തീരം വരെ

 28,000 അടി വരെയുള്ള വ്യോമഭാഗമാണ് നിശ്ചയിച്ചിരിക്കുന്നത്

 12 ദിവസത്തെ അഭ്യാസത്തിൽ പങ്കെടുക്കുക 30,000 സൈനികർ

 ടി-90 എസ്, അർജ്ജുൻ ടാങ്ക്, അപ്പാച്ചെ ഹെലികോപ്ടറുകൾ, ഹെവി-ലിഫ്റ്റ് കോപ്ടറുകൾ തുടങ്ങി ഒട്ടേറെ ആയുധങ്ങൾ പരീക്ഷിക്കും

  • അതിർത്തി കാക്കാൻ എ.കെ- 203 ഷേർ റെഡി

കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ – 203 റൈഫിളുകൾ ഉടൻ കൈമാറും. അമേഠിയിലെ കോർവ ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മാണം പൂർത്തായായി. ‘ഷേ‌ർ’ എന്നാണ് മേക്ക് ഇൻ ഇന്ത്യ തോക്കുകൾക്ക് പേര്.

പാക് ഭീകരരുടെ നുഴഞ്ഞുകയറ്റം കൂടുതൽ ഫലപ്രദമായി നേരിടാൻ ഷേർ ഉപകരിക്കും. 2030ൽ സേനയിൽ 6 ലക്ഷം എ.കെ- 203 റൈഫിളുകളാണ് ടാർഗറ്റ്. ഇതിന് 5200 കോടി വകയിരുത്തിയിട്ടുണ്ട്. ബാരൽ, ട്രിഗർ എന്നിവയുടെ നിർമ്മാണം കാൺപൂർ സ്മാൾ ആംസ് ഫാക്ടറിയിലാണ്.

റഷ്യൻ നിർമ്മിത എ.കെ- 203 ഇപ്പോൾ സേന ഉപയോഗിക്കുന്നുണ്ട്. 800 മീറ്റർ അകലേക്ക് കൃത്യതയോടെ ഉന്നംവയ്ക്കാൻ കഴിയും. മിനിട്ടിൽ 700 റൗണ്ട് വെടിയുണ്ടകൾ പായിക്കാം. ഒരു മാഗസിനിൽ ഒരേസമയം 30 ബുള്ളറ്റ് നിറയ്ക്കാം. തൂക്കവും വലിപ്പവും കുറവായതിനാൽ കൈകാര്യവും എളുപ്പം. വെടിയുണ്ടകൾക്ക് 39 മില്ലീമിറ്റർ നീളവും 7.62 എം.എം വ്യാസവുമുണ്ടാകും.

എ.കെ- 203 വ്യാപകമാകുന്നതോടെ പഴയതലമുറയിലെ ഇൻസാസ് റൈഫിളുകൾ ഉപേക്ഷിക്കും. റഷ്യൻ കലാഷ്‌നികോവ് സീരീസിൽപ്പെട്ട എ.കെ- 47, എ.കെ- 56 തോക്കുകൾ സേനയിൽ തുടരും.

ഭാരം, നീളം കുറവ്

 എ.കെ- 203(ഷേർ)

നീളം: 705 എം.എം, ഭാരം: 3.8 കിലോ

 ഇൻസാസ് (ഇപ്പോൾ ഉപയോഗത്തിൽ)

നീളം: 960 എം.എം, ഭാരം: 4.15 കിലോ

സിഗ് 716ന്റെ

രാത്രിക്കാഴ്ച കൂട്ടും

യു.എസ് നിർമ്മിത സിഗ് 716 തോക്കുകളുടെ രാത്രിക്കാഴ്ച കൂട്ടുന്നതിന് 659 കോടിയുടെ കരാറിലും പ്രതിരോധമന്ത്രാലയം ഒപ്പിട്ടു. ‘ഇമേജ് ഇന്റൻസിഫയർ’ വാങ്ങാനാണിത്. ഇത് ഘടിപ്പിക്കുന്നതോടെ നക്ഷത്രവെളിച്ചം മാത്രമുള്ളപ്പോഴും 500 മീറ്റർ അകലേക്ക് ഉന്നംവയ്ക്കാം. സിഗ് 716 മേക്ക് ഇൻ ഇന്ത്യയിൽ നിർമ്മിക്കാനും ധാരണയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top